ആശയവിനിമയങ്ങൾ എന്തുകൊണ്ടാണ് നിരന്തരം പരാജയപ്പെടുന്നത്?
നിങ്ങൾ ഇതിനുമുമ്പും ഇതേപോലൊരു അനുഭവത്തിലൂടെ ഉറപ്പായും കടന്നുപോയിട്ടുണ്ടാകും. ഒരുപക്ഷെ കൃത്യമായി ഇതേ വാക്കുതർക്കമായിരിക്കില്ല, എന്നാൽ ഇതിന്റെ അതേ സ്വഭാവമുള്ള ഏതോ ഒരു നിമിഷം നിങ്ങളുടെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. അല്പമൊന്ന് ആലോചിച്ചുനോക്കൂ. നിങ്ങളുടെ പങ്കാളി നിങ്ങളോട് വളരെ സാധാരണമായ ഒരു വാചകം പറയുന്നു. എന്നാൽ നിങ്ങളുടെ ചെവിയിലും മനസ്സിലും എത്തുമ്പോൾ അത് തികച്ചും വ്യത്യസ്തമായ മറ്റൊരു വാചകമായി മാറുന്നു. എങ്ങനെയാണെന്നറിയില്ല, വെറും നാലേ നാല് സെക്കൻഡുകൾക്കുള്ളിൽ നിങ്ങൾ രണ്ടുപേരും ഒരു തർക്കത്തിലേക്ക് വീഴുകയാണ്. അവിടെ കൗതുകമുള്ള കാര്യം എന്തെന്നുവെച്ചാൽ, നിങ്ങൾ രണ്ടുപേരും തർക്കിക്കുന്നത് ഒരേ കാര്യത്തെക്കുറിച്ചായിരിക്കില്ല, മറിച്ച് പരസ്പരം യാതൊരു ബന്ധവുമില്ലാത്ത തികച്ചും വ്യത്യസ്തമായ രണ്ട് വിഷയങ്ങളെക്കുറിച്ചായിരിക്കും. അല്ലെങ്കിൽ നിങ്ങളുടെ പതിനേഴാമത്തെ വയസ്സിൽ മാതാപിതാക്കൾ നിങ്ങളോട് പറഞ്ഞ ഏതെങ്കിലും ഒരു കാര്യം ഓർത്തുനോക്കൂ. അവരുടെ മനസ്സിൽ അത് നിങ്ങളോടുള്ള അളവറ്റ സ്നേഹവും കരുതലും സംരക്ഷണവും ആയിരുന്നിരിക്കാം. പക്ഷെ നിങ്ങളുടെ തലച്ചോർ ആ നിമിഷത്തിൽ അതിനെ എങ്ങനെയാണ് പ്രോസസ്സ് ചെയ്തത് എന്ന് ഓർക്കുന്നുണ്ടോ? നിങ്ങളെ നിയന്ത്രിക്കാനും നിങ്ങളുടെ സ്വാതന്ത്ര്യം തടയാനുമുള്ള ഒരു ശ്രമം എന്ന നിലയിലാണ് നിങ്ങളുടെ തലച്ചോർ അതിനെ വ്യാഖ്യാനിച്ചത്. ഇവിടെ പുറത്തുവന്ന വാക്കുകൾ ഒന്നുതന്നെയായിരുന്നു. പക്ഷെ ഒരേ മുറിയിൽ, ഒരേ സമയം, രണ്ട് മനുഷ്യരുടെ തലച്ചോറുകളിൽ നടന്നത് തികച്ചും വ്യത്യസ്തമായ രണ്ട് സംഭവങ്ങളാണ്. ഇനി സ്കൂളിൽ പഠിക്കുന്ന കാലത്ത് നിങ്ങളുടെ അധ്യാപകൻ ഒരു ബുദ്ധിമുട്ടുള്ള വിഷയം രണ്ട് തവണ വിശദീകരിച്ചുതന്നത് ഓർക്കുന്നുണ്ടോ? രണ്ടാമത്തെ തവണ കുറച്ചുകൂടി പതുക്കെ, ഒരുപക്ഷെ ശബ്ദം കുറച്ചുകൂടി ഉയർത്തിക്കൊണ്ടായിരിക്കാം അവർ അത് പറഞ്ഞുതന്നത്. എന്നിട്ടും നിങ്ങൾക്ക് അത് മനസ്സിലായില്ല. അതിന് കാരണം നിങ്ങൾ ശ്രദ്ധിക്കാത്തതുകൊണ്ട് മാത്രമായിരുന്നില്ല. മറിച്ച്, യഥാർത്ഥത്തിൽ അവിടെ എന്താണോ തകരാറിലായത്, അത് വെറുതെ ഒന്നുകൂടി സാവധാനത്തിൽ ആവർത്തിച്ചു വിശദീകരിച്ചതുകൊണ്ട് മാത്രം പരിഹരിക്കപ്പെടുന്ന ഒന്നായിരുന്നില്ല എന്നതാണ് സത്യം. മറ്റൊരു ഉദാഹരണം നോക്കാം. നിങ്ങളുടെ ബോസ് ഒരു സായാഹ്നത്തിൽ വാട്സാപ്പിൽ ഒരു വരി മെസ്സേജ് അയക്കുന്നു. അതിൽ ഒരു കുത്തോ കോമയോ പോലുമില്ല, വെറുമൊരു വരി. അത് വായിക്കുന്ന നിമിഷം മുതൽ നിങ്ങളുടെ ആ സായാഹ്നം മുഴുവൻ മാനസികമായി നശിക്കുകയാണ്. ഞാൻ എന്തെങ്കിലും വലിയ തെറ്റ് ചെയ്തോ, അതോ ഇനി എന്റെ ജോലി പോകുമോ, നാളെ ഓഫീസിൽ എന്താണ് സംഭവിക്കാൻ പോകുന്നത് എന്നൊക്കെയുള്ള ചിന്തകളായിരിക്കും പിന്നീട് നിങ്ങളുടെ മനസ്സിൽ മുഴുവൻ ഓടിയെത്തുന്നത്.
നമ്മൾ ആരും സ്വയം ചോദിക്കാൻ ധൈര്യപ്പെടാത്ത ഒരു അടിസ്ഥാന ചോദ്യമുണ്ട്. കാരണം ഇതിന്റെ ഉത്തരം നമുക്കറിയാം എന്നൊരു വ്യാജമായ ആത്മവിശ്വാസവും അഹങ്കാരവും നമ്മുടെ ഉള്ളിൽ എപ്പോഴുമുണ്ട്. എന്തുകൊണ്ടാണ് രണ്ട് മനുഷ്യർ ഒരേ വാചകം, ഒരേ ശബ്ദത്തിൽ കേൾക്കുമ്പോഴും അതിൽ നിന്നും തികച്ചും വ്യത്യസ്തമായ രണ്ട് അർത്ഥങ്ങൾ മനസ്സിലാക്കുന്നത്? ഇതിന് മിക്ക ആളുകളും നൽകുന്ന ഏറ്റവും എളുപ്പമുള്ള ഉത്തരം ആശയവിനിമയത്തിലെ പോരായ്മ എന്നാണ്. ആരോ ഒരാൾ വ്യക്തമായി സംസാരിച്ചില്ല, അല്ലെങ്കിൽ കേട്ടയാൾ കൃത്യമായി ശ്രദ്ധിച്ചില്ല, വാക്കുകൾ കുറച്ചുകൂടി സൂക്ഷിച്ച് ഉപയോഗിച്ചാൽ പ്രശ്നം തീരും എന്ന് നമ്മൾ കരുതുന്നു. എന്നാൽ ശാസ്ത്രീയമായി നോക്കിയാൽ ആ ഉത്തരം പൂർണ്ണമായും തെറ്റാണ്. അങ്ങനെ വിശ്വസിക്കുന്നതുകൊണ്ടാണ് നിങ്ങളുടെ ജീവിതകാലം മുഴുവൻ വ്യത്യസ്ത ആളുകളുമായി ഒരേ കാര്യത്തിന്മേൽ നിങ്ങൾ വീണ്ടും വീണ്ടും തർക്കിച്ചുകൊണ്ടേയിരിക്കുന്നത്. കാരണം ആശയവിനിമയം എന്നത് ഒരിക്കലും സംസാരിക്കുന്നതിനെക്കുറിച്ചോ ശബ്ദമുണ്ടാക്കുന്നതിനെക്കുറിച്ചോ ആയിരുന്നില്ല. യഥാർത്ഥത്തിൽ ആശയവിനിമയം എന്ന് പറയുന്നത് നിങ്ങളുടെ മനസ്സിലുള്ള അതേ ചിത്രം അതേപടി മറ്റൊരാളുടെ തലച്ചോറിനുള്ളിൽ പുനർനിർമ്മിച്ചെടുക്കുക എന്നതാണ്. എന്നാൽ അതിനായി നമ്മൾ ഉപയോഗിക്കുന്ന ടൂൾ, അതായത് ഭാഷ, ഒരിക്കലും ചിത്രങ്ങളും വികാരങ്ങളും നേരിട്ട് കൈമാറാൻ ഡിസൈൻ ചെയ്യപ്പെട്ട ഒന്നല്ല. നമ്മൾ ഭാഷയോട് ചെയ്യാൻ ആവശ്യപ്പെടുന്ന ഈ സങ്കീർണ്ണമായ ജോലിക്ക് ലോകത്തിലെ ഏറ്റവും മോശപ്പെട്ട മാധ്യമം വാക്കുകളാണ് എന്നതാണ് യാഥാർത്ഥ്യം. നിർഭാഗ്യവശാൽ ഈ ഒരു വലിയ സത്യം ആരും നമുക്ക് പറഞ്ഞുതന്നിട്ടില്ല.
ഇനി പറയാൻ പോകുന്ന കാര്യം കേൾക്കുമ്പോൾ ചിലപ്പോൾ നിങ്ങൾക്ക് ചെറിയൊരു അസ്വസ്ഥത തോന്നിയേക്കാം. അതിനാൽ തുറന്ന മനസ്സോടെ അത് ഉൾക്കൊള്ളാൻ ശ്രമിക്കുക. നിങ്ങളുടെ തലച്ചോർ യഥാർത്ഥത്തിൽ ഈ പുറംലോകത്തെ അതേപടി അനുഭവിച്ചറിയുകയല്ല ചെയ്യുന്നത്, മറിച്ച് അത് സ്വന്തമായി ഒരു ലോകം നിങ്ങളുടെ ഉള്ളിൽ നിർമ്മിച്ചെടുക്കുകയാണ്. അത് വെറുതെ കാര്യങ്ങളെ വ്യാഖ്യാനിക്കുകയോ പ്രോസസ്സ് ചെയ്യുകയോ അല്ല ചെയ്യുന്നത്, ഓരോ സെക്കൻഡിലും പൂർണ്ണമായും പൂജ്യത്തിൽ നിന്ന് അത് യാഥാർത്ഥ്യത്തെ നിർമ്മിക്കുകയാണ്. അപ്പൊ സംഭവം എന്താണെന്ന് വെച്ചാൽ, നിങ്ങളുടെ തലച്ചോറിലേക്ക് നേരിട്ട് പ്രവേശിക്കുന്നത് ഈ ലോകമല്ല, വെറും ശബ്ദങ്ങളും വെളിച്ചങ്ങളും സിഗ്നലുകളായി മാത്രമാണ്. നമ്മുടെ കണ്ണുകളിലേക്ക് എത്തുന്ന പ്രകാശകിരണങ്ങളെയും ചെവികളിലേക്ക് എത്തുന്ന ശബ്ദതരംഗങ്ങളെയും തലച്ചോർ വെറും ഇലക്ട്രിക്കൽ സിഗ്നലുകളായി മാത്രമാണ് കാണുന്നത്. തലച്ചോർ ഒരിക്കലും ഒരു മനുഷ്യന്റെ മുഖം നേരിട്ട് കാണുന്നില്ല. അതിന് ലഭിക്കുന്നത് പല തീവ്രതയിലുള്ള പ്രകാശത്തിന്റെ ചിതറലുകൾ മാത്രമാണ്. ആ ഇൻപുട്ടുകളെ വെച്ച്, അവിശ്വസനീയമായ വേഗതയിൽ തലച്ചോർ ഒരു ഊഹം നടത്തുകയാണ്, ഈ പ്രകാശ പാറ്റേൺ മിക്കവാറും ഒരു മുഖമായിരിക്കാം എന്ന്. ഇതൊരു കാവ്യാത്മകമായ ഉപമയല്ല, മറിച്ച് ന്യൂറോസയൻസിൽ ഇന്ന് ഗൗരവമായി ചർച്ച ചെയ്യപ്പെടുന്നതും ശക്തമായ തെളിവുകളുള്ളതുമായ ഒരു പ്രധാന മോഡലാണിത്. ഇതിനെ പ്രഡിക്റ്റീവ് പ്രോസസ്സിംഗ് എന്നാണ് ശാസ്ത്രലോകം വിളിക്കുന്നത്. കാൾ ഫ്രിസ്റ്റണെപ്പോലുള്ള പ്രശസ്ത ന്യൂറോ സയന്റിസ്റ്റുകളും ആൻഡി ക്ലാർക്കിനെപ്പോലുള്ള തത്വചിന്തകരും വ്യക്തമാക്കുന്ന ഒരു കാര്യമുണ്ട്; തലച്ചോർ എന്ന് പറയുന്നത് അടിസ്ഥാനപരമായി ഒരു പ്രവചന യന്ത്രമാണ്. അത് വിവരങ്ങൾ പുറത്തുനിന്ന് ലഭിക്കാൻ കാത്തിരുന്ന് അതിനുശേഷം അത് പതുക്കെ മനസ്സിലാക്കുകയല്ല ചെയ്യുന്നത്. പകരം, ജനനം മുതൽ ഇതുവരെ കണ്ടതും കേട്ടതും അറിഞ്ഞതുമായ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ ഇനി അടുത്ത സെക്കൻഡിൽ എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് അത് മുൻകൂട്ടി പ്രവചിച്ചുകൊണ്ടിരിക്കുകയാണ്. ആ പ്രവചനവും യഥാർത്ഥത്തിൽ സംഭവിക്കുന്ന കാര്യവും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ മാത്രമേ തലച്ചോർ അതിൽ കാര്യമായി ശ്രദ്ധ കൊടുക്കുന്നുള്ളൂ.
അതുകൊണ്ട് നിങ്ങളുടെ തലച്ചോറിലേക്ക് ഒരു വാചകം എത്തുമ്പോൾ, അത് വെറുതെ വായുവിൽ നിന്ന് അതിന്റെ യഥാർത്ഥ അർത്ഥം നേരിട്ട് വേർതിരിച്ചെടുക്കുകയല്ല ചെയ്യുന്നത്. ആ ശബ്ദത്തെ സ്വീകരിച്ച ശേഷം വളരെ വേഗത്തിൽ അതിലെ വിടവുകൾ സ്വന്തമായി നികത്തുകയാണ് തലച്ചോർ ചെയ്യുന്നത്. ഇതിനായി അഞ്ച് പ്രധാന കാര്യങ്ങളാണ് തലച്ചോർ ഉപയോഗിക്കുന്നത്. ഒന്നാമത്തേത് നിങ്ങൾക്ക് പുറത്തുനിന്ന് ലഭിച്ച ശബ്ദം എന്ന ഇൻപുട്ട്. രണ്ടാമത്തേത് ആ നിമിഷത്തിൽ നിങ്ങളുടെ തലച്ചോർ നടത്തിയ പ്രവചനം. മൂന്നാമത്തേത് പഴയ ഓർമ്മകൾ. നാലാമത്തേത് നിങ്ങളുടെ മുൻകാല അനുഭവങ്ങൾ. അഞ്ചാമത്തേത് ആ നിമിഷത്തിലെ നിങ്ങളുടെ വൈകാരികാവസ്ഥയും പ്രതീക്ഷകളും. ഈ അഞ്ച് കാര്യങ്ങളിൽ ആദ്യത്തെ കാര്യം, അതായത് ആ ശബ്ദം മാത്രമാണ് യഥാർത്ഥത്തിൽ പുറത്ത് ഉച്ചരിക്കപ്പെട്ടത്. ബാക്കി നാല് കാര്യങ്ങളും നിങ്ങളുടെ തലച്ചോർ സ്വന്തമായി ഉണ്ടാക്കിയെടുത്തതാണ്. ഇതൊന്ന് പരിശോധിക്കാൻ നമുക്കൊരു ചെറിയ പരീക്ഷണം നടത്തിനോക്കാം. 'നമുക്ക് സംസാരിക്കാനുണ്ട്' എന്ന ഈ ഒരു വാചകം നിങ്ങൾ ഇപ്പോൾ തന്നെ അഞ്ച് വ്യത്യസ്ത ആളുകൾക്ക് അയച്ചുനോക്കുക. നിങ്ങൾക്ക് അഞ്ച് വ്യത്യസ്ത വൈകാരിക പ്രതികരണങ്ങളായിരിക്കും ലഭിക്കുക. ഒന്നാമത്തെയാൾക്ക് ഇത് വായിക്കുമ്പോൾ വലിയ ഭയമായിരിക്കും തോന്നുക, കാരണം അവസാനമായി ഒരാൾ അങ്ങനെ പറഞ്ഞപ്പോഴാണ് അവരുടെ ജീവിതത്തിലെ വലിയൊരു ബന്ധം തകർന്നുപോയത്. രണ്ടാമത്തെയാൾക്ക് വല്ലാത്ത ദേഷ്യമായിരിക്കും വരിക, കാരണം അവരുടെ സഹോദരനോ സുഹൃത്തോ എല്ലാ ചെറിയ തർക്കങ്ങൾക്ക് മുമ്പും സ്ഥിരമായി പറയുന്ന ഡയലോഗ് ഇതാണ്, അതിനാൽ ആ വാചകത്തിന് യാതൊരു വിലയുമില്ലാതായിരിക്കുന്നു. മൂന്നാമത്തെയാൾക്ക് വെറും കൗതുകം മാത്രമായിരിക്കും തോന്നുക, കാരണം മുൻപ് ഇത്തരം മോശം അനുഭവങ്ങൾ ഒന്നും ഇല്ലാത്തതിനാൽ അവരുടെ തലച്ചോറിന് ഇതിനെ ഭയത്തോടെ കാണേണ്ട കാര്യമില്ല. നാലാമത്തെയാൾക്ക് വലിയ കുറ്റബോധം തോന്നും, കാരണം താൻ എന്തോ തെറ്റ് ചെയ്തിട്ടുണ്ട് എന്ന് അവർക്ക് ഉള്ളിൽ നന്നായി അറിയാം. എന്നാൽ അഞ്ചാമത്തെ വ്യക്തിക്ക് യാതൊരു വികാരവും ഉണ്ടാകില്ല, അവർ വേറെ ഏതോ ചിന്തയിലായതുകൊണ്ട് ആ വാചകം അവരുടെ മനസ്സിൽ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് തന്നെ മാഞ്ഞുപോകും. ഒരേ വാചകം, ഒരേ വാക്കുകൾ, ഒരേ ടോൺ. പക്ഷെ അഞ്ച് പേരുടെ തലച്ചോറിൽ നിർമ്മിക്കപ്പെട്ടത് തികച്ചും വ്യത്യസ്തമായ അഞ്ച് യാഥാർത്ഥ്യങ്ങളാണ്! സൈക്കോളജിസ്റ്റുകൾ ഇതിനെ ടോപ്പ്-ഡൗൺ പ്രോസസ്സിംഗ് എന്നാണ് വിളിക്കുന്നത്. അതായത് ഇത്തരമൊരു സാഹചര്യം ഉണ്ടായാൽ അതിനർത്ഥം ഇതാണ് എന്ന് നിങ്ങളുടെ തലച്ചോറിൽ മുൻകൂട്ടി തയ്യാറാക്കിവെച്ചിട്ടുള്ള ചില മാതൃകകളുണ്ട്. നിങ്ങൾ ആ വാചകം മുഴുവൻ കേട്ട് തീരുന്നതിന് മുൻപ് തന്നെ ആ മാതൃകകൾ നിങ്ങളുടെ ചിന്തകളെ സ്വാധീനിക്കുന്നു. യഥാർത്ഥത്തിൽ നിങ്ങൾ 'നമുക്ക് സംസാരിക്കാനുണ്ട്' എന്നല്ല കേൾക്കുന്നത്, മറിച്ച് നിങ്ങളുടെ തന്നെ ഭൂതകാലത്തെയാണ് ആ നാല് വാക്കുകളുടെ രൂപത്തിൽ നിങ്ങൾ കേൾക്കുന്നത്.
ഈ അഞ്ച് പ്രതികരണങ്ങളും കൃത്യമായി ഓർത്തുവെക്കൂ, കാരണം ഇവിടെ നിന്നാണ് നമ്മുടെ അടുത്ത വലിയ പ്രശ്നം ആരംഭിക്കുന്നത്. ഇനി നമ്മൾ ആശയവിനിമയത്തിൽ വരുത്തുന്ന ഏറ്റവും വലിയ തെറ്റ് എന്താണെന്ന് പറയാം, അത് നിങ്ങൾ പൊതുവെ ചിന്തിക്കുന്ന കാര്യങ്ങളൊന്നുമല്ല. നിങ്ങൾ അധികം സംസാരിക്കുന്നതോ, കുറച്ച് സംസാരിക്കുന്നതോ, അല്ലെങ്കിൽ വളരെ വേഗത്തിൽ സംസാരിക്കുന്നതോ ഒന്നുമല്ല യഥാർത്ഥ പ്രശ്നം. മറിച്ച്, നിങ്ങൾ നടത്തുന്ന ഒട്ടുമിക്ക സംഭാഷണങ്ങൾക്കും പിന്നിൽ അദൃശ്യമായി പ്രവർത്തിക്കുന്ന ഒരു തെറ്റായ അടിസ്ഥാന ധാരണയുണ്ട്. 'എല്ലാവരും ചിന്തിക്കുന്നത് എന്നെപ്പോലെ തന്നെയാണ്' എന്നതാണ് ആ അബദ്ധ ധാരണ. നിങ്ങളിത് ഒരിക്കലും ഉറക്കെ പുറത്ത് പറയില്ല. ആരെങ്കിലും നേരിട്ട് ചോദിച്ചാൽ പോലും നിങ്ങളിത് സമ്മതിച്ചുതരില്ല. പക്ഷെ നിങ്ങൾ ഒരു കാര്യം വിശദീകരിക്കുമ്പോൾ, "ഇത് ഇത്ര വ്യക്തമായി പറഞ്ഞിട്ടും ഇവർക്കെന്താ മനസ്സിലാകാത്തത്?" എന്ന് നിങ്ങൾ ചിന്തിക്കുന്ന ഓരോ നിമിഷവും, ഈയൊരു തെറ്റായ ധാരണയാണ് നിങ്ങളെ നിയന്ത്രിക്കുന്നത്. സോഷ്യൽ സൈക്കോളജിസ്റ്റുകൾ ഇതിനൊരു പേര് നൽകിയിട്ടുണ്ട്: ഫോൾസ് കൺസെൻസസ് എഫക്ട്. 1977-ൽ ലീ റോസ്, ഡേവിഡ് ഗ്രീൻ, പമേലാ ഹൗസ് എന്നീ പ്രശസ്ത ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇതിനെക്കുറിച്ച് വ്യക്തമാക്കുന്നത്. മറ്റുള്ളവരും തങ്ങളുടെ അതേ വിശ്വാസങ്ങളും മുൻഗണനകളും വൈകാരിക പ്രതികരണങ്ങളും പങ്കുവെക്കുന്നുണ്ട് എന്ന് ആളുകൾ എപ്പോഴും അമിതമായി വിശ്വസിക്കുന്നു എന്നാണ് അവർ കണ്ടെത്തിയത്. നിങ്ങൾക്ക് ഒരു കാര്യം വളരെ ലളിതമായി തോന്നുകയാണെങ്കിൽ, മറ്റെല്ലാ യുക്തിബോധമുള്ള ആളുകൾക്കും അത് ലളിതമായിരിക്കുമെന്ന് നിങ്ങളുടെ തലച്ചോർ നിശബ്ദമായി അനുമാനിക്കുന്നു. നിങ്ങൾക്ക് ഒരു കാര്യം വളരെ മോശമായി തോന്നിയാൽ, മറ്റെല്ലാവർക്കും അത് മോശമായി തോന്നുമെന്ന് നിങ്ങൾ സ്വയം വിശ്വസിക്കുന്നു. ഇതൊരു അഹങ്കാരമല്ല, മറിച്ച് നമ്മുടെ തലച്ചോർ പ്രവർത്തിക്കാൻ ഡിസൈൻ ചെയ്യപ്പെട്ടിരിക്കുന്ന രീതി അങ്ങനെയാണ്.
ഇവിടെ നമ്മൾ ഒരു പടികൂടി ആഴത്തിലേക്ക് പോകേണ്ടതുണ്ട്. കാരണം ഇതിന്റെ കൂടെ മറ്റൊരു കോഗ്നിറ്റീവ് ബയസ് കൂടി ചേരുമ്പോൾ കാര്യങ്ങൾ കൂടുതൽ വഷളാകും. കേഴ്സ് ഓഫ് നോളജ്, അഥവാ അറിവിന്റെ ശാപം. 1989-ൽ കോളിൻ കാമറർ, ജോർജ്ജ് ലോവൻസ്റ്റൈൻ, മാർട്ടിൻ വെബർ എന്നീ സാമ്പത്തിക വിദഗ്ധരാണ് ഈ വാക്ക് ആദ്യമായി ഉപയോഗിച്ചത്. അപ്പൊ സംഭവം എന്താണെന്ന് വെച്ചാൽ, ഒരിക്കൽ നിങ്ങൾ ഒരു കാര്യം പഠിച്ചുകഴിഞ്ഞാൽ, അത് അറിയാത്ത ഒരാളുടെ മാനസികാവസ്ഥയിലേക്ക് തിരികെ പോകാൻ നിങ്ങൾക്ക് പിന്നീട് ഒരിക്കലും കഴിയില്ല! നിങ്ങളുടെ കയ്യിലുള്ള ആ അറിവില്ലാതെ മറ്റൊരാൾ എങ്ങനെയായിരിക്കും ആ വിഷയത്തെ കാണുക എന്ന് കൃത്യമായി സിമുലേറ്റ് ചെയ്യാൻ നിങ്ങളുടെ തലച്ചോറിന് സാധിക്കില്ല. അതുകൊണ്ടാണ് ചിലപ്പോൾ സ്കൂളിലെ ഏറ്റവും മിടുക്കനായ അധ്യാപകൻ തുടക്കക്കാരായ വിദ്യാർത്ഥികളെ പഠിപ്പിക്കാൻ ഏറ്റവും മോശം വ്യക്തിയായി മാറുന്നത്. അവർക്ക് അറിവില്ലാത്തതുകൊണ്ടല്ല അത് സംഭവിക്കുന്നത്, മറിച്ച് അറിവ് അമിതമായി ഉള്ളതുകൊണ്ടാണ്! അവരുടെ അറിവ് അവരുടെ തലച്ചോറിനെ ശാശ്വതമായി മാറ്റിക്കഴിഞ്ഞു, അതിനാൽ ഒന്നും അറിയാത്ത ഒരു കുട്ടിയുടെ ആശയക്കുഴപ്പം എന്താണെന്ന് പുനർനിർമ്മിക്കാൻ അവരുടെ തലച്ചോറിന് കഴിയില്ല. നമ്മുടെ ചുറ്റും ഇത് സ്ഥിരമായി നടക്കുന്നത് നിങ്ങൾക്ക് കാണാം. പതിനൊന്ന് വർഷമായി ഒരേ പാഠം പഠിപ്പിക്കുന്ന അധ്യാപകൻ, ആ പാഠത്തിലെ ഏത് ഭാഗമാണ് ജീവിതത്തിൽ ആദ്യമായി അത് കേൾക്കുന്ന കുട്ടികൾക്ക് ബുദ്ധിമുട്ടാകുന്നതെന്ന് ഓർക്കാൻ കഴിയാതെ വരുന്നത് ഇതുകൊണ്ടാണ്. "ഇതൊരു ചെറിയ ഇൻഫ്ലമേഷൻ മാത്രമാണ്" എന്ന് വളരെ നിസ്സാരമായി പറയുന്ന ഡോക്ടർ, തനിക്ക് ഏറ്റവും ശാന്തമായി തോന്നുന്ന ആ വാക്കുകൾ ജീവിതത്തിൽ ആദ്യമായി കേൾക്കുന്ന ഒരു രോഗിക്ക് എത്രത്തോളം കടുത്ത ഭയം ഉണ്ടാക്കുമെന്ന് മനസ്സിലാക്കുന്നില്ല. "ആ റൂട്ടർ ഒന്ന് റീസ്റ്റാർട്ട് ചെയ്യ്" എന്ന് വളരെ നിസ്സാരമായി പറയുന്ന എഞ്ചിനീയർ ചിന്തിക്കുന്നത് അതിന് ലോകത്ത് ഒറ്റ അർത്ഥം മാത്രമേ ഉള്ളൂ എന്നാണ്. ശാസ്ത്രീയ കാര്യങ്ങൾ സാധാരണക്കാർക്ക് വിശദീകരിക്കുന്ന ഒരാൾ, താൻ അഞ്ഞൂറ് തവണ ഉപയോഗിച്ച് பழകിയ ഒരു സങ്കീർണ്ണ പദം കേൾവിക്കാരിൽ പലരും ആദ്യമായാണ് കേൾക്കുന്നത് എന്നത് പലപ്പോഴും മറന്നുപോകുന്നു. സ്വന്തം തലച്ചോറിൽ വ്യക്തമായ യുക്തിയുള്ള ഒരു തീരുമാനം കുട്ടിക്ക് മുന്നിൽ വിശദീകരിക്കുന്ന മാതാപിതാക്കൾ, ആ കുട്ടിക്ക് ഇല്ലാത്ത മുപ്പത് വർഷത്തെ അനുഭവപരിചയത്തിൽ നിന്നാണ് തങ്ങൾ അത് പറയുന്നത് എന്ന് ഓർക്കുന്നില്ല. ഇവരെല്ലാവരും സംസാരിച്ചതിന് ശേഷം ചിന്തിക്കുന്നത് "ഞാൻ എത്ര കൃത്യമായാണ് കാര്യങ്ങൾ വിശദീകരിച്ചത്" എന്നാണ്. പക്ഷെ അവർ ചെയ്തത് അതല്ല. അവരുടെ തലച്ചോറിലെ മാപ്പിന് അനുസരിച്ചാണ് അവർ കാര്യങ്ങൾ വിശദീകരിച്ചത്. എന്നിട്ട് അവർ ആ മാപ്പ് തീർത്തും വ്യത്യസ്തമായ മറ്റൊരു സ്ഥലത്ത് നിൽക്കുന്ന ഒരാളുടെ കയ്യിൽ കൊടുത്തിട്ട്, അതേ വഴിയിലൂടെ നടന്ന് താൻ നിൽക്കുന്ന അതേ സ്ഥലത്ത് എത്താൻ ആവശ്യപ്പെടുകയാണ് ചെയ്യുന്നത്!
ഇനി കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാകാൻ പോവുകയാണ്. കാരണം ആളുകൾ വ്യത്യസ്തമായി ചിന്തിക്കുന്നു എന്നത് മാത്രമല്ല പ്രശ്നം, ഓരോ വ്യക്തിയും തത്സമയം അവരുടെ തലച്ചോറിൽ വ്യത്യസ്തമായ ഫിൽറ്ററുകൾ ഉപയോഗിക്കുന്നുണ്ട്. ഏത് ഫിൽറ്ററാണ് ആ നിമിഷത്തിൽ പ്രവർത്തിക്കുന്നത് എന്ന് പുറത്തുനിൽക്കുന്ന നിങ്ങൾക്ക് കാണാനും കഴിയില്ല. അതിലൊന്നാണ് കൺഫർമേഷൻ ബയസ്. നിങ്ങൾ നേരത്തെ തന്നെ വിശ്വസിക്കുന്ന കാര്യങ്ങളോട് യോജിക്കുന്ന വിവരങ്ങൾ മാത്രം നിങ്ങൾ ശ്രദ്ധിക്കുകയും ഓർമ്മിക്കുകയും ചെയ്യുന്നു, ബാക്കിയുള്ളവയെല്ലാം നിങ്ങളുടെ തലച്ചോർ നിശബ്ദമായി ഒഴിവാക്കുന്നു. അതുകൊണ്ട് രണ്ടുപേർ ഒരേ സംഭാഷണത്തിൽ പങ്കെടുത്തിട്ട്, "ഞാൻ പറഞ്ഞതാണ് നൂറുശതമാനം ശരി" എന്ന ഉറപ്പോടെ രണ്ടുപേർക്കും അവിടെനിന്നും മടങ്ങാൻ കഴിയും. മറ്റൊന്നാണ് അവൈലബിലിറ്റി ഹ്യൂറിസ്റ്റിക്. നിങ്ങളുടെ ഓർമ്മയിൽ ഏറ്റവും പുതിയതോ അല്ലെങ്കിൽ ഏറ്റവും കൂടുതൽ വൈകാരികമായി സ്വാധീനിച്ചതോ ആയ ഒരു അനുഭവം എന്താണോ, അതായിരിക്കും ലോകത്തിലെ ഏറ്റവും സാധാരണമായ സത്യം എന്ന് നിങ്ങളുടെ തലച്ചോർ വിശ്വസിക്കും. അതുകൊണ്ടാണ് പഴയ ഒരു മോശം അനുഭവം ഭാവിയിൽ നിങ്ങൾ നടത്തുന്ന മുഴുവൻ സംഭാഷണങ്ങളെയും നിശബ്ദമായി മാറ്റിമറിക്കുന്നത്. ഇതിനെല്ലാത്തിനും താഴെയായി ആ നിമിഷത്തിലെ നിങ്ങളുടെ വൈകാരികാവസ്ഥയുമുണ്ട്. സമ്മർദ്ദം, ഭയം, മറ്റൊരാൾക്ക് കാണാൻ കഴിയാത്ത പഴയകാല ട്രോമകൾ, നിങ്ങളുടെ സാംസ്കാരിക പശ്ചാത്തലം, മാതൃഭാഷയുടെ സ്വാധീനം, നിങ്ങളുടെ വിദ്യാഭ്യാസം, എന്തിന് നിങ്ങളുടെ ഇന്നത്തെ മൂഡ് പോലും ഇതിനെ സ്വാധീനിക്കുന്നു. ഇത് ഏറ്റവും വ്യക്തമായി മനസ്സിലാക്കാൻ ഒരു ഉദാഹരണം നോക്കാം. ഒരു വിമർശനം നാല് പേർ കേൾക്കുന്നു എന്ന് കരുതുക. ഒന്നാമത്തെ വ്യക്തി അത് കേൾക്കുമ്പോൾ കൂടുതൽ മോട്ടിവേറ്റഡ് ആകുന്നു, അതൊരു നല്ല വിവരമായി എടുത്ത് മാറ്റങ്ങൾ വരുത്തി മുന്നോട്ട് പോകുന്നു. രണ്ടാമത്തെ വ്യക്തി കൃത്യം ഇതേ വാചകം കേൾക്കുമ്പോൾ ആ ദിവസം മുഴുവൻ കടുത്ത വിഷമത്തിലാകുന്നു. മൂന്നാമത്തെ വ്യക്തി അത് കേൾക്കുമ്പോൾ വലിയ പ്രതിരോധം തീർക്കുന്നു, ചിലപ്പോൾ ദേഷ്യപ്പെടുന്നു, കാരണം അവരുടെ നാഡീവ്യൂഹം ആ വിമർശനത്തെ ഒരു വ്യക്തിഗത ആക്രമണമായാണ് കാണുന്നത്. നാലാമത്തെ വ്യക്തി അത് കേൾക്കുന്നുണ്ടെങ്കിലും പൂർണ്ണമായും അവഗണിക്കുന്നു, പുറത്ത് യാതൊരു പ്രതികരണവും കാണിക്കുന്നില്ല. ഒരേ വാചകം, ഒരേ വ്യക്തി, ഒരേ ടോൺ! പക്ഷെ നാല് വ്യത്യസ്ത തലച്ചോറുകൾ നാല് വ്യത്യസ്ത ഫിൽറ്ററുകൾ ഉപയോഗിച്ച് പ്രോസസ്സ് ചെയ്തപ്പോൾ ഒരേ ഇൻപുട്ടിൽ നിന്നും നാല് വ്യത്യസ്ത ഔട്ട്പുട്ടുകൾ ഉണ്ടായി. നിങ്ങൾ വളരെ യുക്തിസഹമായി പറഞ്ഞ ഒരു കാര്യം മറ്റൊരാൾക്ക് വലിയൊരു ആക്രമണമായി ഫീൽ ചെയ്തിട്ടുണ്ടെങ്കിൽ, അതിന് കാരണം ഇതാണ്. നിങ്ങൾ പറഞ്ഞ വാചകം മാറിയിട്ടില്ല, പക്ഷെ അത് സ്വീകരിച്ച ഫിൽറ്റർ മാറി.
ഇവിടെയാണ് സോഷ്യൽ മീഡിയയിൽ പലരും തെറ്റിദ്ധരിക്കുന്ന ഒരു കാര്യം പറയാനുള്ളത്. പേഴ്സണാലിറ്റി യഥാർത്ഥത്തിൽ ആശയവിനിമയത്തിൽ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. ജ്യോതിഷം പോലെയുള്ള അർത്ഥശൂന്യമായ കാര്യങ്ങളിലല്ല, കൃത്യമായ ശാസ്ത്രീയ പഠനങ്ങളുടെ പിൻബലമുള്ള കാര്യങ്ങളിൽ. പേഴ്സണാലിറ്റി സൈക്കോളജിയിൽ ഏറ്റവും കൂടുതൽ ശാസ്ത്രീയ പിന്തുണയുള്ള മോഡലിനെ ബിഗ് ഫൈവ് എന്നാണ് വിളിക്കുന്നത്. പോൾ കോസ്റ്റ, റോബർട്ട് മക്രോ പോലെയുള്ള സൈക്കോളജിസ്റ്റുകൾ പതിറ്റാണ്ടുകളോളം നടത്തിയ ഗവേഷണങ്ങളിലൂടെയാണ് ഇത് വികസിപ്പിച്ചെടുത്തത്. ഓപ്പൺനെസ്, കൺസെൻഷ്യസ്നെസ്, എക്സ്ട്രാ വേർഷൻ, അഗ്രീയബിൾനെസ്, ന്യൂറോട്ടിസിസം എന്നീ അഞ്ച് പ്രധാന സ്വഭാവസവിശേഷതകളാണ് ഇതിലുള്ളത്. ചുരുക്കത്തിൽ ഇതിനെ ഓഷ്യൻ എന്ന് വിളിക്കാം. ലോകത്തുള്ള ഓരോ മനുഷ്യരും ഈ അഞ്ച് സ്വഭാവങ്ങളുടെയും ഒരു സ്പെക്ട്രത്തിൽ എവിടെയെങ്കിലുമായിരിക്കും നിൽക്കുന്നത്. നിങ്ങൾ അതിൽ എവിടെ നിൽക്കുന്നു എന്നത് നിങ്ങൾ എങ്ങനെ വിവരങ്ങൾ കൈമാറുന്നു, എങ്ങനെ സ്വീകരിക്കുന്നു എന്നതിനെ കാര്യമായി സ്വാധീനിക്കുന്നു. ഒരു തീരുമാനമെടുക്കുന്നതിന് മുൻപ് നിങ്ങൾക്ക് എത്രത്തോളം വിവരങ്ങൾ ആവശ്യമുണ്ട്, ഒരു സംഭാഷണത്തിലെ തർക്കങ്ങളെ നിങ്ങൾക്ക് എത്രത്തോളം സഹിക്കാൻ കഴിയും, ഒരു വിമർശനം കേൾക്കുമ്പോൾ നിങ്ങൾ എത്ര പെട്ടെന്ന് വൈകാരികമായി പ്രതികരിക്കും എന്നതൊക്കെ ഈ സ്വഭാവങ്ങളെ ആശ്രയിച്ചിരിക്കും. എന്നാൽ ഇതിൽ പലരും ഒഴിവാക്കുന്ന ഒരു സത്യമുണ്ട്. ശാസ്ത്രജ്ഞർ ഒരിക്കലും മനുഷ്യരെ കൃത്യമായ നാല് പെട്ടികളിലാക്കി അടച്ചുപൂട്ടുന്നില്ല. ബിഗ് ഫൈവ് എന്നത് ഒരു സ്പെക്ട്രം മോഡലാണ്, അതല്ലാതെ മനുഷ്യരെ തരംതിരിക്കാനുള്ള ലളിതമായ ഒരു സിസ്റ്റമല്ല. യഥാർത്ഥത്തിലുള്ള മനുഷ്യന്റെ വ്യക്തിത്വം എന്നത് ഏതെങ്കിലും ലളിതമായ ഫ്രെയിംവർക്കിൽ ഒതുക്കാൻ കഴിയുന്നതിനേക്കാൾ വളരെ സങ്കീർണ്ണമാണ്. എന്നിരുന്നാലും, കോർപ്പറേറ്റ് ലോകത്ത് കാണുന്ന ഡിസ്ക് പോലെയുള്ള സിസ്റ്റങ്ങൾ പൂർണ്ണമായും ശാസ്ത്രീയമല്ലെങ്കിലും, ആളുകൾക്ക് കമ്മ്യൂണിക്കേഷൻ സ്റ്റൈലുകൾ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന ടൂളുകൾ എന്ന നിലയിൽ അവ വളരെ ഉപകാരപ്രദമാണ്. ഒരു സാറ്റലൈറ്റ് ഫോട്ടോ അല്ലെങ്കിലും, ഒരു അപരിചിതമായ നഗരത്തിലൂടെ യാത്ര ചെയ്യാൻ ഒരു സാധാരണ മാപ്പ് നമ്മെ സഹായിക്കുന്നതുപോലെയാണത്. അതുകൊണ്ടാണ് പല കമ്പനികളും എച്ച് ആർ ഡിപ്പാർട്ട്മെന്റുകളും അത് ഉപയോഗിക്കുന്നത്. അവർക്ക് കൃത്യമായ ശാസ്ത്രീയ അടിത്തറ ഉള്ളതുകൊണ്ടല്ല, മറിച്ച് സങ്കീർണ്ണമായ ഒരു യാഥാർത്ഥ്യത്തെ എളുപ്പത്തിൽ മനസ്സിലാക്കാൻ അവ സഹായിക്കുന്നു എന്നതുകൊണ്ടാണ്. കാണാൻ കഴിയാത്ത ഒരു പാറ്റേണിനെ മനസ്സിലാക്കാൻ സഹായിക്കുന്ന പ്രായോഗിക മോഡലുകളാണവ, അല്ലാതെ അവ പൂർണ്ണമായ ശാസ്ത്രീയ സത്യങ്ങളല്ല.
അതുകൊണ്ട് "ലോകത്ത് നാല് തരം ആളുകൾ ഉണ്ട്" എന്ന് പറയുന്നതിന് പകരം, കൂടുതൽ കൃത്യതയോടെ നമുക്ക് ഇങ്ങനെ പറയാം: ഒട്ടുമിക്ക സംഭാഷണങ്ങളിലും പ്രധാനമായും നാല് തരം കമ്മ്യൂണിക്കേഷൻ ശൈലികളാണ് കാണാൻ കഴിയുക. മിക്ക ആളുകളും ഇതിൽ ഏതെങ്കിലും ഒന്നോ രണ്ടോ ശൈലികളോടായിരിക്കും കൂടുതൽ അടുപ്പം കാണിക്കുക, പ്രത്യേകിച്ച് സമ്മർദ്ദമുള്ള സമയങ്ങളിൽ. ഇതിൽ ആദ്യത്തേത് റിസൾട്ട് മാത്രം നോക്കുന്ന ശൈലിയാണ്. അവർക്ക് വേഗതയും കൃത്യമായ തീരുമാനങ്ങളും റിസൾട്ടുമാണ് വേണ്ടത്. അവർക്ക് പഴയ കഥകളോ പശ്ചാത്തലമോ കേൾക്കാൻ താല്പര്യമില്ല. പ്രധാന വിഷയം പറയുന്നതിന് മുൻപ് മൂന്ന് ഉദാഹരണങ്ങൾ പറയുന്നതൊന്നും അവർക്ക് ഇഷ്ടമല്ല. ആദ്യം കാര്യം പറയുക, സംശയമുണ്ടെങ്കിൽ മാത്രം വിശദീകരിക്കുക എന്നതാണ് അവരുടെ രീതി. മറ്റുള്ളവർക്ക് ഇവർ വളരെ പരുക്കന്മാരും വികാരമില്ലാത്തവരുമായി തോന്നാം. എന്നാൽ അവരുടെ ഉള്ളിൽ അവർ മോശമായി പെരുമാറുകയല്ല, മറിച്ച് സമയം ലാഭിക്കാൻ ശ്രമിക്കുകയാണ്. രണ്ടാമത്തേത് ബന്ധങ്ങൾക്കും കഥകൾക്കും പ്രാധാന്യം നൽകുന്ന ശൈലിയാണ്. അവർക്ക് ഊർജ്ജവും തമാശയും മനുഷ്യരും നിറഞ്ഞ സംഭാഷണങ്ങളാണ് ഇഷ്ടം. വെറും വസ്തുതകൾ മാത്രം പറയുന്നത് അവർക്ക് തീരെ താല്പര്യമില്ലാത്ത കാര്യമാണ്. കഥകളിലൂടെയാണ് അവർ കാര്യങ്ങളെ ബന്ധിപ്പിക്കുന്നത്. റിസൾട്ട് മാത്രം നോക്കുന്ന ഒരാൾക്ക് ഇത് വെറും സമയനഷ്ടമായി തോന്നാം. എന്നാൽ ഇവരെ സംബന്ധിച്ചിടത്തോളം കഥ പറയാതിരിക്കുന്നത് ആ വിഷയത്തിന്റെ ജീവൻ കളയുന്നതിന് തുല്യമാണ്. മൂന്നാമത്തേത് സമാധാനവും സ്ഥിരതയും ആഗ്രഹിക്കുന്ന ശൈലിയാണ്. അവർക്ക് ക്ഷമയും ഒരേപോലെയുള്ള അവസ്ഥയുമാണ് വേണ്ടത്. പെട്ടെന്നുള്ള മാറ്റങ്ങൾ, ഉറക്കെയുള്ള സംസാരം, വലിയ സമ്മർദ്ദം എന്നിവയൊന്നും അവർക്ക് ഊർജ്ജം നൽകില്ല, മറിച്ച് അവരെ നിശബ്ദരാക്കുകയേ ഉള്ളൂ. അവർ വളരെ പതുക്കെയും ശ്രദ്ധയോടെയുമാണ് കാര്യങ്ങൾ മനസ്സിലാക്കുന്നത്. ഒരു സംഭാഷണത്തിൽ അവർ നിശബ്ദരാകുന്നത് അവർക്ക് ഒന്നും പറയാനില്ലാത്തതുകൊണ്ടല്ല, മറിച്ച് ആ മുറിയിലെ മറ്റുള്ളവർ നൽകുന്നതിനേക്കാൾ കൂടുതൽ സമയം അവർക്ക് ആലോചിക്കാൻ ആവശ്യമായതുകൊണ്ടാണ്. നാലാമത്തേത് കൃത്യതയും വിവരങ്ങളും നോക്കുന്ന ശൈലിയാണ്. അവർക്ക് ഒരു കാര്യം ചെയ്യാൻ ഉറപ്പ് നൽകുന്നതിന് മുൻപ് കൃത്യമായ തെളിവുകളും വിവരങ്ങളും പ്ലാനും ആവശ്യമാണ്. വ്യക്തതയില്ലാത്ത കാര്യങ്ങൾ അവരിൽ വലിയ ഉത്കണ്ഠ ഉണ്ടാക്കും. "എല്ലാം ശരിയാകും" എന്ന് അവരോട് പറയുന്നത് അവർക്ക് ഒരു ആശ്വാസമല്ല, മറിച്ച് യാതൊരു ഡാറ്റയുമില്ലാത്ത ഒരു വലിയ അപകട സൂചനയാണ്.
ഇനി ഇവ പ്രായോഗിക ജീവിതത്തിൽ എങ്ങനെ കൂട്ടിമുട്ടുന്നു എന്ന് നോക്കാം. ഇതിൽ ഏതെങ്കിലും രണ്ട് പേരെ, ഈ ഫ്രെയിംവർക്കിനെക്കുറിച്ച് യാതൊരു അറിവുമില്ലാതെ ഒരേ മുറിയിൽ ഇരുത്തിയാൽ എന്ത് സംഭവിക്കും? റിസൾട്ട് മാത്രം നോക്കുന്ന ഒരു ബോസ് രണ്ട് വരിയിൽ ഒരു നിർദ്ദേശം നൽകിയിട്ട് അവിടെ നിന്നും പോകുന്നു. അവരുടെ മനസ്സിൽ അവർ കാര്യക്ഷമമായി പ്രവർത്തിച്ചു എന്നാണ്. എന്നാൽ കൃത്യതയും വിവരങ്ങളും ആഗ്രഹിക്കുന്ന ഒരു ജീവനക്കാരന് ആ രണ്ട് വരികൾ വളരെ അപകടകരവും അപൂർണ്ണവുമായി തോന്നും. കൃത്യമായ പ്ലാൻ ഇല്ലാത്തതുകൊണ്ട് അവർ അടുത്ത ഒരു മണിക്കൂർ മുഴുവൻ വലിയ ടെൻഷനിൽ ആയിരിക്കും. ബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഒരു പങ്കാളി, തനിക്ക് ആവശ്യമുള്ള ഒരു കാര്യം ചോദിക്കുന്നതിന് മുൻപായി അഞ്ച് മിനിറ്റ് നീളുന്ന ഒരു കഥ പറയുന്നു. എന്നാൽ റിസൾട്ട് നോക്കുന്ന മറ്റേ പങ്കാളിക്ക് ഇത് കേൾക്കുമ്പോൾ തന്നെ അക്ഷമ തോന്നുകയും, "നിനക്ക് യഥാർത്ഥത്തിൽ എന്താണ് വേണ്ടത്?" എന്ന് മനസ്സിൽ ചോദിക്കുകയും ചെയ്യും. ഈ അക്ഷമ കാണുമ്പോൾ കഥ പറയുന്ന ആൾക്ക് തോന്നും തന്നോട് യാതൊരു സ്നേഹവുമില്ല എന്ന്. എന്നാൽ യഥാർത്ഥത്തിൽ അവിടെ സംഭവിക്കുന്നത് അവർ രണ്ടുപേരും വിവരങ്ങൾ പ്രോസസ്സ് ചെയ്യുന്നത് രണ്ട് രീതിയിലാണ് എന്നത് മാത്രമാണ്. സമാധാനം ആഗ്രഹിക്കുന്ന ഒരു സുഹൃത്ത് ഒരു വലിയ തർക്കത്തിനിടയിൽ നിശബ്ദനാകുന്നു. കൃത്യത ആഗ്രഹിക്കുന്ന മറ്റേ സുഹൃത്ത് വിചാരിക്കുന്നത്, താൻ വാദത്തിൽ ജയിച്ചതുകൊണ്ടാണ് അവൻ മിണ്ടാതിരിക്കുന്നത് എന്നാണ്. എന്നാൽ യഥാർത്ഥത്തിൽ ആ വ്യക്തിക്ക് ചിന്തിക്കാൻ ഒരു മുപ്പത് സെക്കൻഡ് കൂടി ആവശ്യമായിരുന്നു എന്നത് മാത്രമാണ് സത്യം. ഇവരിലാരും തെറ്റുകാരല്ല, ഇവരിലാരും ആശയവിനിമയം നടത്താൻ അറിയാത്തവരുമല്ല. അവർ എല്ലാവരും അതിൽ മിടുക്കരാണ്, പക്ഷെ അവർ സംസാരിക്കുന്നത് മുന്നിലിരിക്കുന്ന ആൾക്ക് മനസ്സിലാകാത്ത തികച്ചും വ്യത്യസ്തമായ ഒരു ഭാഷയിലാണെന്ന് മാത്രം.
എല്ലാവരെയും നിങ്ങളെപ്പോലെ ചിന്തിക്കാൻ നിർബന്ധിക്കാൻ നിങ്ങൾക്ക് കഴിയില്ല. അപ്പോൾ പിന്നെ എന്താണ് പ്രായോഗികമായി ചെയ്യാൻ കഴിയുക? ഇതിനൊരു കൃത്യമായ പരിഹാരമുണ്ട്. സോഷ്യൽ സൈക്കോളജിസ്റ്റായ ഹോവാർഡ് ഗൈൽസ് 1970-കളിൽ വികസിപ്പിച്ചെടുത്ത കമ്മ്യൂണിക്കേഷൻ അക്കോമഡേഷൻ തിയറി എന്നൊരു സിസ്റ്റം ഇതിനായി ഉപയോഗിക്കാം. ഈ പഠനത്തിന്റെ പ്രധാന കണ്ടെത്തൽ വളരെ ലളിതമാണ്. നമ്മൾ സംസാരിക്കുന്ന വ്യക്തിയുമായി കൂടുതൽ സാമ്യം തോന്നുന്ന രീതിയിൽ ആളുകൾ സ്വാഭാവികമായി തങ്ങളുടെ സംസാരരീതിയും ടോണും വേഗതയും മാറ്റാറുണ്ട്. അങ്ങനെ മാറുമ്പോൾ അവർ തമ്മിലുള്ള മനസ്സിലാക്കലും വിശ്വാസവും വർദ്ധിക്കും എന്നാണ് ഇത് പറയുന്നത്. ഇതൊരിക്കലും അഭിനയിക്കുന്നതിന് തുല്യമല്ല. നിങ്ങൾ സത്യമായ ഒരു കാര്യത്തെയല്ല മാറ്റുന്നത്; നിങ്ങളുടെ മൂല്യങ്ങളെയോ, നിങ്ങളുടെ അതിരുകളെയോ, നിങ്ങളുടെ യഥാർത്ഥ സന്ദേശത്തെയോ അല്ല നിങ്ങൾ മാറ്റുന്നത്. നിങ്ങൾ മാറ്റുന്നത് അതിന്റെ പാക്കേജിങ് മാത്രമാണ്. സംസാരിക്കുന്ന വേഗത, നൽകുന്ന വിവരങ്ങളുടെ അളവ്, വൈകാരികമായ തീവ്രത എന്നിവയൊക്കെ മാറ്റുക വഴി, നിങ്ങൾ പറയാൻ ഉദ്ദേശിച്ച അതേ സത്യം യാതൊരു കോട്ടവും തട്ടാതെ മറ്റൊരാളുടെ തലച്ചോറിലേക്ക് സുരക്ഷിതമായി എത്തിക്കാൻ നിങ്ങൾക്ക് കഴിയും. ഇതിനായി ചില കാര്യങ്ങൾ ചെയ്യാം: മിററിംഗ് അഥവാ ആക്ടീവ് ലിസണിങ് (മറ്റൊരാൾ പറയുന്നത് കേട്ട് നിങ്ങളുടെ ഊഴം വരാൻ കാത്തിരിക്കുന്നതിന് പകരം, അവർ പറഞ്ഞ കാര്യങ്ങൾ കൃത്യമായി ഉൾക്കൊള്ളുക), എമ്പതി (അവർ പറയുന്നത് മാത്രം കേൾക്കാതെ അവർക്ക് എന്തായിരിക്കും ഫീൽ ചെയ്യുന്നത് എന്ന് മനസ്സിലാക്കാൻ ശ്രമിക്കുക), തിയറി ഓഫ് മൈൻഡ് (എനിക്കെന്തറിയാം, അവർക്കെന്തറിയാം എന്ന രണ്ട് വ്യത്യസ്ത മാപ്പുകൾ ഒരേസമയം തലച്ചോറിൽ സൂക്ഷിക്കാനുള്ള അടിസ്ഥാന കഴിവ്). നിങ്ങൾ മറ്റൊരാളായി മാറാൻ ശ്രമിക്കുകയല്ല, മറിച്ച് നിങ്ങളുടെ ആശയങ്ങളെ മറ്റൊരാൾക്ക് മനസ്സിലാകുന്ന രീതിയിലേക്ക് വിവർത്തനം ചെയ്യാൻ പഠിക്കുകയാണ്.
ഒരു സിദ്ധാന്തം തിങ്കളാഴ്ച രാവിലെ നിങ്ങൾക്ക് പ്രായോഗികമായി ഉപയോഗിക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് വെറും വിനോദം മാത്രമാണ്. അതുകൊണ്ട് ഇത് എങ്ങനെ ജീവിതത്തിൽ പ്രയോഗിക്കാം എന്ന് നോക്കാം. മാതാപിതാക്കളോട് സംസാരിക്കുമ്പോൾ, നിങ്ങൾ കുറച്ചൊന്ന് ശാന്തരാവുക. അവരുടെ രീതികളോട് വിയോജിക്കുന്നതിന് മുൻപ് അവരുടെ നല്ല ഉദ്ദേശ്യത്തെ ബഹുമാനിക്കുക. മാതാപിതാക്കളുമായുള്ള ഒട്ടുമിക്ക തർക്കങ്ങളും ആ വിഷയത്തെക്കുറിച്ചായിരിക്കില്ല, അവരെ തിരുത്തുന്നതിന് മുൻപ് നിങ്ങൾ അവരെ കേൾക്കാൻ തയ്യാറായില്ല എന്നതിനെക്കുറിച്ചായിരിക്കും. നിങ്ങളുടെ പങ്കാളിയോട് സംസാരിക്കുമ്പോൾ, അവർ ശാന്തരായിരിക്കുമ്പോഴല്ല, മറിച്ച് സമ്മർദ്ദമുള്ളപ്പോൾ ഈ കമ്മ്യൂണിക്കേഷൻ രീതികളിൽ ഏതാണ് അവർ ഉപയോഗിക്കുന്നത് എന്ന് ശ്രദ്ധിക്കുക. സ്ട്രെസ്സ് വരുമ്പോൾ പലരുടെയും കമ്മ്യൂണിക്കേഷൻ സ്റ്റൈൽ പൂർണ്ണമായും മാറാറുണ്ട്. കുട്ടികളോട് സംസാരിക്കുമ്പോൾ, അറിവിന്റെ ശാപം എന്ന ആ പ്രശ്നം ഇവിടെയാണ് ഏറ്റവും കൂടുതൽ വരിക എന്ന് ഓർക്കുക. നിങ്ങൾക്ക് വളരെ ലളിതമായി തോന്നുന്ന ഒരു കാര്യം പഠിക്കാൻ നിങ്ങൾക്ക് മുപ്പത് വർഷം കൂടുതൽ വേണ്ടിവന്നു എന്ന സത്യം മറക്കരുത്. അത് അവർക്ക് ലളിതമല്ല, അത് ഒരിക്കലും അങ്ങനെ ആയിരിക്കാനും പാടില്ല. നിങ്ങളുടെ ബോസിനോട് സംസാരിക്കുമ്പോൾ, അവരുടെ നിർദ്ദേശങ്ങൾ വ്യക്തമല്ലെങ്കിൽ വെറുതെ ഊഹിച്ച് കാര്യങ്ങൾ ചെയ്യാതിരിക്കുക. കൃത്യമായ ഒരു ചോദ്യം ചോദിക്കുക. ഒരു വലിയ ജോലി തെറ്റായി ചെയ്ത് വീണ്ടും ചെയ്യുന്നതിനേക്കാൾ, ബോസുമാർക്ക് ഇഷ്ടം കൃത്യമായ ഒരു ചോദ്യത്തിന് മറുപടി നൽകുന്നതായിരിക്കും. ഒരു ജീവനക്കാരനോട് സംസാരിക്കുമ്പോൾ, നിങ്ങൾ റിസൾട്ട് മാത്രം നോക്കുന്ന ആളും അവർ കൃത്യമായ വിവരങ്ങൾ ആഗ്രഹിക്കുന്ന ആളുമാണെങ്കിൽ, അവർക്ക് കാര്യങ്ങൾ വ്യക്തമാക്കാൻ എടുക്കുന്ന ആ രണ്ട് മിനിറ്റ് ഒരിക്കലും സമയനഷ്ടമല്ല. നിങ്ങളുടെ അധ്യാപകരോടോ വിദ്യാർത്ഥികളോടോ സംസാരിക്കുമ്പോൾ, എപ്പോഴും സ്വയം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്: ഞാൻ പറയുന്ന കാര്യങ്ങൾ യഥാർത്ഥത്തിൽ അവിടെ എത്തുന്നുണ്ടോ, അതോ അങ്ങനെ സംഭവിക്കുന്നു എന്ന് ഞാൻ വെറുതെ വിശ്വസിക്കുകയാണോ? ഒരു സുഹൃത്തിനോട് സംസാരിക്കുമ്പോൾ, അവരുടെ നിശബ്ദത എപ്പോഴും സമ്മതമല്ല, വേഗത എപ്പോഴും ആവേശവുമല്ല എന്ന് മനസ്സിലാക്കുക. ഊഹിക്കുന്നതിന് പകരം അവരോട് ചോദിക്കുക. ഒരു കസ്റ്റമറോട് സംസാരിക്കുമ്പോൾ, അവർ സംസാരിക്കുന്നത് അവരുടെ ഫിൽറ്ററിലൂടെയാണ്, നിങ്ങളുടെ ഫിൽറ്ററിലൂടെയല്ല. നിങ്ങൾക്ക് തികച്ചും അന്യായമായി തോന്നുന്ന ഒരു പരാതി, ആ സാഹചര്യത്തെക്കുറിച്ചുള്ള അവരുടെ മോഡലിൽ പൂർണ്ണമായും യുക്തിസഹമായ ഒരു പ്രതികരണമായിരിക്കാം.
ശാസ്ത്രപരമായ പല കാര്യങ്ങളും സാധാരണക്കാർക്ക് വിശദീകരിച്ച് കൊടുക്കാൻ ശ്രമിച്ചുകൊണ്ട് വർഷങ്ങളോളം ക്യാമറയ്ക്ക് മുന്നിൽ നിന്ന അനുഭവത്തിൽ നിന്നും എന്നെത്തന്നെ മാറ്റിമറിച്ച ഒരു വലിയ പാഠമുണ്ട്. നിങ്ങൾക്ക് വലിയ ബുദ്ധിയുണ്ടായി എന്നത് നിങ്ങളെ നല്ലൊരു കമ്മ്യൂണിക്കേറ്റർ ആക്കുന്നില്ല. മറിച്ച് മനുഷ്യരെ മനസ്സിലാക്കാൻ കഴിയുമ്പോഴാണ് നിങ്ങൾ അതിൽ വിജയിക്കുന്നത്. ഒരു കാര്യം എന്റെ തലച്ചോറിൽ വളരെ വ്യക്തവും ശരിയുമാണെങ്കിൽ അത് എളുപ്പത്തിൽ മറ്റൊരാളുടെ തലച്ചോറിലേക്കും മാറ്റാൻ കഴിയും എന്ന് ഞാൻ പണ്ട് വിശ്വസിച്ചിരുന്നു. പക്ഷെ അങ്ങനെ നടക്കില്ല, ഒരിക്കലും നടന്നിട്ടുമില്ല. ഒരു ആശയം മറ്റൊരാളുടെ മനസ്സിലേക്ക് സുരക്ഷിതമായി എത്തുമോ ഇല്ലയോ എന്ന് തീരുമാനിക്കുന്നത് ഞാൻ ആ വിഷയം എത്രത്തോളം മനസ്സിലാക്കി എന്നതിലല്ല, മറിച്ച് ഞാൻ അത് ആർക്കാണോ കൊടുക്കുന്നത് ആ വ്യക്തിയെ ഞാൻ എത്രത്തോളം മനസ്സിലാക്കി എന്നതിലാണ്. യൂട്യൂബ് കമന്റുകൾ എന്നെ ഇത് വളരെ വേഗത്തിൽ പഠിപ്പിച്ചു. ഒരേ രീതിയിൽ വിശദീകരിച്ച ഒരേ വീഡിയോ കണ്ടിട്ട്, ഒരു വ്യക്തി "ഇത് എന്റെ ചിന്തകളെ മാറ്റിമറിച്ചു" എന്ന് പറയുമ്പോൾ, മറ്റൊരു വ്യക്തി പറയുന്നത് "എനിക്ക് ഇതിൽ നിന്നും ഒന്നും മനസ്സിലായില്ല" എന്നാണ്. അവർ രണ്ടുപേരും പറയുന്നത് അവരുടെ അനുഭവത്തിലെ യഥാർത്ഥ സത്യമാണ്. ആ രണ്ട് പേർക്കും ഇടയിൽ വീഡിയോ മാറിയിട്ടില്ല, പ്രഡിക്റ്റീവ് പ്രോസസ്സിംഗ് പറയുന്നതുപോലെ ബാക്കി കാര്യങ്ങളെല്ലാം ചെയ്തത് അവരുടെ സ്വന്തം തലച്ചോറുകളാണ്.
നമ്മൾ വർഷങ്ങളോളം കണക്കും സയൻസും ടെക്നോളജിയും പഠിക്കുന്നു. എന്നാൽ മറ്റൊരു മനുഷ്യന്റെ മനസ്സ് യഥാർത്ഥത്തിൽ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് പഠിക്കാൻ നമ്മൾ ഒരു മണിക്കൂർ പോലും ചിലവാക്കുന്നില്ല. ഒരുപക്ഷെ ആശയവിനിമയം എന്നത് ഒരിക്കലും ശരിയായ വാക്കുകൾ കണ്ടെത്തുന്നതിനെക്കുറിച്ചായിരുന്നില്ല, മറിച്ച് ആ വാക്കുകൾ കേൾക്കുന്ന ചെവികൾക്ക് പിന്നിൽ നിൽക്കുന്ന മനുഷ്യനെ മനസ്സിലാക്കുന്നതിനെക്കുറിച്ചായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച കമ്മ്യൂണിക്കേറ്റർമാർ ഒരിക്കലും ഉറക്കെയോ കൂടുതൽ സമയമോ സംസാരിക്കുന്നവരല്ല. അവർ തങ്ങളുടെ മനസ്സിലുള്ള കാര്യങ്ങളെ മറ്റൊരാളുടെ മനസ്സിന് സ്വീകരിക്കാൻ കഴിയുന്ന ഒരു ഭാഷയിലേക്ക് വിവർത്തനം ചെയ്യാൻ പഠിച്ചവരാണ്. കാരണം മുന്നിൽ നിൽക്കുന്ന ആളുടെ മനസ്സ് ഒരിക്കലും തന്റെ മനസ്സിന്റെ ഒരു കോപ്പിയല്ല എന്ന സത്യം അവർ പൂർണ്ണമായും അംഗീകരിച്ചിട്ടുണ്ട്. നിങ്ങൾ ഇതുവരെ നടത്തിയിട്ടുള്ള ഓരോ സംഭാഷണവും വെറുമൊരു വിവരകൈമാറ്റം മാത്രമായിരുന്നില്ല, മറിച്ച് പൂർണ്ണമായും വേറിട്ട് നിർമ്മിക്കപ്പെട്ട രണ്ട് ലോകങ്ങൾ വളരെ കുറഞ്ഞ സമയത്തേക്ക് പരസ്പരം സ്പർശിക്കുന്ന ഒരു പ്രക്രിയയായിരുന്നു. ഈ ഒരു തിരിച്ചറിവോടെ മനുഷ്യരെ കാണാനും സംസാരിക്കാനും തുടങ്ങുമ്പോൾ, അവിടെ തർക്കങ്ങൾ അവസാനിക്കുകയും യഥാർത്ഥത്തിലുള്ള ബന്ധങ്ങൾ ആരംഭിക്കുകയും ചെയ്യും.
More in Mind
YouTube Videos
Your support helps us create quality content
Comments (0)
Login to leave a comment
Join the conversation and share your thoughts. Your opinions are valuable to us.