അഡോബിന്റെ സുരക്ഷ തകർത്ത അജ്ഞാതർ
2013-ൽ സോഫ്റ്റ്‌വെയർ ലോകത്തെ തന്നെ മാറ്റിമറിച്ചുകൊണ്ട്, 'ഒരിക്കലും വാങ്ങാൻ പറ്റാത്ത, വാടകയ്ക്ക് മാത്രം കിട്ടുന്ന' ഒരു പുതിയ ലോകം അഡോബി തുറന്നപ്പോൾ, അത് പൈറസിയുടെ അന്ത്യമാണെന്നാണ് എല്ലാവരും കരുതിയത്. കോടിക്കണക്കിന് ഡോളർ മുടക്കി പണിത ആ സുരക്ഷാ മതിലുകൾ, വെറും 48 മണിക്കൂർ... അതെ, വെറും രണ്ട് ദിവസം കൊണ്ട് ഒരു അദൃശ്യ സൈന്യം തകർത്തെറിഞ്ഞു എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?
ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത് വെറുമൊരു ഹാക്കിങ്ങിനെക്കുറിച്ചല്ല; കമ്പ്യൂട്ടറിന്റെ റാമിൽ (RAM) സമയത്തെ ഫ്രീസ് ചെയ്തു നിർത്തി, 'പൂജ്യം' എന്ന അക്കത്തെ 'ഒന്ന്' ആക്കി മാറ്റുന്ന, കണ്ണിന് കാണാൻ കഴിയാത്ത ഒരു മാജിക്കിനെക്കുറിച്ചാണ്. ഫ്ലോപ്പി ഡിസ്കുകളുടെ കാലത്ത് നിന്ന് തുടങ്ങി, യുഎസ്ബി ഡോംഗിളുകളെ വിഡ്ഢികളാക്കി, ഒടുവിൽ 'ക്ലൗഡ്' എന്ന അദൃശ്യ ലോകത്ത് എത്തി നിൽക്കുന്ന ഒരു ടെക്നോളജിക്കൽ യുദ്ധത്തിന്റെ കഥയാണിത്.
എങ്ങനെയാണ് 'The Scene' എന്ന് വിളിക്കപ്പെടുന്ന ആ അണ്ടർഗ്രൗണ്ട് ലോകം, വമ്പൻ കോർപ്പറേറ്റ് എൻജിനീയർമാരെ മുട്ടുകുത്തിച്ചത്? എന്താണ് ആരും കാണാത്ത ആ 'JNZ' എന്ന കോഡിന്റെ രഹസ്യം? ഇനിയിപ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസും ന്യൂറൽ ഫിൽറ്ററുകളും വന്നതോടുകൂടി, നിങ്ങളുടെ കമ്പ്യൂട്ടറിൽ ഇല്ലാത്ത ഒന്നിനെ നിങ്ങൾക്ക് ഹാക്ക് ചെയ്യാൻ പറ്റുമോ എന്ന ചോദ്യം ബാക്കിയാവുകയാണ്. ഇന്റർനെറ്റിന്റെ ഇരുളടഞ്ഞ ഇടനാഴികളിൽ നടന്ന, ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഈ 'പൂട്ടുപൊളിക്കൽ' കഥയുടെ ഉള്ളറകളിലേക്ക്, അതിന്റെ ടെക്നിക്കൽ വശങ്ങളിലേക്ക് നമുക്കൊന്ന് സഞ്ചരിച്ചാലോ?"
സോഫ്റ്റ്‌വെയർ എങ്ങനെ വിൽക്കണം, അതിൽ നിന്ന് എങ്ങനെ കാശുണ്ടാക്കണം എന്നതിനെക്കുറിച്ചുള്ള കമ്പനികളുടെ ചിന്താഗതി തന്നെ മാറ്റിമറിച്ച വർഷമായിരുന്നു 2013 june. ക്രിയേറ്റീവ് സോഫ്റ്റ്‌വെയർ രംഗത്തെ അതികായന്മാരായ Adobe Systems അന്ന് ഒരു പ്രഖ്യാപനം നടത്തി. അക്ഷരാർത്ഥത്തിൽ ഇൻഡസ്ട്രിയെ ഞെട്ടിച്ച ഒരു പ്രഖ്യാപനം. അതുവരെ ഉണ്ടായിരുന്ന അവരുടെ "Creative Suite" അഥവാ CS എന്ന രീതി അവർ അവസാനിപ്പിക്കുകയാണ്. പഴയ രീതി നമുക്കറിയാം, നമ്മൾ കടയിൽ പോകുന്നു, ഒരു ബോക്സ് വാങ്ങുന്നു, അതിനുള്ളിലെ ഡിസ്ക് ഉപയോഗിച്ച് സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്നു. ഒരിക്കൽ കാശ് കൊടുത്താൽ അത് നമ്മുടെ സ്വന്തം. ആ ലൈസൻസ് എന്നും നമുക്കുള്ളതാണ്. എന്നാൽ Adobe പറഞ്ഞു, "ഇനി അത് നടക്കില്ല. ആ കാലം കഴിഞ്ഞു". പകരം അവർ "Creative Cloud" അഥവാ CC എന്ന പുതിയൊരു സംഭവം അവതരിപ്പിച്ചു. ഇതൊരു സബ്സ്ക്രിപ്ഷൻ മോഡൽ ആണ്. അതായത്, മാസം തോറും വാടക കൊടുക്കുന്നത് പോലെ. ഇത് എപ്പോഴും ഇന്റർനെറ്റുമായി കണക്റ്റഡ് ആയിരിക്കും, എപ്പോഴും അപ്‌ഡേറ്റ് ആയിക്കൊണ്ടിരിക്കും, ഏറ്റവും പ്രധാനമായി... തിയററ്റിക്കലി പറഞ്ഞാൽ ഇത് ഹാക്ക് ചെയ്യാൻ പറ്റാത്ത അത്രയും സെക്യൂർ ആയിരിക്കും.
Adobe-യെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ ചൂതാട്ടം തന്നെയായിരുന്നു. മില്യൺ കണക്കിന് ഡോളറാണ് അവർ ഇതിനായി മുടക്കിയത്. അവരുടെ ലോജിക് വളരെ സിംപിൾ ആയിരുന്നു, അതോടൊപ്പം ആരെയും ആകർഷിക്കുന്നതുമായിരുന്നു. അതായത്, പഴയ CS കാലഘട്ടത്തിൽ ഒരാൾ സോഫ്റ്റ്‌വെയർ വാങ്ങി ക്രാക്ക് ചെയ്താൽ പിന്നെ ഒരിക്കലും കമ്പനിയുമായി ബന്ധപ്പെടേണ്ടി വരില്ലായിരുന്നു. "Fire-and-forget" എന്നായിരുന്നു ആ രീതിക്ക് പറഞ്ഞിരുന്നത്. എന്നാൽ പുതിയ ക്രിയേറ്റീവ് ക്ലൗഡ് അങ്ങനെയല്ല. ഓരോ 30 ദിവസം കൂടുമ്പോഴും സോഫ്റ്റ്‌വെയർ ഇന്റർനെറ്റ് വഴി Adobe-യുടെ സെർവറുമായി കണക്ട് ചെയ്ത് ലൈസൻസ് ചെക്ക് ചെയ്യണം. അങ്ങനെ വരുമ്പോൾ പൈറസി അല്ലെങ്കിൽ വ്യാജ സോഫ്റ്റ്‌വെയർ ഉപയോഗം പൂർണ്ണമായും ഇല്ലാതാകും എന്ന് അവർ വിശ്വസിച്ചു. വെറുമൊരു സീരിയൽ നമ്പർ എന്നതിലുപരി, ക്ലൗഡിൽ നിന്ന് മാത്രം ലഭിക്കുന്ന, ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കുന്ന ഒരു ഡിജിറ്റൽ ടോക്കൺ ഉപയോഗിച്ചാണ് ഈ പൂട്ട് നിർമ്മിച്ചിരിക്കുന്നത് എന്ന് അവർ അഹങ്കരിച്ചു. ചുരുക്കിപ്പറഞ്ഞാൽ, ഒരു ഡിജിറ്റൽ കോട്ട. ആർക്കും തകർക്കാൻ പറ്റാത്ത ഒരു ഡിജിറ്റൽ കോട്ടയാണ് തങ്ങൾ നിർമ്മിച്ചിരിക്കുന്നത് എന്ന് Adobe-യിലെ എൻജിനീയർമാരും എക്സിക്യൂട്ടീവുകളും ഉറച്ചു വിശ്വസിച്ചു.
ലോകം മുഴുവൻ ശ്വാസമടക്കിപ്പിടിച്ച് ഇത് നോക്കി നിന്നു. പ്രൊഫഷണൽ ക്രിയേറ്റീവ് ടൂളുകളുടെ പൈറസിക്ക് ഇതോടെ അറുതിവരും എന്നായിരുന്നു എല്ലാവരും കരുതിയത്. നിയമവിരുദ്ധമായി സോഫ്റ്റ്‌വെയർ ഷെയർ ചെയ്യുന്നതിന്റെ അന്ത്യം. പക്ഷേ, വിധിയുടെ വികൃതി എന്ന് പറയട്ടെ, വെറും രണ്ട് ദിവസം... അതെ, വെറും 48 മണിക്കൂർ മാത്രമാണ് ആ അഹങ്കാരത്തിന് ആയുസ്സുണ്ടായിരുന്നത്. ജൂൺ 19, 2013. ഒരിക്കലും തകർക്കാൻ പറ്റില്ല എന്ന് വിശേഷിപ്പിക്കപ്പെട്ട ക്രിയേറ്റീവ് ക്ലൗഡ് ലോഞ്ച് ചെയ്ത് രണ്ട് ദിവസം തികയുന്നതിന് മുൻപ് തന്നെ, ഫോട്ടോഷോപ്പ് CC 14.0-ന്റെ പൂർണ്ണമായി പ്രവർത്തിക്കുന്ന ഒരു വ്യാജ പതിപ്പ് ടോറന്റ് സൈറ്റുകളിലും പിയർ-ടു-പിയർ നെറ്റ്‌വർക്കുകളിലും പ്രത്യക്ഷപ്പെട്ടു. "ChingLiu" എന്ന പേരിൽ അറിയപ്പെടുന്ന ഒരു യൂസർ ആണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്. ആ ക്രാക്ക് വെറുതെ ആ സബ്സ്ക്രിപ്ഷൻ ചെക്കിനെ മറികടക്കുകയല്ല ചെയ്തത്, മറിച്ച് ആ ചെക്കിങ് സിസ്റ്റത്തെ അപ്പാടെ ഇല്ലാതാക്കുകയാണ് ചെയ്തത്. അത്ഭുതകരമല്ലേ? മില്യൺ കണക്കിന് ഡോളർ മുടക്കി ഉണ്ടാക്കിയ എൻക്രിപ്ഷൻ, നൂറുകണക്കിന് സെക്യൂരിറ്റി എൻജിനീയർമാരുടെ അധ്വാനം, Adobe Application Manager-ന്റെ ശക്തമായ കോഡിങ്... ഇതെല്ലാം, വെറുമൊരു പാഴ്സൽ അയക്കാൻ എടുക്കുന്ന സമയം കൊണ്ട് തകർത്തെറിയപ്പെട്ടു. റിവേഴ്സ് എൻജിനീയർമാരുടെ ഒരു അദൃശ്യ സൈന്യം, ഈ പുതിയ സുരക്ഷാ സംവിധാനത്തെ കണ്ടത് ഒരു തടസ്സമായിട്ടല്ല, മറിച്ച് ഒരു വെല്ലുവിളിയായിട്ടാണ്.
ഇത് എങ്ങനെ സംഭവിച്ചു എന്ന് മനസ്സിലാക്കണമെങ്കിൽ, നമ്മൾ സോഫ്റ്റ്‌വെയറുകളുടെ ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലണം. നമ്മൾ കാണുന്ന വർണ്ണാഭമായ സ്ക്രീനുകൾക്കും ബട്ടണുകൾക്കും അപ്പുറം, അസംബ്ലി കോഡുകളുടെയും മെമ്മറി രജിസ്റ്ററുകളുടെയും ക്രിപ്റ്റോഗ്രാഫിക് ഹാൻഡ്‌ഷേക്കുകളുടെയും ഒരു ബൈനറി ലോകമുണ്ട്. അവിടെ ചെന്നാലേ ഈ കഥയുടെ ഗുട്ടൻസ് പിടികിട്ടൂ. 1980-കളിലെ ഫ്ലോപ്പി ഡിസ്കുകൾ മുതൽ 2020-കളിലെ ന്യൂറൽ നെറ്റ്‌വർക്കുകൾ വരെ, ഈ "പൂട്ട്" എങ്ങനെയാണ് പരിണമിച്ചു വന്നത് എന്ന് നമ്മൾ അറിയണം. ഈ കഥ വെറുമൊരു മോഷണത്തിന്റെ കഥയല്ല. മറിച്ച്, ഇത് ഒരു ടെക്നോളജിക്കൽ ആംസ് റേസിന്റെ (Arms Race) കഥയാണ്. ഇതിൽ "The Scene" എന്ന് വിളിക്കപ്പെടുന്ന ഒരു അധോലോകമുണ്ട്. RELOADED, CORE, CPY എന്നിങ്ങനെ പേരുള്ള, ഹാക്കിങ്ങിനെ ഒരു സ്പോർട്സ് ആയി കാണുന്ന സംഘങ്ങളുടെ കഥയാണിത്. ഒപ്പം SafeDisc, SecuROM തുടങ്ങിയ പഴയകാല സുരക്ഷാ കോട്ടകളുടെയും, ഹാർഡ്‌വെയർ ഡോംഗിളുകളുടെയും, സോഫ്റ്റ്‌വെയറിനെ കമ്പ്യൂട്ടറിന്റെ ഹാർഡ്‌വെയറുമായി ബന്ധിപ്പിക്കുന്ന ഡിജിറ്റൽ ഫിംഗർപ്രിന്റിങ്ങിന്റെയും സാങ്കേതിക വശങ്ങളും നമ്മൾ പരിശോധിക്കേണ്ടതുണ്ട്.
Adobe ക്രിയേറ്റീവ് ക്ലൗഡ് ഹാക്കിന്റെ ആഴം മനസ്സിലാക്കാൻ, അതിന് മുൻപ് പരാജയപ്പെട്ട ചരിത്രപരമായ പരീക്ഷണങ്ങളെക്കുറിച്ച് നമ്മൾ ആദ്യം അറിഞ്ഞിരിക്കണം. സത്യം പറഞ്ഞാൽ, ആന്റി-പൈറസിയുടെ ചരിത്രം എന്ന് പറയുന്നത്, ഫിസിക്കൽ ലോകത്തെ നിയന്ത്രണങ്ങളെ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അനുകരിക്കാൻ ശ്രമിച്ചതിന്റെ ചരിത്രമാണ്. 1980-കളിലും 90-കളിലും കൊമേഴ്സ്യൽ സോഫ്റ്റ്‌വെയറുകൾ ഇറങ്ങി തുടങ്ങിയ സമയത്ത്, അവയുടെ പ്രൊട്ടക്ഷൻ വളരെ പ്രാകൃതമായിരുന്നു. അന്നത്തെ പൂട്ട് എന്ന് പറയുന്നത് ഒരു കോഡ് മാത്രമായിരുന്നു. നിങ്ങൾ ഒരു സോഫ്റ്റ്‌വെയർ വാങ്ങുമ്പോൾ, നിങ്ങൾക്ക് ഒരു ഫ്ലോപ്പി ഡിസ്കും അതോടൊപ്പം ഒരു കടലാസിൽ എഴുതിയ സീരിയൽ നമ്പറും കിട്ടും. ഇതിന്റെ ലോജിക് വളരെ സിംപിൾ ആയിരുന്നു. സോഫ്റ്റ്‌വെയർ നിങ്ങളോട് ഒരു കോഡ് ചോദിക്കുന്നു, നിങ്ങൾ ആ പേപ്പറിൽ ഉള്ള നമ്പർ ടൈപ്പ് ചെയ്യുന്നു. സോഫ്റ്റ്‌വെയർ ആ നമ്പറിൽ ഒരു കണക്ക് കൂട്ടൽ നടത്തുന്നു.
പക്ഷേ, അന്നത്തെ ഹാക്കർമാർക്ക് പെട്ടെന്ന് തന്നെ ഒരു കാര്യം മനസ്സിലായി. ഈ വാലിഡേഷൻ ലോജിക് ആ സോഫ്റ്റ്‌വെയറിനുള്ളിൽ തന്നെയാണുള്ളത്. അതായത്, നിങ്ങൾ ടൈപ്പ് ചെയ്യുന്ന കീ ശരിയാണോ എന്ന് സോഫ്റ്റ്‌വെയറിന് ശരിക്കും അറിയില്ല. മറിച്ച്, ആ കീ ഒരു ഗണിത സമവാക്യം ശരിവെക്കുന്നുണ്ടോ എന്ന് മാത്രമേ അത് നോക്കുന്നുള്ളൂ. ഉദാഹരണത്തിന്, നമ്മൾ ടൈപ്പ് ചെയ്യുന്ന അക്ഷരങ്ങളുടെ വാല്യൂ എല്ലാം കൂടി കൂട്ടുമ്പോൾ അത് ഏഴ് കൊണ്ട് ഹരിക്കാൻ പറ്റുന്ന സംഖ്യയാണോ എന്ന് നോക്കുക. ഇത് മനസ്സിലാക്കിയതോടെ "The Humble Guys" അല്ലെങ്കിൽ "Razor 1911" പോലുള്ള ഗ്രൂപ്പുകൾ ആ സോഫ്റ്റ്‌വെയറിന്റെ കോഡ് അഴിച്ചു പരിശോധിക്കാൻ തുടങ്ങി. അവർ ആ അൽഗോരിതം കണ്ടുപിടിക്കുകയും, അതിന് വിപരീതമായി പ്രവർത്തിക്കുന്ന "Key Generator" അഥവാ "Keygen" എന്ന ചെറിയ പ്രോഗ്രാമുകൾ ഉണ്ടാക്കുകയും ചെയ്തു. അതായത്, A + B = 10 എന്നാണ് സോഫ്റ്റ്‌വെയറിന്റെ നിയമമെങ്കിൽ, കൂട്ടിയാൽ 10 കിട്ടുന്ന കുറെ സംഖ്യകൾ ഉണ്ടാക്കി തരുന്ന പ്രോഗ്രാമാണ് കീ-ജെൻ. അത് ഉപയോഗിച്ച് ആർക്കും ആ പൂട്ട് തുറക്കാം. ഇവിടെയാണ് ക്ലയന്റ്-സൈഡ് വാലിഡേഷന്റെ ഏറ്റവും വലിയ ദൗർബല്യം വെളിപ്പെട്ടത്: പൂട്ടും, താക്കോലും, അത് എങ്ങനെ ഉണ്ടാക്കി എന്ന ബ്ലൂപ്രിന്റും എല്ലാം ഇരിക്കുന്നത് എതിരാളിയുടെ കയ്യിൽ തന്നെയാണ്.
പിന്നീട് സിഡി-റോമുകൾ (CD-ROM) വന്നതോടെ കളി മാറി. സീരിയൽ നമ്പറുകൾ കൂട്ടുകാർക്ക് ഷെയർ ചെയ്യാൻ എളുപ്പമാണെന്ന് കമ്പനികൾക്ക് മനസ്സിലായി. അതുകൊണ്ട് സോഫ്റ്റ്‌വെയറിനെ ആ ഫിസിക്കൽ ഡിസ്കിലേക്ക് ബന്ധിപ്പിക്കാൻ അവർ തീരുമാനിച്ചു. അങ്ങനെയാണ് "Disc Check" കാലഘട്ടം വരുന്നത്. Macrovision-ന്റെ SafeDisc, Sony-യുടെ SecuROM എന്നിവയായിരുന്നു അന്നത്തെ വമ്പന്മാർ. ഇവരെ മാർക്കറ്റ് ചെയ്തത് "ഡിജിറ്റൽ കോട്ടകൾ" എന്നായിരുന്നു. സാധാരണ സിഡി റൈറ്ററുകൾക്ക് പകർത്താൻ പറ്റാത്ത ചില ഫിസിക്കൽ തകരാറുകൾ ഒറിജിനൽ ഡിസ്കിൽ മനപ്പൂർവ്വം വരുത്തിയാണ് ഇവർ സംരക്ഷണം ഒരുക്കിയത്.
1998-ൽ വന്ന SafeDisc-ന്റെ കാര്യം നോക്കാം. "Defective by design" എന്നതായിരുന്നു അവരുടെ തത്വം. ഒറിജിനൽ സിഡി നിർമ്മിക്കുമ്പോൾ അതിൽ ഒരു ഡിജിറ്റൽ സിഗ്നേച്ചർ ഒളിപ്പിച്ചു വെക്കും. സാധാരണ സിഡി കോപ്പി ചെയ്യുന്നവർക്ക് ഡാറ്റ പകർത്താൻ പറ്റുമെങ്കിലും, ഈ സിഗ്നേച്ചർ അല്ലെങ്കിൽ ആ സ്പെഷ്യൽ എറർ പാറ്റേണുകൾ പകർത്താൻ പറ്റില്ലായിരുന്നു. ഗെയിം ഇൻസ്റ്റാൾ ചെയ്യുമ്പോൾ "secdrv.sys" എന്നൊരു ഡ്രൈവർ കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ആകും. നമ്മൾ ഗെയിം ഓപ്പൺ ചെയ്യുമ്പോൾ, യഥാർത്ഥ ഗെയിം ഫയൽ എൻക്രിപ്റ്റ് ചെയ്ത നിലയിലായിരിക്കും ഉണ്ടാവുക. ഈ ഡ്രൈവർ സിഡി കറക്കി നോക്കി, ഒറിജിനൽ ആണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ ആ ഫയലിനെ ഡീക്രിപ്റ്റ് ചെയ്ത് ഗെയിം റൺ ചെയ്യൂ. പൊളിക്കാൻ പറ്റാത്ത സിസ്റ്റം എന്നായിരുന്നു അവരുടെ അവകാശവാദം. പക്ഷേ, വിശ്വസിക്കുമോ? വെറും ഏഴ് ദിവസം കൊണ്ട് ഹാക്കർമാർ അത് പൊളിച്ചടുക്കി.
ഹാക്കർമാർ കണ്ടെത്തിയ പഴുത് വളരെ രസകരമാണ്. അവർക്ക് ആ ഫിസിക്കൽ ഡിസ്കിലെ തകരാറുകൾ കോപ്പി ചെയ്യേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. കാരണം, ഈ പ്രൊട്ടക്ഷൻ സിസ്റ്റം ഗെയിം തുടങ്ങുമ്പോൾ മാത്രമേ പ്രവർത്തിക്കൂ. ഒരിക്കൽ ചെക്കിങ് കഴിഞ്ഞ് ഗെയിം റൺ ആയാൽ, ഡീക്രിപ്റ്റ് ചെയ്ത കോഡ് കമ്പ്യൂട്ടറിന്റെ റാമിൽ (RAM) വന്ന് കിടക്കും. ഹാക്കർമാർ ഒറിജിനൽ ഡിസ്ക് ഇട്ട് ഗെയിം റൺ ചെയ്യും, എന്നിട്ട് ആ കോഡ് റാമിൽ എത്തുന്ന വരെ കാത്തിരിക്കും. റാമിൽ എത്തിക്കഴിഞ്ഞാൽ, പ്രത്യേക ടൂളുകൾ ഉപയോഗിച്ച് ആ മെമ്മറി ഡമ്പ് (Dump) ചെയ്ത് എടുക്കും. എന്നിട്ട് ആ ഡീക്രിപ്റ്റ് ചെയ്ത കോഡ് വെച്ച് പുതിയൊരു ഫയൽ ഉണ്ടാക്കും. അതായത്, ഗേറ്റ് കീപ്പറെ കൊണ്ട് വാതിൽ തുറപ്പിച്ചു, എന്നിട്ട് ഗേറ്റ് കീപ്പറെ ഒഴിവാക്കി അകത്തു കയറി എന്ന് പറയുന്ന പോലെ.
SecuROM കുറച്ചുകൂടി അഡ്വാൻസ്ഡ് ആയിരുന്നു. അവർ ലെയേർഡ് എൻക്രിപ്ഷനും നിരന്തരമായ നിരീക്ഷണവും കൊണ്ടുവന്നു. ഗെയിം കളിച്ചുകൊണ്ടിരിക്കുമ്പോഴും ഡിസ്ക് ഉണ്ടോ എന്ന് അവർ ഇടയ്ക്കിടെ നോക്കും. "Twin Sectors" എന്നൊരു വിദ്യ അവർ ഉപയോഗിച്ചു. ഡിസ്കിലെ ഒരേ അഡ്രസ്സിൽ രണ്ട് വ്യത്യസ്ത ഡാറ്റകൾ വെക്കും. സാധാരണ ഡ്രൈവുകൾക്ക് ഇത് വായിക്കാൻ പറ്റില്ല. അതുപോലെ നമ്മൾ വെർച്വൽ ഡ്രൈവുകൾ (DAEMON Tools പോലുള്ളവ) ഉപയോഗിക്കുന്നുണ്ടോ എന്നും അവർ സ്കാൻ ചെയ്യും. പക്ഷേ, ഇതിനും മറുപടി ഉണ്ടായി. "Y.A.S.U" പോലുള്ള ടൂളുകൾ ഉപയോഗിച്ച് ഹാക്കർമാർ വെർച്വൽ ഡ്രൈവുകളെ ഒളിപ്പിച്ചു വെച്ചു. അവസാനം, ഈ സെക്യൂരിറ്റി സിസ്റ്റങ്ങൾ കാശ് കൊടുത്തു വാങ്ങുന്ന ഉപഭോക്താക്കൾക്ക് വലിയ തലവേദനയായി മാറി, അതേസമയം പൈറേറ്റഡ് വേർഷൻ ഉപയോഗിക്കുന്നവർ സുഖമായി ഗെയിം കളിക്കുകയും ചെയ്തു. ഡിജിറ്റൽ കോട്ട അവസാനം ഉപഭോക്താവിനുള്ള ജയിലായി മാറി എന്ന് വേണം പറയാൻ.
ചില കമ്പനികൾ, പ്രത്യേകിച്ച് CAD, മ്യൂസിക് പ്രൊഡക്ഷൻ പോലുള്ള വിലകൂടിയ സോഫ്റ്റ്‌വെയർ ഉണ്ടാക്കുന്നവർ, "ഡോംഗിൾ" (Dongle) എന്ന വജ്രായുധം പുറത്തെടുത്തു. ഇതൊരു യുഎസ്ബി ഡിവൈസ് ആണ്. സോഫ്റ്റ്‌വെയർ എപ്പോഴും യുഎസ്ബി പോർട്ടിലേക്ക് നോക്കും. "ഹലോ, നീ അവിടെ ഉണ്ടോ?" എന്ന് ചോദിക്കും. അപ്പോൾ ഡോംഗിൾ തിരിച്ചൊരു രഹസ്യ കോഡ് അയക്കും. ഒരു യുഎസ്ബി സ്റ്റിക്ക് ഇന്റർനെറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ പറ്റില്ലല്ലോ, അതുകൊണ്ട് പൈറസി നടക്കില്ല എന്നായിരുന്നു തിയറി. പക്ഷേ, ഹാക്കർമാർ ഇതിനെയും നേരിട്ടത് "ഫേക്ക് സെർവർ" ഉണ്ടാക്കുന്ന അതേ ലോഗിക് വെച്ചാണ്. യുഎസ്ബി സ്നിഫർ (Sniffer) ടൂളുകൾ ഉപയോഗിച്ച് സോഫ്റ്റ്‌വെയറും ഡോംഗിളും തമ്മിലുള്ള സംഭാഷണം അവർ റെക്കോർഡ് ചെയ്തു. "ചോദ്യം: A, ഉത്തരം: B". അങ്ങനെ ആയിരക്കണക്കിന് ചോദ്യോത്തരങ്ങൾ റെക്കോർഡ് ചെയ്ത് അവർ "ഡോംഗിൾ എമുലേറ്ററുകൾ" ഉണ്ടാക്കി. സോഫ്റ്റ്‌വെയർ യുഎസ്ബി പോർട്ടിലേക്ക് നോക്കുമ്പോൾ, ഈ എമുലേറ്റർ അവിടെ നിന്ന് മറുപടി കൊടുക്കും. ഫിസിക്കൽ ആയ ഒരു സാധനത്തെ അവർ വെർച്വൽ ആക്കി മാറ്റി.
ഇന്റർനെറ്റ് വ്യാപകമായതോടെ, ഡിസ്കുകളും ഡോംഗിളുകളും വലിയ ബാധ്യതയാണെന്ന് കമ്പനികൾക്ക് മനസ്സിലായി. അങ്ങനെയാണ് "ഓൺലൈൻ ആക്റ്റിവേഷൻ" അഥവാ DRM (Digital Rights Management) വരുന്നത്. ക്രിയേറ്റീവ് ക്ലൗഡിന്റെ തൊട്ടു മുൻഗാമി. ഇവിടെ സെക്യൂരിറ്റി ഗാർഡ് ഗേറ്റിൽ മാത്രമല്ല, എപ്പോഴും നമ്മുടെ കൂടെയുണ്ട്. നമ്മൾ മോഡേൺ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുമ്പോൾ, അത് നമ്മുടെ കമ്പ്യൂട്ടറിനെ സ്കാൻ ചെയ്ത് ഒരു "ഡിജിറ്റൽ ഫിംഗർപ്രിന്റ്" അല്ലെങ്കിൽ HWID ഉണ്ടാക്കും. നമ്മുടെ മാക് അഡ്രസ്സ്, ഹാർഡ് ഡിസ്ക് സീരിയൽ നമ്പർ, സിപിയു ഐഡി, മദർബോർഡ് ഐഡി... ഇതെല്ലാം കൂടി ചേർത്ത് ഒരു യുണീക്ക് കോഡ് ഉണ്ടാക്കും. എന്നിട്ട് സോഫ്റ്റ്‌വെയർ ഇന്റർനെറ്റ് വഴി അഡോബിയുടെ സെർവറിലേക്ക് വിളിക്കും. "ഇതാ എന്റെ കീ, ഇതാ എന്റെ ഫിംഗർപ്രിന്റ്. ഞാൻ വാലിഡ് ആണോ?". സെർവർ തിരിച്ച് "അതെ, ഈ കമ്പ്യൂട്ടറിന് അനുമതി നൽകിയിരിക്കുന്നു" എന്ന് പറഞ്ഞ് ഒരു ലൈസൻസ് ഫയൽ അയക്കും. കേൾക്കുമ്പോൾ തോന്നും ഇത് പൊളിക്കാൻ പറ്റില്ലെന്ന്. കാരണം സത്യം ഇരിക്കുന്നത് സെർവറിലാണ്. പക്ഷേ, ഹാക്കർമാർക്ക് മനസ്സിലായി, ഈ സംഭാഷണം തടയേണ്ട കാര്യമില്ല, അത് "ഫ്രീസ്" ചെയ്താൽ മതി എന്ന്.
ഇത് എങ്ങനെ ചെയ്തു എന്ന് ചോദിച്ചാൽ, അതിനൊരു ഉത്തരമേ ഉള്ളൂ: IDA Pro. ഹാക്കിങ് ലോകത്തെ ഇതിഹാസ ടൂൾ. സോഫ്റ്റ്‌വെയറുകളെ എക്സ്-റേ എടുത്ത് നോക്കുന്ന പോലെയാണിത്. ഫോട്ടോഷോപ്പിന്റെ സുന്ദരമായ ഇന്റർഫേസിനു പകരം, ഹാക്കർമാർ കാണുന്നത് അതിന്റെ പച്ചയായ അസംബ്ലി കോഡുകളാണ്. പൂട്ട് പൊളിക്കാൻ ഹാക്കർമാർ "ഡീബഗ്ഗർ" (Debugger) ഉപയോഗിച്ച് ഫോട്ടോഷോപ്പ് റൺ ചെയ്യും. സിനിമയൊക്കെ പോസ് ചെയ്യുന്നത് പോലെ, സോഫ്റ്റ്‌വെയർ റൺ ആകുന്നതിനിടയിൽ എപ്പോൾ വേണമെങ്കിലും നമുക്ക് അത് ഫ്രീസ് ചെയ്യാം. ലൈസൻസ് ചെക്ക് ചെയ്യുന്ന ഫങ്ഷനിൽ അവർ ഒരു "ബ്രേക്ക് പോയിന്റ്" വെക്കും. ഫോട്ടോഷോപ്പ് സെർവറിലേക്ക് മെസ്സേജ് അയക്കും, മറുപടി വരാൻ കാത്തിരിക്കും. സെർവർ "ഇല്ല, ലൈസൻസ് ഇല്ല" എന്ന് മറുപടി അയക്കുന്ന ആ നിമിഷം... ഹാക്കർ പ്രോഗ്രാം ഫ്രീസ് ചെയ്യും.
ഈ ഫ്രീസ് ചെയ്ത അവസ്ഥയിൽ, പ്രോഗ്രാം റാമിൽ അനങ്ങാതെ നിൽക്കുകയാണ്. സിപിയു രജിസ്റ്ററുകൾ പരിശോധിക്കാൻ ഹാക്കർക്ക് പറ്റും. EAX രജിസ്റ്റർ ആയിരിക്കും മിക്കവാറും റിസൾട്ട് സൂക്ഷിക്കുന്നത്. 0 എന്നാൽ വിജയം, 1 എന്നാൽ പരാജയം എന്നൊക്കെയാകാം. അവിടെ ഒരു ട്രാഫിക് ലൈറ്റ് പോലെ "Zero Flag" ഉണ്ട്. അസംബ്ലി കോഡിൽ JNZ (Jump if Not Zero) എന്നൊരു ഇൻസ്ട്രക്ഷൻ ഉണ്ടാകും. "റിസൾട്ട് സീറോ അല്ലെങ്കിൽ (ലൈസൻസ് ഇല്ലെങ്കിൽ), എറർ മെസ്സേജിലേക്ക് പോകൂ" എന്നാകും അതിന്റെ അർത്ഥം. ഇതാണ് ആ വഴിത്തിരിവ്. ഹാക്കർക്ക് ഒറിജിനൽ സീരിയൽ നമ്പറോ, അഡോബിയുടെ സെർവർ ഹാക്ക് ചെയ്യേണ്ടതോ ആയ യാതൊരു ആവശ്യവുമില്ല. അവർ വെറുമൊരു "ഹെക്സ് എഡിറ്റർ" (Hex Editor) എടുത്ത് ആ JNZ എന്ന കോഡ് മാറ്റി JMP (Jump) എന്നാക്കും. അല്ലെങ്കിൽ NOP (No Operation) എന്നാക്കും. അതായത്, ഫോട്ടോഷോപ്പിനോട് പറയുകയാണ്: "ലൈസൻസ് ഉണ്ടോ ഇല്ലയോ എന്നത് നോക്കേണ്ട, എറർ മെസ്സേജ് കാണിക്കാതെ നേരെ സോഫ്റ്റ്‌വെയർ ഓപ്പൺ ആക്കിയാൽ മതി". അഡോബിയുടെ സെർവർ എത്ര ഒച്ചയെടുത്ത് "ഇവൻ കള്ളനാണ്" എന്ന് പറഞ്ഞാലും, ലോക്കൽ ഫയലിലെ ഈയൊരു മാറ്റം കാരണം സോഫ്റ്റ്‌വെയർ അത് കേൾക്കില്ല.
ഇനി നമുക്ക് 2013-ലെ ആ സംഭവത്തിലേക്ക് തിരിച്ചു വരാം. ക്രിയേറ്റീവ് ക്ലൗഡ് വന്നപ്പോൾ, അഡോബി ഈ ചെക്കിങ് എല്ലാം കൂടി "amtlib.dll" എന്ന ഒറ്റ ലൈബ്രറി ഫയലിലേക്ക് മാറ്റിയിരുന്നു. ഫോട്ടോഷോപ്പും ഇല്ലസ്ട്രേറ്ററും എല്ലാം ലൈസൻസ് ചോദിക്കുന്നത് ഈ ഫയലിനോടാണ്. ജൂൺ 19-ന് ChingLiu റിലീസ് ചെയ്ത ആ ക്രാക്ക് വേറൊന്നുമല്ല, ഈ amtlib.dll എന്ന ഫയലിന്റെ ഒരു മോഡിഫൈഡ് വേർഷൻ ആയിരുന്നു. യൂസർമാരോട് അവർ പറഞ്ഞു: "ഒറിജിനൽ ട്രയൽ വേർഷൻ ഇൻസ്റ്റാൾ ചെയ്യൂ, എന്നിട്ട് ഈ ഫയൽ കൊണ്ട് റീപ്ലേസ് ചെയ്യൂ". നമ്മൾ ആ ഫയൽ മാറ്റുന്നതോടെ, ഫോട്ടോഷോപ്പ് ചോദിക്കും "ഇവൻ സബ്സ്ക്രൈബർ ആണോ?". നമ്മൾ ഇട്ട വ്യാജ ഫയൽ പറയും "പിന്നല്ലാതെ, ഇദ്ദേഹം ലൈഫ് ടൈം മെമ്പർ ആണ്". അഡോബിയുടെ റിയൽ സെർവറിലേക്ക് കണക്ട് ചെയ്യാൻ അത് സമ്മതിക്കില്ല. ക്ലൗഡും കമ്പ്യൂട്ടറും തമ്മിലുള്ള ബന്ധം അവിടെ അറ്റു.
ഇതുകൂടാതെ "ഫേക്ക് സെർവറുകൾ" ഉണ്ടാക്കുന്ന പരിപാടിയും ഉണ്ടായിരുന്നു. വിൻഡോസിലെ "hosts" ഫയൽ എഡിറ്റ് ചെയ്ത്, അഡോബിയുടെ വെബ്സൈറ്റ് അഡ്രസ്സുകൾ (ഉദാഹരണത്തിന് activate.adobe.com) "127.0.0.1" എന്ന ലോക്കൽ അഡ്രസ്സിലേക്ക് തിരിച്ചുവിടും. ഫോട്ടോഷോപ്പ് വീട്ടിലേക്ക് വിളിക്കാൻ നോക്കുമ്പോൾ, അത് സ്വന്തം കമ്പ്യൂട്ടറിലേക്ക് തന്നെ വിളിക്കും. ഇതിന്റെ ഏറ്റവും അഡ്വാൻസ്ഡ് ആയ രൂപമായിരുന്നു PainteR എന്ന റിവേഴ്സർ ഉണ്ടാക്കിയ "AMTEmu". ഇത് വെറുതെ ബ്ലോക്ക് ചെയ്യുകയല്ല, മറിച്ച് അഡോബിയുടെ സെർവറിനെ അനുകരിക്കുകയാണ് ചെയ്തത്. "ഹലോ, ഞാൻ അഡോബി സെർവർ ആണ്. നിങ്ങളുടെ ലൈസൻസ് 2099 വരെ വാലിഡ് ആണ്" എന്ന് അത് സോഫ്റ്റ്‌വെയറിനോട് കള്ളം പറയും.
അഡോബി ഇതിനെതിരെ "Integrity Checks" (ഫയലിൽ മാറ്റം വരുത്തിയിട്ടുണ്ടോ എന്ന് നോക്കൽ) കൊണ്ടുവന്നപ്പോൾ, ഹാക്കർമാർ "Loaders" എന്ന ടെക്നിക് ഇറക്കി. ഇതൊരു മാജിക്കാണ്. നമ്മൾ ഒറിജിനൽ ഫോട്ടോഷോപ്പ് ഫയലിനെ തൊടുകയേ ഇല്ല. പകരം നമ്മൾ ലോഡർ റൺ ചെയ്യും. ലോഡർ ഫോട്ടോഷോപ്പിനെ മെമ്മറിയിൽ ഓപ്പൺ ചെയ്യും, പക്ഷേ പ്രവർത്തിക്കാൻ സമ്മതിക്കില്ല (Suspended State). എന്നിട്ട് ഒരു സിറിഞ്ച് വെച്ച് മരുന്ന് കുത്തിവെക്കുന്ന പോലെ, റാമിൽ ഇരിക്കുന്ന ഫോട്ടോഷോപ്പിന്റെ മെമ്മറിയിലേക്ക് ക്രാക്ക് കോഡ് ഇൻജക്റ്റ് ചെയ്യും. എന്നിട്ട് പറയും "ഇനി റൺ ചെയ്തോ". ഹാർഡ് ഡിസ്കിൽ നോക്കിയാൽ എല്ലാ ഫയലും ഒറിജിനൽ. കമ്പ്യൂട്ടർ ഓഫ് ചെയ്താൽ തെളിവുകൾ മാഞ്ഞുപോകും. ഇതിനെയാണ് "In-Memory Patching" എന്ന് പറയുന്നത്.
പക്ഷേ, അവസാനം അഡോബിക്ക് കാര്യം മനസ്സിലായി. യൂസറുടെ കമ്പ്യൂട്ടറിൽ റൺ ചെയ്യുന്ന എന്തും ഹാക്ക് ചെയ്യപ്പെടും. അതുകൊണ്ട് അവർ പുതിയ തന്ത്രം ഇറക്കി: "Neural Filters". ഫോട്ടോഷോപ്പ് 2021-ൽ വന്ന ഫീച്ചറുകൾ. ഇവിടെ പ്രോസസ്സിങ്ങ് നടക്കുന്നത് നമ്മുടെ കമ്പ്യൂട്ടറിലല്ല, അഡോബിയുടെ ക്ലൗഡിലാണ്. നമ്മൾ ഒരു ഫോട്ടോ കൊടുത്താൽ, അത് അഡോബിയുടെ സെർവറിലെ വമ്പൻ ജിപിയു ക്ലസ്റ്ററുകളിൽ പോയി പ്രോസസ്സ് ചെയ്ത് തിരിച്ചു വരും. ഇത് പ്രവർത്തിക്കണമെങ്കിൽ സെർവറിൽ വാലിഡ് ആയ ലോഗിൻ വേണം. ഡെസ്ക്ടോപ്പ് ആപ്പ് ക്രാക്ക് ചെയ്താലും, സെർവറിലെ ബുദ്ധിയെ ക്രാക്ക് ചെയ്യാൻ പറ്റില്ലല്ലോ. അതുകൊണ്ട്, ഇപ്പോഴത്തെ ക്രാക്ക്ഡ് വേർഷനുകളിൽ പലപ്പോഴും ഈ ഫീച്ചറുകൾ വർക്ക് ചെയ്യില്ല. അല്ലെങ്കിൽ നമ്മൾ വലിയ ഫയലുകൾ ഡൗൺലോഡ് ചെയ്ത് മാന്വൽ ആയി പേസ്റ്റ് ചെയ്യേണ്ടി വരും. ഇതാണ് പുതിയ മതിൽ. നിങ്ങളുടെ കയ്യിലില്ലാത്ത സാധനത്തെ നിങ്ങൾക്ക് ക്രാക്ക് ചെയ്യാൻ പറ്റില്ലല്ലോ.ai tools also
ഇതൊക്കെ ചെയ്യുന്ന "The Scene" എന്ന് പറയുന്ന ഈ ടീംസ്... ഇവർ വെറുമൊരു ആൾക്കൂട്ടമല്ല കേട്ടോ. RELOADED, CORE, CPY, CODEX തുടങ്ങിയ ഗ്രൂപ്പുകൾ കോർപ്പറേറ്റ് കമ്പനികളെക്കാൾ ഡിസിപ്ലിൻ ഉള്ളവരാണ്. ഇവർക്ക് സപ്ലയർമാർ ഉണ്ട് (റിലീസിന് മുൻപേ ഗെയിം ചോർത്തി നൽകുന്നവർ), ക്രാക്കർമാർ ഉണ്ട് (റിവേഴ്സ് എൻജിനീയറിങ് ജീനിയസുകൾ), ടെസ്റ്റർമാർ ഉണ്ട്. ഇവർ ഇതൊന്നും ചെയ്യുന്നത് കാശിന് വേണ്ടിയല്ല. ഇവർക്ക് വേണ്ടത് "Prestige" അഥവാ അന്തസ്സാണ്. ആരാണ് ആദ്യം പൂട്ട് പൊളിക്കുന്നത് എന്ന മത്സരമാണിത്. "0-Day" റിലീസ് ആണ് ലക്ഷ്യം. ഒരു ഗ്രൂപ്പ് ഇറക്കിയ ക്രാക്കിന് കുഴപ്പമുണ്ടെങ്കിൽ, അടുത്ത ഗ്രൂപ്പ് "PROPER" എന്ന പേരിൽ നല്ലത് ഇറക്കും. അതോടെ ആദ്യത്തെ ഗ്രൂപ്പിന് നാണക്കേടാകും. ഓരോ റിലീസിനൊപ്പവും ".nfo" എന്നൊരു ടെക്സ്റ്റ് ഫയൽ ഉണ്ടാകും. അതിൽ ASCII ആർട്ടും, ഇൻസ്റ്റലേഷൻ വഴികളും, ചിലപ്പോൾ എതിരാളികൾക്കുള്ള വെല്ലുവിളികളും ഉണ്ടാകും. ഡിജിറ്റൽ ലോകത്തെ ചുവരെഴുത്തുകളാണിവ. ഇവർക്ക് അവരുടേതായ ഒരു എത്തിക്സ് ഉണ്ട്. ബാങ്കിങ് സോഫ്റ്റ്‌വെയറോ, മിലിട്ടറി, മെഡിക്കൽ സോഫ്റ്റ്‌വെയറുകളോ ഇവർ ക്രാക്ക് ചെയ്യില്ല. കോർപ്പറേറ്റ് അത്യാഗ്രഹത്തെയാണ് ഇവർ ലക്ഷ്യം വെക്കുന്നത്. "ഇഷ്ടപ്പെട്ടാൽ കാശ് കൊടുത്തു വാങ്ങൂ, ഡെവലപ്പേഴ്സ് അത് അർഹിക്കുന്നു" എന്ന് പറഞ്ഞാണ് മിക്കവാറും അവരുടെ കുറിപ്പുകൾ അവസാനിക്കുന്നത്.
ഈ കഥ നമ്മളെ പഠിപ്പിക്കുന്നത് ഒരൊറ്റ കാര്യമാണ്. ഡിജിറ്റൽ യുഗത്തിലെ ഒരു പ്രമാണം: ഒരു പ്രോസസ്സറിന് നിർദ്ദേശങ്ങൾ അനുസരിക്കാൻ കഴിയുമെങ്കിൽ, ഒരു മനുഷ്യന് ആ നിർദ്ദേശങ്ങൾ മാറ്റാനും കഴിയും. സെക്യൂരിറ്റി എന്നത് ഐസൊലേഷനിലൂടെ മാത്രമേ സാധ്യമാകൂ. താക്കോൽ ഫിസിക്കൽ ആയിരുന്നപ്പോൾ നമ്മൾ അത് ഡ്യൂപ്ലിക്കേറ്റ് ചെയ്തു, സീരിയൽ നമ്പർ വന്നപ്പോൾ നമ്മൾ കണക്കുകൂട്ടി എടുത്തു, ഓൺലൈൻ ചെക്ക് വന്നപ്പോൾ നമ്മൾ അതിനെ കബളിപ്പിച്ചു. അഡോബി ഇപ്പോൾ ക്ലൗഡിലേക്ക് മാറിയപ്പോൾ, പൂട്ട് പൊളിക്കാൻ പറ്റാത്ത അവസ്ഥയായി, കാരണം പൂട്ടിയിട്ടിരിക്കുന്ന മുറി വേറെ എവിടെയോ ആണ്. എന്നാലും, "Scene" വിട്ടു കൊടുക്കാൻ തയ്യാറല്ല. ഓഫ്ലൈൻ മോഡലുകൾ വെച്ചും, സെർവർ എമുലേഷൻ വെച്ചും യുദ്ധം തുടരുകയാണ്. ഓരോ ഡിജിറ്റൽ കോട്ട പണിയുമ്പോഴും, സമയം മരവിപ്പിച്ച് നിർത്തി, കാവൽക്കാരെ കബളിപ്പിച്ച് അകത്തു കയറാൻ ഒരു മാന്ത്രികൻ വാതിലിന് പുറത്ത് കാത്തുനിൽപ്പുണ്ടാകും. എന്തായാലും, ഈ കഥ ഇവിടെ അവസാനിക്കുന്നില്ല... നന്ദി.
More in Case Studies
YouTube Videos
Your support helps us create quality content
Comments (0)
Login to leave a comment
Join the conversation and share your thoughts. Your opinions are valuable to us.