Technology

യാഥാർത്ഥ്യത്തിന് വേണ്ടിയുള്ള യുദ്ധം: പോസ്റ്റ്-ക്വാണ്ടം യുഗത്തിലെ സത്യത്തിന്റെ അതിജീവനം

jithinraj
Jithinraj
7 min read
യാഥാർത്ഥ്യത്തിന് വേണ്ടിയുള്ള യുദ്ധം: പോസ്റ്റ്-ക്വാണ്ടം യുഗത്തിലെ സത്യത്തിന്റെ അതിജീവനം

നമ്മൾ ഇന്ന് ജീവിക്കുന്നത് കണ്ണുകൊണ്ട് കാണുന്നതിനേക്കാൾ കൂടുതൽ ക്യാമറക്കണ്ണുകളിലൂടെ കാണുന്ന ഒരു ലോകത്താണ്. പക്ഷേ ഒരു നിമിഷം ആലോചിച്ചു നോക്കൂ, നിങ്ങൾ നിങ്ങളുടെ സ്ക്രീനിൽ കാണുന്ന ആ ദൃശ്യങ്ങൾ ശരിക്കും യാഥാർത്ഥ്യം തന്നെയാണോ? അതോ വെറും പ്രോസസ്സ് ചെയ്യപ്പെട്ട ചില ഡാറ്റകൾ മാത്രമാണോ? ഇന്ന് സത്യം എന്നത് വെറുമൊരു കാഴ്ചയല്ല, അത് ഡിജിറ്റൽ കോഡുകളാൽ നിർമ്മിക്കപ്പെട്ട ഒരു മായക്കാഴ്ചയായി മാറിക്കഴിഞ്ഞിരിക്കുന്നു. നമ്മൾ ഡിജിറ്റൽ ട്രസ്റ്റ് അഥവാ ഡിജിറ്റൽ വിശ്വാസ്യതയെ പറ്റി സംസാരിക്കുമ്പോൾ ഒരു കാര്യം ഓർക്കണം, നമ്മൾ ഇന്ന് കാണുന്ന കോടതികളും സർക്കാരുകളും എന്തിന് നമ്മുടെ വ്യക്തിപരമായ ഓർമ്മകൾ പോലും നിലനിൽക്കുന്നത് വീഡിയോ ദൃശ്യങ്ങളുടെ വിശ്വാസ്യതയിലാണ്. ഇന്റർനെറ്റിലെ ട്രാഫിക്കിന്റെ എൺപത് ശതമാനത്തിലധികം വീഡിയോകളാണ് കൈക്കലാക്കിയിരിക്കുന്നത്. ടെക്സ്റ്റുകളിൽ നിന്ന് ചിത്രങ്ങളിലേക്കും അവിടെനിന്ന് വീഡിയോകളിലേക്കും നമ്മുടെ ആശയവിനിമയം വളർന്നു. സ്മാർട്ട് സിറ്റികളിലെ സിസിടിവി ഗ്രിഡുകൾ നമ്മളെ എപ്പോഴും നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ ഈ വീഡിയോകൾ എങ്ങനെയാണ് നമ്മുടെ അടുത്തേക്ക് എത്തുന്നത് എന്ന് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? എച്ച് 264 എന്നും എച്ച് 265 എന്നും ഒക്കെ വിളിക്കുന്ന കംപ്രഷൻ സാങ്കേതികവിദ്യയിലൂടെയാണ് ഇവ കടന്നു വരുന്നത്. വലിയൊരു ദൃശ്യത്തെ ഇന്റർനെറ്റിലൂടെ വേഗത്തിൽ അയക്കാൻ വേണ്ടി അതിലെ ചില ഭാഗങ്ങൾ നമ്മൾ മുറിച്ചു മാറ്റുന്നു. ഇതിനെയാണ് ലോസി എൻകോഡിങ് എന്ന് വിളിക്കുന്നത്. ദൃശ്യങ്ങളിൽ നമുക്ക് പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്ത അദൃശ്യമായ മാറ്റങ്ങൾ ഇവിടെ സംഭവിക്കുന്നുണ്ട്. എഡിറ്റിംഗ് സംസ്കാരവും സിന്തറ്റിക് മീഡിയയുടെ വളർച്ചയും കൂടിയായപ്പോൾ സത്യം ഏതാണെന്നും കള്ളം ഏതാണെന്നും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയായി. നമ്മൾ ഒന്നിനെയും പരിശോധിക്കാതെ വിശ്വസിക്കാൻ പഠിച്ചു, പക്ഷേ ഈ വിശ്വാസം എത്രത്തോളം ദുർബലമാണെന്ന് നമ്മൾ ചിന്തിച്ചിട്ടില്ല. ഈ ഒരു ദുർബലമായ അവസ്ഥയിലേക്കാണ് ക്വാണ്ടം ഭീഷണി കടന്നുവരുന്നത്.

നമ്മുടെ കൈയ്യിൽ ഇപ്പോഴില്ലാത്ത, ഭാവിയിൽ വരാനിരിക്കുന്ന ഒരു കമ്പ്യൂട്ടറിന് ഇന്ന് നമ്മൾ സുരക്ഷിതമെന്ന് കരുതുന്ന എല്ലാ സിസ്റ്റങ്ങളെയും തകർക്കാൻ കഴിയുമെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? അതാണ് ക്വാണ്ടം കമ്പ്യൂട്ടിംഗിന്റെ കരുത്ത്. സാധാരണ കമ്പ്യൂട്ടറുകൾ പൂജ്യം, ഒന്ന് എന്നിങ്ങനെയുള്ള ബിറ്റുകൾ ഉപയോഗിക്കുമ്പോൾ ക്വാണ്ടം കമ്പ്യൂട്ടറുകൾ ക്യുബിറ്റുകളാണ് ഉപയോഗിക്കുന്നത്. ഇതിനെ ഒരു കറങ്ങിക്കൊണ്ടിരിക്കുന്ന നാണയം പോലെ സങ്കൽപ്പിക്കാം. അത് ഒരേസമയം തലയും വാലുമായി നിൽക്കുന്ന സൂപ്പർ പൊസിഷൻ എന്ന അവസ്ഥയിലാണ്. അതുപോലെ തന്നെ എൻറ്റാംഗിൾമെന്റ് എന്ന പ്രതിഭാസം വഴി ലോകത്തിന്റെ രണ്ട് കോണുകളിലുള്ള കണികകൾ തമ്മിൽ അദൃശ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് നൽകുന്ന വേഗത അതിഭയങ്കരമാണ്. ഇന്ന് ലോകം മുഴുവൻ ഉപയോഗിക്കുന്ന ആർ എസ് എ എൻക്രിപ്ഷനെ തകർക്കാൻ ഷോഴ്സ് അൽഗോരിതം എന്നൊരു വഴി ക്വാണ്ടം കമ്പ്യൂട്ടറിനുണ്ട്. അതുപോലെ എ ഇ എസ് സെക്യൂരിറ്റിയെ ദുർബലപ്പെടുത്താൻ ഗ്രോവേഴ്സ് അൽഗോരിതത്തിനും സാധിക്കും. സാധാരണ കമ്പ്യൂട്ടറുകൾക്ക് പതിനായിരം വർഷം വേണ്ടിവരുന്ന ഒരു കണക്കുകൂട്ടൽ ക്വാണ്ടം കമ്പ്യൂട്ടറുകൾക്ക് മിനിറ്റുകൾക്കുള്ളിൽ തീർക്കാൻ കഴിയും. ക്യൂ-ഡേ അഥവാ ക്വാണ്ടം കമ്പ്യൂട്ടറുകൾ നിലവിലുള്ള എല്ലാ സുരക്ഷാ സംവിധാനങ്ങളെയും തകർക്കുന്ന ആ ദിവസം വരാനിരിക്കുന്നതേയുള്ളൂ. അത് വെറുമൊരു പേടിപ്പിക്കലല്ല, മറിച്ച് സാങ്കേതിക ലോകം നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്.

ചരിത്രം പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകും, തകർക്കാൻ പറ്റാത്തതായി ഈ ലോകത്ത് ഒന്നുമില്ല. സീസർ സൈഫർ എന്ന ലളിതമായ രഹസ്യഭാഷയിൽ തുടങ്ങി രണ്ടാം ലോകമഹായുദ്ധത്തിലെ ജർമ്മനിയുടെ എനിഗ്മ മെഷീൻ വരെ എല്ലാം ഒരു ഘട്ടത്തിൽ തകർക്കപ്പെട്ടിട്ടുണ്ട്. ഗണിതശാസ്ത്രത്തിലെ കടുപ്പമേറിയ ചോദ്യങ്ങളെ അടിസ്ഥാനമാക്കിയാണ് നമ്മൾ ആർ എസ് എ പോലുള്ള പബ്ലിക് കീ സിസ്റ്റങ്ങൾ നിർമ്മിച്ചത്. എന്നാൽ ഈ ഗണിതപ്രശ്നങ്ങൾ ക്വാണ്ടം കമ്പ്യൂട്ടറുകൾക്ക് ലളിതമായിരിക്കും. സുരക്ഷ എന്നത് ഒരിക്കലും സ്ഥിരമായ ഒന്നല്ല, അതൊരു താൽക്കാലികമായ അവസ്ഥ മാത്രമാണ്. നമ്മൾ ഒരു വലിയ പൂട്ടിന് പകരം അതിനേക്കാൾ വലിയ മറ്റൊരു പൂട്ട് വെക്കുന്നു, അത്രമാത്രം. പക്ഷേ യഥാർത്ഥത്തിൽ സുരക്ഷ എന്നാൽ എന്താണ്? അതൊരിക്കലും ഒരു സംരക്ഷണമല്ല, മറിച്ച് ഒരു സാധ്യതയാണ്. ഒരു ഹാക്കർക്ക് നമ്മുടെ സിസ്റ്റം തകർക്കാൻ ചെലവാകുന്ന പണവും സമയവും അതിനുള്ളിലുള്ള വിവരത്തിന്റെ മൂല്യത്തേക്കാൾ കൂടുതലാണെങ്കിൽ നമ്മൾ സുരക്ഷിതരാണെന്ന് പറയാം. ഇതിനെയാണ് കോസ്റ്റ്-ഓഫ്-അറ്റാക്ക് മോഡൽ എന്ന് വിളിക്കുന്നത്. സീറോ ട്രസ്റ്റ് ഫിലോസഫി അനുസരിച്ച് നമ്മൾ ആരെയും ഒന്നിനെയും വിശ്വസിക്കാൻ പാടില്ല. എല്ലാ ഘട്ടത്തിലും പരിശോധനകൾ വേണം.

നമ്മുടെ സ്വകാര്യത നിലനിൽക്കുന്നത് ഇതുവരെ ആരും ഉത്തരം കണ്ടെത്താത്ത ചില ഗണിത പ്രശ്നങ്ങളിലാണ്. പ്രൈം നമ്പറുകളെ തമ്മിൽ ഗുണിക്കാൻ എളുപ്പമാണ്, പക്ഷേ വലിയൊരു സംഖ്യ ഏതെല്ലാം പ്രൈം നമ്പറുകൾ ഗുണിച്ചാണ് ഉണ്ടായതെന്ന് കണ്ടെത്തുക എന്നത് അസാധ്യമായ കാര്യമാണ്. എന്നാൽ ഭാവിയിൽ ക്വാണ്ടം കമ്പ്യൂട്ടറുകളെ നേരിടാൻ ലാറ്റിസ് ക്രിപ്റ്റോഗ്രാഫി പോലുള്ള പുതിയ വിദ്യകൾ നമ്മൾ വികസിപ്പിക്കുന്നുണ്ട്. ക്രിസ്റ്റൽസ് കൈബർ, ക്രിസ്റ്റൽസ് ഡിലിഥിയം എന്നൊക്കെ വിളിക്കുന്ന ഈ പുതിയ പ്രതിരോധങ്ങൾ വെറും കണക്കുകളല്ല, അവ ക്വാണ്ടം യുഗത്തിലെ നമ്മുടെ പരിചകളാണ്. ഡാറ്റയ്ക്കുള്ളിൽ മനപ്പൂർവ്വം കുറച്ച് ബഹളങ്ങൾ അഥവാ നോയിസ് കലർത്തിയാണ് ഇത് സാധ്യമാക്കുന്നത്. പക്ഷേ ഈ ഗണിതം വീഡിയോ ദൃശ്യങ്ങളിലേക്ക് വരുമ്പോൾ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാകുന്നു. കാരണം ഒരു വീഡിയോ എന്നത് വെറും ഡാറ്റയല്ല, അത് ദശലക്ഷക്കണക്കിന് പിക്സലുകൾ ചേർന്നൊരു ലോകമാണ്. ഒരു വീഡിയോയിലെ ഓരോ ഫ്രെയിമും അടുത്ത ഫ്രെയിമുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഈ ബന്ധമാണ് വീഡിയോയെ മനോഹരമാക്കുന്നത്, എന്നാൽ ഇതേ ബന്ധം തന്നെയാണ് അതിന്റെ സുരക്ഷയിലെ ഏറ്റവും വലിയ ബലഹീനതയും. പിക്സലുകൾക്കിടയിലെ ഈ പാറ്റേണുകൾ ഹാക്കർമാർക്ക് ഒരു വഴിവിളക്കായി മാറും. അതുകൊണ്ട് തന്നെ യഥാർത്ഥ സുരക്ഷ വേണമെങ്കിൽ ഈ പാറ്റേണുകളെ നമ്മൾ തകർക്കേണ്ടതുണ്ട്.

ഇവിടെയാണ് എൻട്രോപ്പി അഥവാ ക്രമരഹിതതയുടെ പ്രാധാന്യം വരുന്നത്. ഒരു വീഡിയോയിലെ വിവരങ്ങൾ എത്രത്തോളം ക്രമരഹിതമായി മാറ്റാൻ കഴിയുമോ അത്രത്തോളം അത് സുരക്ഷിതമാകും. ഷാനൺ എൻട്രോപ്പി എന്ന തത്വം പറയുന്നത് ഡാറ്റ എത്രത്തോളം റാൻഡം ആകുന്നുവോ അത്രത്തോളം അത് ഹാക്ക് ചെയ്യാൻ പ്രയാസമായിരിക്കും എന്നാണ്. നമ്മുടെ ലക്ഷ്യം വീഡിയോയുടെ ക്വാളിറ്റി കളയാതെ തന്നെ അതിനുള്ളിലെ പാറ്റേണുകളെ അദൃശ്യമാക്കുക എന്നതാണ്. ഇതിനായി നമ്മൾ ഹൈബ്രിഡ് ഡിഫൻസ് സിസ്റ്റങ്ങൾ ഉപയോഗിക്കുന്നു. അതായത് പഴയകാല സുരക്ഷാ രീതികളും പുതിയ പോസ്റ്റ്-ക്വാണ്ടം രീതികളും ഒരേപോലെ ഒന്നിനുമേൽ ഒന്നായി അടുക്കിവെക്കുന്നു. ഒരു പൂട്ടല്ല, മറിച്ച് പലതരം പൂട്ടുകൾ ചേർന്നൊരു സുരക്ഷാ വലയം. ഈ ഒരു സങ്കൽപ്പത്തിൽ നിന്നാണ് നമ്മുടെ പുതിയ സുരക്ഷാ മെഷീൻ പ്രവർത്തിക്കുന്നത്. ഈ മെഷീനിനുള്ളിൽ വീഡിയോ ദൃശ്യങ്ങൾ വെറും ദൃശ്യങ്ങളല്ലാതായി മാറുന്നു. ഓരോ ഫ്രെയിമിനെയും നമ്മൾ വേർതിരിച്ചെടുക്കുന്നു, അതിനെ പിക്സൽ തലത്തിൽ തകർക്കുന്നു, എന്നിട്ട് പ്രവചിക്കാൻ കഴിയാത്ത രീതിയിൽ അതിനെ വീണ്ടും ക്രമീകരിക്കുന്നു. കയോസ് തിയറി ഉപയോഗിച്ചാണ് ഈ മാറ്റങ്ങൾ വരുത്തുന്നത്. അപ്പോൾ ഒരു ഹാക്കർക്ക് ആ ദൃശ്യം കിട്ടിയാൽ പോലും അതൊരു ഇമേജാണോ വീഡിയോ ആണോ എന്ന് പോലും തിരിച്ചറിയാൻ കഴിയില്ല. ഇത്തരത്തിൽ ഫ്രെയിമുകൾ തമ്മിലുള്ള തകർക്കുന്നതിലൂടെയാണ് യഥാർത്ഥ ഡിജിറ്റൽ സുരക്ഷ ജന്മമെടുക്കുന്നത്.

സിനിമയുടെ ഓരോ ഫ്രെയിമിനെയും നമ്മൾ ഒറ്റപ്പെട്ട ദ്വീപുകളാക്കി മാറ്റുകയാണ് ചെയ്യുന്നത്. സാധാരണഗതിയിൽ ഒരു വീഡിയോയിലെ ഒരു ഫ്രെയിം അറിഞ്ഞാൽ അതിന് തൊട്ടടുത്തുള്ള ഫ്രെയിം എങ്ങനെയായിരിക്കും എന്ന് ഊഹിച്ചെടുക്കാൻ ലളിതമായ അൽഗോരിതങ്ങൾക്ക് സാധിക്കും. എന്നാൽ നമ്മൾ ഇവിടെ ചെയ്യുന്നത് ഈ തുടർച്ചയെ പൂർണ്ണമായും ഇല്ലാതാക്കുകയാണ്. ഓരോ ഫ്രെയിമും മറ്റൊന്നിനെയും ആശ്രയിക്കാതെ, സ്വന്തമായി എൻക്രിപ്റ്റ് ചെയ്യപ്പെടുന്നു. ഇതിനെയാണ് നമ്മൾ ഫ്രെയിം ലെവൽ ഐസൊലേഷൻ എന്ന് വിളിക്കുന്നത്. ഇതിനോടൊപ്പം കയോസ് ഒരു ആയുധമായി നമ്മൾ ഉപയോഗിക്കുന്നുണ്ട്. പ്രകൃതിയിലെ ചില പ്രതിഭാസങ്ങളെപ്പോലെ, തുടക്കത്തിൽ സംഭവിക്കുന്ന ചെറിയൊരു മാറ്റം പോലും അവസാനഫലത്തിൽ വലിയ വ്യത്യാസങ്ങൾ ഉണ്ടാക്കുന്നു. ഈ ഒരു തത്വം ഉപയോഗിച്ച് വീഡിയോയിലെ പിക്സലുകളെ മാറ്റുമ്പോൾ, ശരിയായ താക്കോൽ ഇല്ലാത്ത ഒരാൾക്ക് ആ ദൃശ്യങ്ങൾ വെറും ഡിജിറ്റൽ ചവറുകൾ മാത്രമായി തോന്നും. പക്ഷേ ശത്രുക്കളും മിടുക്കന്മാരാണ്. അവർ വെറുതെ ഇരിക്കുകയല്ല. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ഈ കോഡുകൾ തകർക്കാൻ ശ്രമിക്കുന്ന ഹാക്കർമാരും, ക്വാണ്ടം കമ്പ്യൂട്ടറുകൾ ഉപയോഗിച്ച് നമ്മുടെ സുരക്ഷാ മതിലുകൾ തുരക്കാൻ നോക്കുന്നവരും ഇന്ന് സജീവമാണ്. ഇത് ഒരുതരം ഡിജിറ്റൽ യുദ്ധമാണ്. ഈ യുദ്ധം നടക്കുന്നത് വെറും സോഫ്റ്റ്‌വെയറുകളിൽ മാത്രമല്ല, നമ്മുടെ കമ്പ്യൂട്ടറിലെ ജിപിയു (GPU), റാം (RAM) തുടങ്ങിയ ഹാർഡ്‌വെയറുകളിലും ഈ പോരാട്ടം നടക്കുന്നുണ്ട്. എത്ര വേഗത്തിൽ ഡാറ്റ പ്രോസസ്സ് ചെയ്യാം എന്നതും, ആ പ്രക്രിയയിൽ ഉണ്ടാകുന്ന കാലതാമസം അഥവാ ലേറ്റൻസി എങ്ങനെ കുറയ്ക്കാം എന്നതും വലിയ വെല്ലുവിളിയാണ്. നമ്മുടെ ഡാറ്റ നെറ്റ്‌വർക്കിലൂടെ സഞ്ചരിക്കുമ്പോൾ ഇടയിൽ വെച്ച് ആരെങ്കിലും അത് തട്ടിയെടുക്കാൻ ശ്രമിക്കുന്ന 'മാൻ ഇൻ ദി മിഡിൽ' അറ്റാക്കുകളെയും നമുക്ക് നേരിടേണ്ടതുണ്ട്.

ഇവിടെയാണ് സീറോ ട്രസ്റ്റ് വേൾഡ് എന്ന സങ്കൽപ്പം പ്രസക്തമാകുന്നത്. ഈ പുതിയ ലോകത്ത് നമ്മൾ ആരെയും മുൻകൂട്ടി വിശ്വസിക്കില്ല. ഓരോ ഡാറ്റാ പാക്കറ്റും ഓരോ തവണയും അതിന്റെ വിശ്വാസ്യത തെളിയിക്കേണ്ടി വരും. പക്ഷേ ഒരു വലിയ പ്രതിസന്ധിയുണ്ട്, അതാണ് എഐയും എൻക്രിപ്ഷനും തമ്മിലുള്ള വൈരുദ്ധ്യം. നമ്മൾ ഒരു വീഡിയോ എൻക്രിപ്റ്റ് ചെയ്ത് ഒളിപ്പിച്ചു വെച്ചേക്കാം, പക്ഷേ ആ വീഡിയോ തന്നെ ഒരു എഐ നിർമ്മിച്ച ഡീപ് ഫേക്ക് ആണെങ്കിലോ? അവിടെയാണ് രഹസ്യം സൂക്ഷിക്കുന്നതും (Secrecy) അത് സത്യമാണെന്ന് ഉറപ്പുവരുത്തുന്നതും (Authentication) തമ്മിലുള്ള വ്യത്യാസം നമ്മൾ മനസ്സിലാക്കേണ്ടത്. വിവരങ്ങൾ ഒളിപ്പിച്ചു വെച്ചതുകൊണ്ട് മാത്രം കാര്യമില്ല, അത് അയച്ച ആൾ ശരിയായ ആൾ തന്നെയാണെന്നും ആ ദൃശ്യം യഥാർത്ഥമാണെന്നും ഉറപ്പിക്കാൻ കഴിയണം. ഏതെങ്കിലും ഒരു ഘട്ടത്തിൽ ഈ സിസ്റ്റം പരാജയപ്പെട്ടാൽ എന്ത് സംഭവിക്കും? ഒരു ചെറിയ സുരക്ഷാ വീഴ്ച പോലും സാമ്പത്തികമായും സാമൂഹികമായും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. പലപ്പോഴും സാങ്കേതികവിദ്യയല്ല പരാജയപ്പെടുന്നത്, മറിച്ച് മനുഷ്യരാണ്. ഒരു പാസ്‌വേഡ് ചോരുന്നതോ അല്ലെങ്കിൽ ഒരാൾക്ക് പറ്റുന്ന ചെറിയൊരു അശ്രദ്ധയോ മതി എത്ര വലിയ സിസ്റ്റത്തെയും നിലംപരിശമാക്കാൻ. ഇതിനിടയിൽ സർക്കാരുകളും സ്വകാര്യതയ്ക്ക് വേണ്ടി വാദിക്കുന്നവരും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടങ്ങളും നടക്കുന്നുണ്ട്. ദേശീയ സുരക്ഷയുടെ പേരിൽ വിവരങ്ങൾ പരിശോധിക്കണമെന്ന് സർക്കാരുകൾ ആവശ്യപ്പെടുമ്പോൾ, പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കപ്പെടണമെന്ന് ടെക്നോളജിസ്റ്റുകൾ വാദിക്കുന്നു.

ഭാവിയിൽ എട്ട് കെ (8K) ദൃശ്യങ്ങളും അതിനപ്പുറവുമുള്ള വലിയ ഡാറ്റകൾ വരുമ്പോൾ നമ്മുടെ സുരക്ഷാ സംവിധാനങ്ങൾ അതിനനുസരിച്ച് വളരേണ്ടി വരും. ക്വാണ്ടം ഇന്റർനെറ്റ് എന്ന പുതിയൊരു ആശയത്തിലേക്ക് ലോകം മാറിക്കൊണ്ടിരിക്കുകയാണ്. പ്രകാശവേഗത്തിൽ വിവരങ്ങൾ കൈമാറുന്നതിനൊപ്പം തന്നെ അത് പൂർണ്ണമായും സുരക്ഷിതമാക്കാനുള്ള വഴികളും നമ്മൾ തേടുന്നുണ്ട്. എന്നിരുന്നാലും ഒരു കാര്യം സത്യമാണ്, ഈ ലോകത്ത് നൂറ് ശതമാനം സുരക്ഷിതമായ ഒരു സിസ്റ്റവും നിലവിലില്ല. നമ്മൾ ചെയ്യുന്നത് വെല്ലുവിളികളെ പരമാവധി കുറയ്ക്കുക മാത്രമാണ്. സത്യം എന്നത് ഇന്ന് വെറുമൊരു കാഴ്ചയല്ലെന്ന് നമ്മൾ കണ്ടു. എല്ലാം വ്യാജമായി നിർമ്മിക്കാൻ കഴിയുന്ന, എല്ലാം എൻക്രിപ്ഷന് പിന്നിൽ ഒളിപ്പിക്കാൻ കഴിയുന്ന ഒരു കാലത്ത് 'സത്യം' എന്ന വാക്കിന് പുതിയൊരു അർത്ഥം കണ്ടെത്തേണ്ടി വരും. നമ്മുടെ കണ്ണ് കൊണ്ട് കാണുന്നത് വിശ്വസിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് നമ്മൾ മാറുകയാണ്. ഒരുപക്ഷേ നമ്മൾ ഒരു സിമുലേഷനിലാണോ ജീവിക്കുന്നത് എന്ന പഴയ തത്വശാസ്ത്രപരമായ ചോദ്യം പോലും ഇന്ന് പ്രസക്തമാകുന്നു. ഡിജിറ്റൽ ലോകത്തെ ഈ മാറ്റങ്ങൾ നമ്മുടെ സമൂഹത്തെയും മനുഷ്യബന്ധങ്ങളെയും എങ്ങനെയൊക്കെ ബാധിക്കും എന്നത് കണ്ടറിയേണ്ടി വരും. അവസാനം ഇതൊരു എൻക്രിപ്ഷൻ സാങ്കേതികവിദ്യയുടെ മാത്രം കഥയല്ല, മറിച്ച് സാങ്കേതികവിദ്യയുടെ വേഗത്തിനിടയിൽ മനുഷ്യന് തന്റെ തനിമയും സത്യവും എങ്ങനെ മുറുകെ പിടിക്കാൻ കഴിയും എന്നതിനെക്കുറിച്ചുള്ള വലിയൊരു അന്വേഷണമാണ്. നാം കാണുന്ന ദൃശ്യങ്ങൾക്കപ്പുറം, ഈ ലോകത്തിന്റെ യഥാർത്ഥ മുഖം തിരിച്ചറിയാൻ നമുക്ക് സാധിക്കുമോ? അതോ നാം നിർമ്മിച്ച കോഡുകൾക്കുള്ളിൽ നാം തന്നെ തടവിലാക്കപ്പെടുമോ? ഈ ചോദ്യത്തിനുള്ള ഉത്തരം തേടിയാണ് മനുഷ്യരാശി ഇന്ന് യാത്ര ചെയ്യുന്നത്.

യഥാർത്ഥത്തിൽ സത്യം എന്നത് ഒരു നിശ്ചിത രൂപമുള്ള ഒന്നാണെന്ന് നമ്മൾ പണ്ട് കരുതിയിരുന്നു. എന്നാൽ ഇന്ന് സത്യം എന്നത് വെറുമൊരു നിഗമനം മാത്രമായി മാറുകയാണ്. ഇതിനെയാണ് എപ്പിസ്റ്റമോളജി അഥവാ അറിവിന്റെ ശാസ്ത്രം എന്ന് വിളിക്കുന്നത്. നമ്മൾ കാണുന്ന ഡിജിറ്റൽ ദൃശ്യങ്ങൾ യാഥാർത്ഥ്യത്തിന്റെ പകർപ്പുകളല്ല, മറിച്ച് യാഥാർത്ഥ്യം പോലെ തോന്നിപ്പിക്കുന്ന ചില ഡാറ്റാ പാറ്റേണുകൾ മാത്രമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിർമ്മിക്കുന്ന ലോകങ്ങളിൽ ജീവിക്കുമ്പോൾ, ഏതാണ് യഥാർത്ഥമെന്നും ഏതാണ് നിർമ്മിതമെന്നും തിരിച്ചറിയാൻ കഴിയാത്ത ഒരു അവസ്ഥയിലേക്ക് നമ്മൾ ഓരോരുത്തരും എത്തുന്നു. ഇത് ഒരുതരം സിമുലേഷൻ പോലെയാണ്. നമ്മൾ ഒരു വലിയ കമ്പ്യൂട്ടർ പ്രോഗ്രാമിനുള്ളിലാണോ ജീവിക്കുന്നത് എന്ന് പണ്ട് തത്വചിന്തകർ ചിന്തിച്ചിരുന്നെങ്കിൽ, ഇന്ന് നമ്മൾ തന്നെ അത്തരമൊരു പ്രോഗ്രാം നിർമ്മിച്ചുകൊണ്ടിരിക്കുകയാണ് എന്നതാണ് വാസ്തവം. ക്വാണ്ടം ഭൗതികത്തിലെ ഒരു പ്രധാന തത്വമുണ്ട് ഒന്നിനെ നിരീക്ഷിക്കുമ്പോൾ ആ നിരീക്ഷണം തന്നെ ആ വസ്തുവിന്റെ സ്വഭാവത്തെ മാറ്റുന്നു. അതുപോലെ തന്നെ, നമ്മൾ ഒരു ഡിജിറ്റൽ സത്യത്തെ പരിശോധിക്കാൻ ശ്രമിക്കുമ്പോൾ, ആ പരിശോധന പോലും ആ സത്യത്തെ മാറ്റിമറിച്ചേക്കാം എന്ന അവസ്ഥയാണ് ഇന്നുള്ളത്.

ഇവിടെയാണ് നമ്മുടെ ഷെയേർഡ് റിയാലിറ്റി അഥവാ പൊതുവായ യാഥാർത്ഥ്യം അപകടത്തിലാകുന്നത്. പണ്ട് ഒരു കാര്യം ടെലിവിഷനിലോ പത്രത്തിലോ കണ്ടാൽ അത് സത്യമാണെന്ന് ലോകം മുഴുവൻ ഒരേപോലെ വിശ്വസിച്ചിരുന്നു. എന്നാൽ ഇന്ന് ഓരോ വ്യക്തിക്കും ഓരോ സത്യമാണ്. ഒരാൾ കാണുന്ന വീഡിയോ ആയിരിക്കില്ല സോഷ്യൽ മീഡിയയിലൂടെ മറ്റൊരാൾ കാണുന്നത്. ഡീപ് ഫേക്കുകൾ വഴി സത്യത്തെ പൂർണ്ണമായും അദൃശ്യമാക്കാൻ സാധിക്കും. ഇത് സമൂഹത്തിന്റെ കെട്ടുറപ്പിനെത്തന്നെയാണ് ബാധിക്കുന്നത്. ജനങ്ങൾക്കിടയിലുള്ള പരസ്പര വിശ്വാസം നഷ്ടപ്പെട്ടാൽ ഒരു ജനാധിപത്യ സംവിധാനത്തിനോ നീതിന്യായ വ്യവസ്ഥയ്ക്കോ നിലനിൽപ്പില്ലാത്ത അവസ്ഥ വരും. കോടതിയിൽ ഹാജരാക്കുന്ന വീഡിയോ തെളിവ് പോലും വ്യാജമാണെന്ന് തെളിയിക്കപ്പെട്ടാൽ നമ്മൾ ആരെയാണ് വിശ്വസിക്കുക? അതുകൊണ്ട് തന്നെയാണ് ബ്ലോക്ക്ചെയിൻ പോലുള്ള പുതിയ സാങ്കേതികവിദ്യകൾ നമ്മൾ പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നത്. ഓരോ ദൃശ്യത്തിനും ഓരോ ഡിജിറ്റൽ ഒപ്പുകൾ നൽകി അതിന്റെ ഉറവിടം മാറ്റമില്ലാതെ സൂക്ഷിക്കാൻ ഇതിലൂടെ നമുക്ക് കഴിഞ്ഞേക്കാം. പക്ഷേ സാങ്കേതികവിദ്യയ്ക്ക് എപ്പോഴും ഒരു പരിധിയുണ്ട്.

ഇത് കേവലം കോഡുകളുടെയോ ക്വാണ്ടം കമ്പ്യൂട്ടറുകളുടെയോ മാത്രം പ്രശ്നമല്ല. ഇത് മനുഷ്യന്റെ അതിജീവനത്തിന്റെ പ്രശ്നമാണ്. സാങ്കേതികവിദ്യ എത്ര വളർന്നാലും നമ്മുടെ സ്വന്തം യുക്തിയും ചിന്താശേഷിയും ഉപയോഗിച്ച് സത്യത്തെ തിരിച്ചറിയാനുള്ള കഴിവ് നാം വളർത്തിയെടുക്കേണ്ടതുണ്ട്. സത്യത്തെ വെറുതെ വിശ്വസിക്കുന്നതിന് പകരം, അത് പരിശോധിക്കാനും ചോദ്യം ചെയ്യാനും നാം ഓരോരുത്തരും പഠിക്കണം. കാരണം, നമ്മൾ നിർമ്മിച്ച ഈ ഡിജിറ്റൽ ലോകത്ത് ഏറ്റവും വലിയ ആയുധം എൻക്രിപ്ഷനോ ക്വാണ്ടം കമ്പ്യൂട്ടറുകളോ അല്ല, മറിച്ച് സത്യം തിരിച്ചറിയാനുള്ള മനുഷ്യന്റെ ആഗ്രഹമാണ്. നാം കാണുന്ന ലോകം ഒരു ഇല്യൂഷൻ അഥവാ മായക്കാഴ്ചയായി മാറുമ്പോഴും, ആ മായയ്ക്കപ്പുറം മറഞ്ഞിരിക്കുന്ന സത്യത്തിന്റെ കണിക തേടിയുള്ള ഈ യുദ്ധം തുടർന്നു കൊണ്ടേയിരിക്കും. ഇത് എൻക്രിപ്ഷനെ കുറിച്ചുള്ള ഒരു കഥയല്ല, മറിച്ച് മാറ്റങ്ങൾക്കിടയിൽ മനുഷ്യൻ തന്റെ സ്വത്വം വീണ്ടെടുക്കാൻ നടത്തുന്ന പോരാട്ടമാണ്. യാഥാർത്ഥ്യം എന്നത് ഇനി നാം കാണുന്നതല്ല, മറിച്ച് നാം എന്ത് വിശ്വസിക്കാൻ തിരഞ്ഞെടുക്കുന്നു എന്നതിനെ കൂടി ആശ്രയിച്ചിരിക്കും. സത്യത്തിനായുള്ള ഈ യുദ്ധത്തിൽ നമ്മുടെ ബോധമാണ് നമ്മുടെ അവസാനത്തെ പ്രതിരോധം.

More in Technology

മൂന്ന് നക്ഷത്രങ്ങളുടെ കുതിപ്പ്: ലോകത്തെ നിയന്ത്രിക്കുന്ന അദൃശ്യ സാമ്രാജ്യം
Brand Stories

മൂന്ന് നക്ഷത്രങ്ങളുടെ കുതിപ്പ്: ലോകത്തെ നിയന്ത്രിക്കുന്ന അദൃശ്യ സാമ്രാജ്യം

Jithinraj · 4 min read
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന സംഭവത്തെ നമുക്കൊന്ന് ഡീകോഡ് ചെയ്യാം: അടിസ്ഥാന സയൻസ് മുതൽ ഭാവിയിലെ സാധ്യതകൾ വരെ
Science

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന സംഭവത്തെ നമുക്കൊന്ന് ഡീകോഡ് ചെയ്യാം: അടിസ്ഥാന സയൻസ് മുതൽ ഭാവിയിലെ സാധ്യതകൾ വരെ

Arundhathi · 9 min read
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ പിതാവ് നേരിട്ട ഏറ്റവും വലിയ വെല്ലുവിളി
Politics

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ പിതാവ് നേരിട്ട ഏറ്റവും വലിയ വെല്ലുവിളി

Jithinraj · 3 min read
ഇന്റലിന് എന്തു സംഭവിക്കുന്നു?
Brand Stories

ഇന്റലിന് എന്തു സംഭവിക്കുന്നു?

Jithinraj · 5 min read
ഉറക്കമില്ലാത്ത രാത്രികളും മാനിപ്പുലേഷനും
Brand Stories

ഉറക്കമില്ലാത്ത രാത്രികളും മാനിപ്പുലേഷനും

Jithinraj · 3 min read
ഈ കമ്പനി ഇല്ലെങ്കിൽ ലോകം നിശ്ചലമാകും
Brand Stories

ഈ കമ്പനി ഇല്ലെങ്കിൽ ലോകം നിശ്ചലമാകും

Jithinraj · 4 min read
അഞ്ചു പൈസ ചെലവും പരസ്യവുമില്ലാതെ ലോകം കീഴടക്കിയ വീഡിയോ ആപ്പ്
Brand Stories

അഞ്ചു പൈസ ചെലവും പരസ്യവുമില്ലാതെ ലോകം കീഴടക്കിയ വീഡിയോ ആപ്പ്

Jithinraj · 4 min read
മൊബൈലുകൾ കമ്പ്യൂട്ടറിനെ വെല്ലുന്നത് ഇങ്ങനെ | Snapdragon chip
Brand Stories

മൊബൈലുകൾ കമ്പ്യൂട്ടറിനെ വെല്ലുന്നത് ഇങ്ങനെ | Snapdragon chip

Jithinraj · 4 min read
ഇന്റർനെറ്റും GPSഉം ഇല്ലാതെ ഒരു ട്രെയിനിനെ ട്രാക്ക് ചെയ്ത ആപ്ലിക്കേഷൻ കഥ.
Brand Stories

ഇന്റർനെറ്റും GPSഉം ഇല്ലാതെ ഒരു ട്രെയിനിനെ ട്രാക്ക് ചെയ്ത ആപ്ലിക്കേഷൻ കഥ.

Jithinraj · 3 min read
നോക്കിയക്ക് എന്ത് സംഭവിച്ചു ?
Brand Stories

നോക്കിയക്ക് എന്ത് സംഭവിച്ചു ?

Jithinraj · 4 min read
Tags: #CyberSecurity#QuantumCryptography#VideoEncryption#CloudSecurity

YouTube Videos

See all Videos

Your support helps us create quality content

Comments (0)

Login to leave a comment

Join the conversation and share your thoughts. Your opinions are valuable to us.

Loading comments...
Watch & Subscribe