Science

ആകാശത്തിലെ അത്ഭുതങ്ങളും മനുഷ്യൻ്റെ പേടിയും: വിമാനയാത്രകൾക്ക് പിന്നിലെ യഥാർത്ഥ ശാസ്ത്രം

jithinraj
Jithinraj
10 min read
ആകാശത്തിലെ അത്ഭുതങ്ങളും മനുഷ്യൻ്റെ പേടിയും: വിമാനയാത്രകൾക്ക് പിന്നിലെ യഥാർത്ഥ ശാസ്ത്രം

അഹമ്മദാബാദിൽ സംഭവിച്ച ആ ഒരു വിമാന അപകടത്തെക്കുറിച്ച് നമ്മൾ കേട്ടപ്പോൾ നമ്മുടെയൊക്കെ നെഞ്ചിലൊരു ആളലായിരുന്നു, അല്ലേ? കുറേ മനുഷ്യരുടെ ജീവിതം ഒറ്റ നിമിഷം കൊണ്ട് തകിടം മറിഞ്ഞു, ഒരുപാട് പേരുടെ ജീവൻ പൊലിഞ്ഞുപോയി. ഇത്തരം വാർത്തകൾ കാണുമ്പോൾ സ്വാഭാവികമായും നമ്മുടെ ഉള്ളിൽ വല്ലാത്തൊരു ഭയം തോന്നും. നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കൂ, ശരിക്കും എന്താണ് ഈ വിമാനയാത്ര? വളരെ ലളിതമായി പറഞ്ഞാൽ, ഭാരം കുറഞ്ഞ അലുമിനിയവും മറ്റ് ലോഹക്കൂട്ടുകളും കൊണ്ട് ഉണ്ടാക്കിയ, ഉള്ളിലെ വായുമർദ്ദം കൃത്രിമമായി ക്രമീകരിച്ചിരിക്കുന്ന ഒരു വലിയ കുഴൽ. അതിനുള്ളിൽ അപരിചിതരായ നൂറുകണക്കിന് മനുഷ്യർ തോളോട് തോൾ ചേർന്ന് അടുത്തടുത്ത് അടങ്ങിയിരിക്കുന്നു. നമ്മുടെ തൊട്ടുതാഴെയും ചിറകുകളിലുമായി ടൺ കണക്കിന് ഇന്ധനം തിളച്ചുമറിയുന്നുണ്ട്, അതിഭീകരമായ ചൂടിൽ കത്തുന്നുണ്ട്. കൂറ്റൻ ജെറ്റ് എൻജിനുകൾ ലക്ഷക്കണക്കിന് കുതിരശക്തിയോടെ പ്രവർത്തിക്കുന്നു. ഇതെല്ലാം കൂടിച്ചേർന്ന് മണിക്കൂറിൽ എണ്ണൂറും തൊള്ളായിരവും കിലോമീറ്റർ വേഗതയിൽ ഭൂമിയിൽ നിന്ന് ഏകദേശം പതിനൊന്ന് കിലോമീറ്റർ ഉയരത്തിൽ, അതായത് 35,000 അടി മുകളിൽ ആകാശത്തിലൂടെ പാഞ്ഞുപോകുകയാണ്. നിങ്ങൾ ജനലിലൂടെ പുറത്തേക്ക് നോക്കുന്ന ആ ആകാശത്തിന്റെ അവസ്ഥ എന്താണെന്ന് അറിയാമോ? അവിടെ സാധാരണ മനുഷ്യന് ഒരു ശ്വാസമെടുക്കാൻ പോലും വായുവില്ല. അത്രയ്ക്ക് കനംകുറഞ്ഞ അന്തരീക്ഷമാണത്. പുറത്തെ തണുപ്പാണെങ്കിൽ മൈനസ് 56 ഡിഗ്രി സെൽഷ്യസിനും താഴെയാണ്. രക്തം പോലും നിമിഷനേരം കൊണ്ട് കട്ടപിടിച്ചുപോകുന്ന അവസ്ഥ. എന്നിട്ടും നമ്മൾ യാതൊരു കൂസലുമില്ലാതെ വളരെ കൂളായി ആകാശത്തിലൂടെ പറക്കുകയാണ്.

പക്ഷേ, യാത്രയ്ക്കിടയിൽ അപ്രതീക്ഷിതമായി വിമാനത്തിന് ചെറിയൊരു കുലുക്കം, അതായത് ഒരു ടർബുലൻസ് ഉണ്ടാകുന്നു എന്ന് കരുതുക. ആ കുലുക്കം ഒരല്പം നീണ്ടുനിന്നാൽ നമ്മുടെ ഉള്ളിൽ എന്താണ് സംഭവിക്കുന്നത്? നെഞ്ചിടിപ്പ് കൂടും, അടിവയറ്റിൽ നിന്ന് ഒരു ആളൽ വരും. ആ നിമിഷത്തിൽ നമ്മുടെ തലച്ചോർ ഉള്ളിലേക്ക് അപകടത്തിന്റെ ഒരു അപായസന്ദേശം അയക്കുകയാണ്. അത് ഇന്നോ ഇന്നലെയോ ഉണ്ടായ ഒരു പ്രതികരണമല്ല. ദശലക്ഷക്കണക്കിന് വർഷങ്ങളായി മണ്ണിൽ ചവിട്ടി ജീവിച്ചുശീലിച്ച നമ്മുടെ ആദിമ മനുഷ്യന്റെ അതേ തലച്ചോറാണ് അപ്പോഴും നമ്മുടെ ഉള്ളിലിരുന്ന് ആ ചോദ്യം ചോദിക്കുന്നത്. ഒരുപക്ഷേ ഈ അത്ഭുത യന്ത്രത്തിന്റെ പ്രവർത്തനം ഇപ്പോൾ നിലച്ചുപോയാലോ? നമ്മൾ ഈ വിശ്വസിച്ചു കയറിയിരിക്കുന്ന സംവിധാനങ്ങൾ ഒന്നടങ്കം തകർന്നടിഞ്ഞാലോ? കണ്ണടച്ചു തുറക്കുന്ന വേഗതയിൽ ഭൂമി നമ്മുടെ നേരെ പാഞ്ഞടുത്ത് വന്ന് ഇടിച്ചാലോ? കാരണം നമ്മൾ പത്രങ്ങളിലും ടിവിയിലുമൊക്കെ അത്തരം ദുരന്തവാർത്തകൾ കണ്ടിട്ടുണ്ട്, വായിച്ചിട്ടുണ്ട്. ആ ഓർമ്മകൾ ആ നിമിഷത്തിൽ ഒരു മിന്നൽ പോലെ നമ്മുടെ മുന്നിലേക്ക് ഓടിയെത്തും. അതുകൊണ്ടുതന്നെ വിമാനത്തിൽ കയറുന്ന പലരും ഉള്ളിന്റെയുള്ളിൽ ഇത്തരം ചിന്തകളെ ബലമായി അമർത്തിവെച്ചുകൊണ്ടാണ് ഓരോ യാത്രയും ചെയ്യുന്നത്.

അപ്പൊ സംഭവം എന്താണെന്ന് വെച്ചാൽ, നമുക്ക് ആദ്യം ഒരു വലിയ സംഖ്യയെക്കുറിച്ച് സംസാരിക്കാം. നമ്മുടെ ഉള്ളിലുള്ള ഈ ഭയവും ഉത്കണ്ഠയും കണക്കുകളുടെ വെളിച്ചത്തിൽ നോക്കുമ്പോൾ എത്രത്തോളം യുക്തിസഹമാണ്? നിങ്ങൾ ഒരു വാണിജ്യ വിമാനത്തിൽ കയറുമ്പോൾ ഒരു അപകടത്തിൽ പെട്ട് മരിക്കാനുള്ള സാധ്യത എത്രയാണെന്ന് അറിയാമോ? പല അന്താരാഷ്ട്ര പഠനങ്ങളും പറയുന്നത് അത് ഒരുകോടി പത്തുലക്ഷത്തിൽ ഒന്ന് മാത്രമാണെന്നാണ്. മറ്റു ചില ആഗോള സുരക്ഷാ പഠനങ്ങൾ പറയുന്നത് അത് പതിനൊന്ന് കോടി തൊണ്ണൂറ് ലക്ഷത്തിൽ ഒന്ന് മാത്രമാണെന്നാണ്. ഇത് കേൾക്കുമ്പോൾ കാര്യങ്ങൾ അത്ര പെട്ടെന്ന് മനസ്സിലായില്ലെങ്കിൽ നമുക്ക് മറ്റൊരു രീതിയിൽ പറയാം. നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾക്ക് ഇടിമിന്നലേൽക്കാനോ, സ്വന്തം വീട്ടിലെ കട്ടിലിൽ നിന്ന് ഉറക്കത്തിൽ ഉരുണ്ടുവീണ് മരിക്കാനോ, അല്ലെങ്കിൽ നിങ്ങൾ എടുത്ത ഒരു ഭാഗ്യക്കുറിക്ക് ഒന്നാം സമ്മാനം അടിക്കാനോ ഉള്ള സാധ്യതയേക്കാൾ വളരെ വളരെ കുറവാണ് ഒരു വിമാനാപകടത്തിൽ ജീവൻ നഷ്ടപ്പെടാനുള്ള സാധ്യത. സുരക്ഷയുടെ കാര്യത്തിൽ ഈ കണക്കുകൾ ആരെയും അമ്പരപ്പിക്കുന്നതാണ്. ആഗോളതലത്തിൽ നമ്മൾ എടുത്തുനോക്കുകയാണെങ്കിൽ, ഒരു ലക്ഷത്തിലധികം യാത്രാവിമാനങ്ങളാണ് ഓരോ ദിവസവും ആകാശത്തിലൂടെ ലോകത്തിന്റെ പല കോണുകളിലേക്ക് പറന്നുയരുകയും ഇറങ്ങുകയും ചെയ്യുന്നത്. നിമിഷങ്ങൾ വെച്ച് കണക്കുകൂട്ടിയാൽ ഈ ഭൂമിയിൽ ഓരോ സെക്കൻഡിലും കുറഞ്ഞത് ഒരു വിമാനമെങ്കിലും റൺവേയിൽ നിന്ന് പറന്നുയരുകയോ റൺവേയിലേക്ക് സുരക്ഷിതമായി ലാൻഡ് ചെയ്യുകയോ ചെയ്തുകൊണ്ടിരിക്കുന്നുണ്ട്.

നമ്മുടെ ഇന്ത്യയുടെ കാര്യം തന്നെയെടുക്കാം. മഹാമാരികളും പ്രതിസന്ധികളുമൊന്നുമില്ലാത്ത ഒരു സാധാരണ ദിവസത്തെ കണക്കെടുത്താൽ, നമ്മുടെ ആഭ്യന്തര വിമാനക്കമ്പനികൾ മാത്രം പ്രതിദിനം നാലര ലക്ഷത്തിലധികം ആളുകളെ മൂവായിരത്തിലധികം വിമാനങ്ങളിലായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. നാലര ലക്ഷം മനുഷ്യർ എന്ന് പറഞ്ഞാൽ അതൊരു ചെറിയ നഗരത്തിന്റെ ജനസംഖ്യയോളം വരും. അത്രയധികം ആളുകളെയാണ് ദിവസേന അപകടമൊന്നുമില്ലാതെ വായുവിൽ ഉയർത്തിക്കൊണ്ടുപോയി സുരക്ഷിതമായി താഴെയിറക്കുന്നത്. അപ്പോൾ സ്വാഭാവികമായും നിങ്ങളുടെ മനസ്സിൽ ഒരു ചോദ്യം വരും. ഇത്രയധികം സുരക്ഷിതമാണ് ഈ യാത്രയെങ്കിൽ, എന്തുകൊണ്ടാണ് ഒരു വിമാന ദുരന്തത്തെക്കുറിച്ച് കേൾക്കുമ്പോൾ മാത്രം നമുക്ക് ആകെ ഭയവും വിമാനയാത്ര അപകടകരമാണെന്ന തോന്നലും ഉണ്ടാകുന്നത്? കാര്യം വളരെ ലളിതമാണ്. നമ്മുടെ തലച്ചോർ കണക്കുകൾ കൂട്ടുന്ന ഒരു കാൽക്കുലേറ്റർ ഒന്നുമല്ല. മറിച്ച്, നമ്മുടെ തലച്ചോറ് ഒരു കിടിലൻ കഥാകാരനാണ്. ലക്ഷക്കണക്കിന് ആളുകൾ ദിവസവും സുരക്ഷിതമായി പറന്നിറങ്ങുന്ന വാർത്തകൾക്ക് ഒരു നാടകീയതയുമില്ല, അതിലൊരു കഥയുമില്ല. അതുകൊണ്ട് തലച്ചോർ അത് കാര്യമായി ശ്രദ്ധിക്കില്ല. എന്നാൽ എവിടെയെങ്കിലും ഒരു വിമാനം തകർന്നു വീണാൽ, അതൊരു വലിയ ദൃശ്യവിരുന്നും ഹൃദയഭേദകമായ കഥയുമായി മാറുകയാണ്. ഇതിനെ മനഃശാസ്ത്രത്തിൽ അവൈലബിലിറ്റി ഹ്യൂറിസ്റ്റിക് എന്നാണ് വിളിക്കുന്നത്. കൂടുതൽ നാടകീയമായതും, വലിയ വികാരങ്ങൾ ഉണർത്തുന്നതും, ഭയമുണ്ടാക്കുന്നതുമായ സംഭവങ്ങൾ നമ്മുടെ ഓർമ്മയിൽ എളുപ്പത്തിൽ മായാതെ നിൽക്കും. അതുകൊണ്ട് അത്തരം കാര്യങ്ങൾ സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് നമ്മുടെ മനസ്സ് നമ്മെ തെറ്റിദ്ധരിപ്പിക്കും. ഉദാഹരണത്തിന്, കൊറോണ കാലത്ത് നമ്മുടെ കേരളത്തിലെ ഒരു വിമാനത്താവളത്തിൽ ഉണ്ടായ ആ ദാരുണമായ അപകടം ഒന്ന് ഓർത്തുനോക്കൂ. ഞാൻ ആ വിമാനത്താവളത്തിന്റെ പേര് പോലും പറയാതെ തന്നെ നിങ്ങളുടെ മനസ്സിലേക്ക് തകർന്നു കിടക്കുന്ന ആ വിമാനത്തിന്റെ ദൃശ്യങ്ങളും മഴയും പത്രവാർത്തകളുമൊക്കെ ഓടിയെത്തിയില്ലേ? അതാണ് ഈ മനഃശാസ്ത്ര പ്രതിഭാസം.

ശരി, എങ്കിൽ നമുക്ക് ആ ഭയത്തെ മാറ്റിനിർത്തി, ഒരു ശാസ്ത്രീയ കൗതുകത്തോടെ കാര്യങ്ങളെ ഒന്ന് വിശകലനം ചെയ്തുനോക്കാം. നമ്മൾ പതിനൊന്ന് കിലോമീറ്റർ ഉയരത്തിൽ ഒരു വിമാനത്തിനുള്ളിൽ ഇരിക്കുകയാണ് എന്ന് സങ്കൽപ്പിക്കുക. സാധാരണയായി പലരും ചോദിക്കുന്ന ഏറ്റവും രസകരമായ ഒരു ക്ലാസിക് ചോദ്യമുണ്ട്. ഇത്രയും ഉയരത്തിൽ പോകുന്ന വിമാനത്തിൽ എന്തുകൊണ്ടാണ് എല്ലാ യാത്രക്കാർക്കും ഓരോ പാരച്ചൂട്ട് വീതം നൽകാത്തത്? ഒരു അപകടം വരുമ്പോൾ എല്ലാവർക്കും പാരച്ചൂട്ടും കെട്ടി പുറത്തേക്ക് ചാടിക്കൂടെ? പുറമെ നിന്ന് നോക്കുമ്പോൾ അതൊരു നല്ല ഐഡിയ ആയി തോന്നാം. പെട്ടെന്ന് അപകടം കാണുമ്പോൾ ഒരു ബാക്ക്പാക്ക് പോലെ പാരച്ചൂട്ട് തോളിലിടുന്നു, വിമാനത്തിന്റെ വാതിൽ തുറക്കുന്നു, പുറത്തേക്ക് എടുത്തു ചാടുന്നു, താഴേക്ക് പറന്നിറങ്ങി രക്ഷപ്പെടുന്നു. സിനിമയിലൊക്കെ കാണുന്നതുപോലെ എത്ര സിംപിൾ! എന്നാൽ പ്രായോഗികമായി ശാസ്ത്രം പറയുന്നത് മറ്റൊന്നാണ്. അങ്ങനെ ചെയ്യാൻ കഴിയില്ലെന്ന് മാത്രമല്ല, അതൊരു വലിയ ആത്മഹത്യാപരമായ നീക്കമായിരിക്കും. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത് എന്ന് നമുക്ക് നോക്കാം. നിങ്ങൾ പറക്കുന്നത് 35,000 അടി ഉയരത്തിലാണ്. ആ ഉയരത്തിലുള്ള അന്തരീക്ഷമർദ്ദം മനുഷ്യശരീരത്തിന് താങ്ങാൻ കഴിയില്ല. അവിടെ വായു വളരെ നേർത്തതാണ്, ശ്വസിക്കാൻ ആവശ്യമായ ഓക്സിജൻ അവിടെയില്ല. പ്രത്യേക ഓക്സിജൻ മാസ്കുകളോ മർദ്ദം ക്രമീകരിച്ച വസ്ത്രങ്ങളോ ഇല്ലാതെ നിങ്ങൾ ആ ഉയരത്തിൽ പുറത്തിറങ്ങിയാൽ പരമാവധി മുപ്പത് സെക്കൻഡിനുള്ളിൽ നിങ്ങൾക്ക് ബോധം നഷ്ടപ്പെടും.

അടുത്ത പ്രശ്നം അവിടുത്തെ അതിഭീകരമായ തണുപ്പാണ്. മൈനസ് അമ്പതോ അറുപതോ ഡിഗ്രി തണുപ്പിലേക്ക് ഒരു സാധാരണ ഷർട്ടും പാന്റുമിട്ട് നിങ്ങൾ എടുത്തുചാടിയാൽ വിറങ്ങലിച്ച് നിമിഷങ്ങൾക്കകം മരവിച്ചുപോകും. പോരാത്തതിന് വിമാനം പറക്കുന്നത് മണിക്കൂറിൽ എണ്ണൂറിലധികം കിലോമീറ്റർ വേഗതയിലാണ്. ആ വേഗതയിൽ പറക്കുന്ന ഒരു വിമാനത്തിൽ നിന്ന് പുറത്തേക്ക് ചാടാൻ ശ്രമിച്ചാൽ എന്ത് സംഭവിക്കും എന്ന് അറിയാമോ? കാറ്റഗറി ഫൈവ് ചുഴലിക്കാറ്റിൽ മണിക്കൂറിൽ ഇരുന്നൂറും മുന്നൂറും കിലോമീറ്റർ വേഗതയിൽ കാറ്റടിക്കുമ്പോൾ തന്നെ വീടുകളും മരങ്ങളും നിലംപൊത്തുന്നത് നമ്മൾ കണ്ടിട്ടുണ്ട്. അപ്പോൾ എണ്ണൂറ് കിലോമീറ്റർ വേഗതയിൽ അടിക്കുന്ന കാറ്റിലേക്ക് ഇറങ്ങുന്നത് ഒരു വലിയ കോൺക്രീറ്റ് ഭിത്തിയിലേക്ക് പോയി ഇടിക്കുന്നതിന് തുല്യമാണ്. പാരച്ചൂട്ട് പുറത്തേക്ക് വരുന്നതിന് മുൻപ് തന്നെ ആ കാറ്റിന്റെ ശക്തിയിൽ നമ്മുടെ എല്ലുകൾ നുറുങ്ങിപ്പോകാം, അല്ലെങ്കിൽ കാറ്റിൽ കറങ്ങി വിമാനത്തിന്റെ തന്നെ വാലിലോ ചിറകിലോ പോയി ഇടിച്ച് തവിടുപൊടിയാകാം.

ഇനി ഇതിലും വലിയ മറ്റൊരു തമാശയുണ്ട്. ഈ പറയുന്ന സാഹചര്യത്തിൽ നിങ്ങൾക്ക് വിമാനത്തിന്റെ വാതിൽ തുറക്കാൻ പോലും സാധിക്കില്ല എന്നതാണ് യാഥാർത്ഥ്യം. നിങ്ങൾ സിനിമകളിൽ കണ്ടിട്ടുണ്ടാകും, വില്ലനോ നായകനോ പറക്കുന്ന വിമാനത്തിന്റെ ലിവർ വലിച്ച് ഒറ്റത്തള്ളലിന് വാതിൽ പുറത്തേക്ക് തുറക്കുന്നത്, പിന്നാലെ കാറ്റടിച്ച് സാധനങ്ങളൊക്കെ പുറത്തേക്ക് പറന്നുപോകുന്നത്. എന്നാൽ യാഥാർത്ഥ്യത്തിൽ അത് ഒരിക്കലും നടക്കില്ല. കാരണം വിമാനങ്ങളുടെ വാതിലുകൾ പ്ലഗ് ഡോർ എന്ന പ്രത്യേക സാങ്കേതികവിദ്യയിലാണ് നിർമ്മിച്ചിരിക്കുന്നത്. വിമാനത്തിനകത്ത് നമുക്ക് ശ്വസിക്കാൻ പാകത്തിൽ കൃത്രിമമായി വായുമർദ്ദം കൂട്ടി നിർത്തിയിരിക്കുകയാണ്. പുറത്താണെങ്കിൽ മർദ്ദം വളരെ കുറവും. സ്വാഭാവികമായും ഉള്ളിലെ ഈ ഉയർന്ന മർദ്ദം വിമാനത്തിന്റെ വാതിലിനെ ഫ്രെയിമിലേക്ക് ശക്തമായി തള്ളിപ്പിടിച്ചുകൊണ്ട് ഇരിക്കുകയാണ്. കണക്കുകൾ പ്രകാരം ആയിരക്കണക്കിന് കിലോഗ്രാം ഭാരം പുറത്തുനിന്ന് വെച്ച് അമർത്തിയതുപോലെയുള്ള മർദ്ദമാണ് ആ വാതിലിൽ അനുഭവപ്പെടുന്നത്. ഏതെങ്കിലും ഒരു സൂപ്പർ ഹീറോ ശക്തിയുണ്ടെങ്കിൽ മാത്രമേ വായുവിൽ വെച്ച് ഒരു മനുഷ്യന് ആ വാതിൽ വലിച്ച് തുറക്കാൻ സാധിക്കൂ.

ഇനി കുറച്ചുകൂടി മനുഷ്യന്റെ സ്വാഭാവിക പെരുമാറ്റം വെച്ച് ചിന്തിച്ചുനോക്കൂ. വിമാനത്തിന് എന്തെങ്കിലും തകരാർ പറ്റി താഴേക്ക് പതിക്കുകയാണെന്ന് അറിഞ്ഞാൽ എന്തായിരിക്കും ഉള്ളിലെ അവസ്ഥ? ആളുകൾ ഭയന്നുവിറച്ച് അലറിവിളിക്കും. ഒരു സിനിമാ തിയേറ്ററിലോ പൊതുസ്ഥലത്തോ ചെറിയൊരു തീപിടുത്തമുണ്ടായാൽ പോലും നമ്മൾ എന്താണ് കാണാറുള്ളത്? പരക്കം പാച്ചിലും ഉന്തും തള്ളും ചവിട്ടുമൊക്കെയായി ആളുകൾ കൂട്ടത്തോടെ ദുരന്തത്തിലേക്ക് വീഴും. അപ്പോൾ ആടിയുലയുന്ന ഒരു വിമാനത്തിനുള്ളിൽ, ജീവിതത്തിൽ ഒരിക്കൽ പോലും പാരച്ചൂട്ട് കണ്ടിട്ടില്ലാത്ത ഇരുന്നൂറോ മുന്നൂറോ സാധാരണക്കാർ പരിഭ്രാന്തരായി പരക്കം പായുമ്പോൾ, അവർ കൃത്യമായി ആ പാരച്ചൂട്ട് ധരിച്ച്, വാതിലിലൂടെ ഓരോരുത്തരായി ചാടി രക്ഷപ്പെടും എന്ന് കരുതുന്നത് എത്രത്തോളം അസംബന്ധമാണ്? സമ്മർദ്ദഘട്ടങ്ങളിൽ സ്വയം നിയന്ത്രിക്കാനും ശാന്തതയോടെ കാര്യങ്ങൾ ചെയ്യാനും വലിയ പരിശീലനം വേണം. പേടിയെ മറികടന്ന് കൃത്യമായി ചിന്തിക്കാനും ഇടപെടാനും സാധിക്കുക എന്നത് ജീവിതത്തിൽ എത്രത്തോളം അത്ഭുതകരമായ കഴിവാണ് എന്ന് നമ്മൾ ഓർക്കണം. ഏത് പ്രതിസന്ധിയിലും ആത്മവിശ്വാസത്തോടെ നിലകൊള്ളാനും ധൈര്യത്തോടെ കാര്യങ്ങൾ അവതരിപ്പിക്കാനും നമ്മളെ പ്രാപ്തരാക്കുന്ന മാനസിക പരിശീലനങ്ങൾ നൽകുന്ന ഒരു പാഠ്യപദ്ധതി ഞാൻ തയ്യാറാക്കിയിട്ടുള്ളത് അതുകൊണ്ടാണ്. 'ദി ആർട്ട് ആൻഡ് സയൻസ് ഓഫ് സ്പീക്കിങ് വിത്ത് കോൺഫിഡൻസ്' എന്ന ആ കോഴ്സിന്റെ വിവരങ്ങൾ താല്പര്യമുള്ളവർക്കായി താഴെ നൽകിയിട്ടുണ്ട്.

ശരി, നമുക്ക് വീണ്ടും വിമാനത്തിന്റെ സുരക്ഷാ കാര്യങ്ങളിലേക്ക് തിരികെ വരാം. അപ്പോൾ ആകാശത്തുനിന്ന് ചാടി രക്ഷപ്പെടാൻ കഴിയില്ലെങ്കിൽ, വിമാനത്തിനുള്ളിൽ ഇരുന്നുകൊണ്ട് തന്നെ അപകടത്തെ അതിജീവിക്കാൻ എന്തെങ്കിലും വഴിയുണ്ടോ? ഇത് നമ്മളെ എക്കാലത്തെയും വലിയൊരു ചർച്ചയിലേക്കാണ് നയിക്കുന്നത്. ഒരു വിമാനത്തിൽ ഏറ്റവും സുരക്ഷിതമായ സീറ്റ് ഏതാണ്? പതിറ്റാണ്ടുകളായി ഗവേഷകർ ഇതിനെക്കുറിച്ച് പഠിക്കുന്നുണ്ട്. പല വ്യോമയാന വിദഗ്ദ്ധരും പൊതുവെ പറയാറുള്ളത്, ഒരു വിമാനത്തിൽ ഇന്ന സീറ്റാണ് ഏറ്റവും സുരക്ഷിതം എന്ന് നൂറു ശതമാനം ഉറപ്പിച്ചു പറയാൻ കഴിയില്ല എന്നാണ്. കാരണം ഓരോ അപകടവും ഓരോ രീതിയിലാണ് സംഭവിക്കുന്നത്. ചിലപ്പോൾ വിമാനത്തിന്റെ മൂക്കുഭാഗം നിലത്ത് ഇടിച്ചേക്കാം, ചിലപ്പോൾ ചിറക് നിലത്തു തട്ടിയേക്കാം, ചിലപ്പോൾ വിമാനം വെള്ളത്തിൽ ഇടിച്ചിറങ്ങിയേക്കാം. എന്നാൽ കഴിഞ്ഞ മുപ്പത്തിയഞ്ചിലധികം വർഷത്തെ വിമാനാപകട വിവരങ്ങൾ ശേഖരിച്ച് ടൈം മാഗസിൻ 2015-ൽ നടത്തിയ വലിയൊരു ഡാറ്റാ പഠനം വളരെ രസകരമായ ഒരു കാര്യം പുറത്തുകൊണ്ടുവന്നു.

അപകടങ്ങളിൽപ്പെട്ട വിമാനങ്ങളുടെ കണക്കുകൾ പരിശോധിച്ചപ്പോൾ, വിമാനത്തിന്റെ പിൻഭാഗത്തെ സീറ്റുകളിലിരുന്ന യാത്രക്കാരുടെ മരണനിരക്ക് മറ്റുള്ളവരെ അപേക്ഷിച്ച് കുറവായിരുന്നു. കണക്കുകൾ പ്രകാരം മുൻഭാഗത്തെ സീറ്റുകളിൽ മരണനിരക്ക് 38 ശതമാനവും, നടുഭാഗത്ത് 39 ശതമാനവും ആയിരുന്നപ്പോൾ, വിമാനത്തിന്റെ ഏറ്റവും പിന്നിലെ മൂന്നിലൊന്ന് ഭാഗത്ത് ഇരുന്നവരുടെ മരണനിരക്ക് 32 ശതമാനമായി കുറഞ്ഞു. അതിൽ തന്നെ ഏറ്റവും കൗതുകകരമായ വസ്തുത, വിമാനത്തിന്റെ ഏറ്റവും പിന്നിലെ നിരയിലെ നടുവിലിരിക്കുന്ന സീറ്റിലാണ് ഏറ്റവും കുറഞ്ഞ മരണനിരക്ക് രേഖപ്പെടുത്തിയത്—ഏകദേശം 28 ശതമാനം മാത്രം. എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്? കാരണം വളരെ ലളിതമാണ്. സാധാരണയായി ഒരു വിമാനം ഇടിച്ചിറങ്ങുമ്പോൾ ആഘാതം ആദ്യം ഏൽക്കുന്നത് വിമാനത്തിന്റെ മുൻഭാഗത്താണ്. വിമാനം തകർന്നു തരിപ്പണമാകുമ്പോൾ അതിന്റെ മുൻഭാഗവും ചിറകുകളുമൊക്കെ തകർന്ന് ആഘാതത്തെ ഒരു പരിധിവരെ ഉള്ളിലേക്ക് വലിച്ചെടുക്കും. ഒരു കാർ അപകടത്തിൽ പെഴുമ്പോൾ കാറിന്റെ മുൻവശം ഞെരുങ്ങി അമർന്ന് ആഘാതം കുറയ്ക്കുന്നത് പോലെ, വിമാനത്തിന്റെ മുൻനിര സീറ്റുകളും ഘടനയുമെല്ലാം ഒരു ആഗിരണ കവചം പോലെ പ്രവർത്തിച്ച് പിന്നിലേക്ക് എത്തുന്ന ആഘാതത്തിന്റെ ശക്തി കുറയ്ക്കുന്നു.

എന്നാൽ ഇവിടെ മറ്റൊരു പ്രധാനപ്പെട്ട കാര്യം കൂടിയുണ്ട്. ഇടിക്കുമ്പോഴുള്ള ആദ്യ ആഘാതത്തിൽ നിന്ന് രക്ഷപ്പെടാൻ പിൻസീറ്റുകളാണ് നല്ലതെങ്കിലും, അപകടത്തിന് ശേഷം ജീവനോടെ പുറത്തെത്തണമെങ്കിൽ വിമാനത്തിൽ നിന്ന് എത്ര വേഗത്തിൽ പുറത്തിറങ്ങാൻ കഴിയുന്നു എന്നതിനെ ആശ്രയിച്ചിരിക്കും കാര്യങ്ങൾ. ലണ്ടനിലെ ഗ്രീൻവിച്ച് സർവ്വകലാശാല നടത്തിയ മറ്റൊരു പഠനം പറയുന്നത്, അപകടം നടക്കുമ്പോൾ തുറക്കാൻ സാധിക്കുന്ന ഒരു എമർജൻസി എക്സിറ്റ് വാതിലിന്റെ അഞ്ച് വരികൾക്കുള്ളിൽ ഇരിക്കുന്നവർക്കാണ് പുകയിൽ നിന്നോ തീയിൽ നിന്നോ രക്ഷപ്പെട്ട് വേഗത്തിൽ പുറത്തെത്താൻ ഏറ്റവും കൂടുതൽ സാധ്യതയുള്ളത് എന്നാണ്. അതായത്, വിമാനത്തിന്റെ പിൻഭാഗത്തായിരിക്കുകയും, എന്നാൽ ഒരു എമർജൻസി എക്സിറ്റിന് തൊട്ടടുത്ത് ഇരിക്കുകയും ചെയ്യുക എന്നതാണ് സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഏറ്റവും സുരക്ഷിതമായ സ്ഥാനം.

ഇനി മറ്റൊരു ഭീകരമായ സാഹചര്യം നമുക്ക് ആലോചിച്ചുനോക്കാം. പറന്നുകൊണ്ടിരിക്കുന്ന ഒരു വിമാനത്തിന്റെ മേൽക്കൂര ഒന്നാകെ കാറ്റിൽ പറന്നുപോയാൽ എന്ത് സംഭവിക്കും? സിനിമകളിലൊക്കെ മാത്രം കാണുന്ന ഒരു സംഭവമാണിതെന്ന് കരുതരുത്. 1988-ൽ അലോഹ എയർലൈൻസ് ഫ്ലൈറ്റ് 243-ൽ ശരിക്കും സംഭവിച്ച കാര്യമാണിത്. ഹവായിയിലെ ദ്വീപുകൾക്കിടയിലൂടെ 24,000 അടി ഉയരത്തിൽ പറന്നുകൊണ്ടിരുന്ന ആ വിമാനത്തിന്റെ മുൻഭാഗത്തെ മേൽക്കൂരയുടെ പതിനെട്ടടി നീളമുള്ള ഒരു വലിയ ഭാഗം പെട്ടെന്ന് അടർന്നുമാറി ആകാശത്തേക്ക് തെറിച്ചുപോയി. ശാസ്ത്രത്തിൽ ഇതിനെ എക്സ്പ്ലോസീവ് ഡികംപ്രഷൻ എന്നാണ് പറയുന്നത്. ഉള്ളിലെ ഉയർന്ന മർദ്ദത്തിലുള്ള വായുവും പുറത്തെ ശൂന്യമായ കുറഞ്ഞ മർദ്ദവും തമ്മിൽ സെക്കൻഡിന്റെ ചെറിയൊരു അംശം കൊണ്ട് സന്തുലിതാവസ്ഥയിലാകാൻ ശ്രമിക്കുന്ന പ്രക്രിയയാണിത്. ഉള്ളിലിരുന്ന വായു മുഴുവൻ വല്ലാത്തൊരു ഭീകരതയോടെ പുറത്തേക്ക് ചീറ്റിത്തെറിച്ചു. വായുവിലെ ഈർപ്പം പെട്ടെന്ന് തണുത്തുറഞ്ഞ് ക്യാബിനകത്ത് കട്ടികൂടിയ മൂടൽമഞ്ഞ് പടർന്നു. ചെവി പൊട്ടുന്ന ശബ്ദത്തോടെ കൊടുങ്കാറ്റ് വീശിയടിച്ചു. സാധനങ്ങളെല്ലാം വായുവിൽ പറന്നുനടന്നു. നിർഭാഗ്യവശാൽ ആ സമയം നടന്നുപോവുകയായിരുന്ന ഒരു ഫ്ലൈറ്റ് അറ്റൻഡന്റ് ആ വിടവിലൂടെ പുറത്തേക്ക് തെറിച്ചുപോയി. എന്നാൽ അവിടെ സംഭവിച്ച അവിശ്വസനീയമായ ഒരു കാര്യമുണ്ട്. വിമാനത്തിന്റെ മേൽക്കൂര ഒന്നാകെ തുറന്ന് കൊടുംകാറ്റും കൊടുംതണുപ്പും ഉള്ളിലേക്ക് അടിച്ചു കയറിയിട്ടും, ആ പൈലറ്റുമാർ തങ്ങളുടെ മനസ്സാന്നിധ്യം ഒട്ടും കൈവിട്ടില്ല. തകർന്ന ആ വിമാനത്തെ നിയന്ത്രിച്ചുകൊണ്ട് പതിമൂന്ന് മിനിറ്റോളം അവർ പറത്തി അടുത്തുള്ള ഒരു എയർപോർട്ടിൽ അത്ഭുതകരമായി സുരക്ഷിതമായി ലാൻഡ് ചെയ്തു! വിമാനത്തിലുണ്ടായിരുന്ന 95 പേരിൽ 94 പേരും അത്ഭുതകരമായി ജീവനോടെ തിരിച്ചെത്തി.

ഈ സംഭവം രണ്ട് കാര്യങ്ങളാണ് നമ്മെ ഓർമ്മിപ്പിക്കുന്നത്. ഒന്ന്, പൈലറ്റുമാർക്ക് ലഭിക്കുന്ന തീവ്രമായ പരിശീലനവും അവരുടെ മാനസിക ധൈര്യവും എത്രത്തോളം വലുതാണെന്നത്. രണ്ട്, ഒരു വിമാനം നിർമ്മിച്ചിരിക്കുന്നത് ഏറ്റവും പ്രതികൂലമായ സാഹചര്യങ്ങളിലും പറക്കാൻ സാധിക്കുന്ന തരത്തിലുള്ള കഠിനമായ എൻജിനീയറിങ് നിലവാരത്തിലാണ് എന്നത്. വിമാനങ്ങളുടെ സുരക്ഷയെക്കുറിച്ച് പറയുമ്പോൾ സാധാരണയായി ഉപയോഗിക്കുന്ന ഒരു മാതൃകയുണ്ട്, സ്വിസ് ചീസ് മോഡൽ. നിങ്ങൾ സ്വിസ് ചീസ് കണ്ടിട്ടുണ്ടാകും, നിറയെ തുളകളുള്ള ഒരുതരം ചീസാണത്. ഏവിയേഷൻ രംഗത്തെ ഓരോ സുരക്ഷാ ഘടകങ്ങളെയും ഈ ചീസിന്റെ ഓരോ പാളികളായി സങ്കൽപ്പിക്കുക. വിമാനത്തിന്റെ ഡിസൈൻ, കൃത്യമായ അറ്റകുറ്റപ്പണികൾ, പൈലറ്റുമാരുടെ കഠിന പരിശീലനം, എയർ ട്രാഫിക് കൺട്രോൾ സംവിധാനം, കാലാവസ്ഥാ പ്രവചനങ്ങൾ, കർശനമായ നിയമങ്ങൾ—ഇവയെല്ലാം ഓരോരോ സുരക്ഷാ പാളികളാണ്. തീർച്ചയായും ഇതിലൊക്കെയുള്ള മനുഷ്യസഹജമായ തെറ്റുകളെയോ യന്ത്രത്തകരാറുകളെയോ നമുക്ക് ആ ചീസിലെ തുളകളായി കാണാം. ഒരു അപകടം സംഭവിക്കണമെങ്കിൽ ഈ വ്യത്യസ്ത പാളികളിലുള്ള തുളകളെല്ലാം ഒരേ നേർരേഖയിൽ കൃത്യമായി ഒത്തുവരണം. ഒരു മെക്കാനിക്കിന് തെറ്റുപറ്റിയാലും പൈലറ്റ് അത് കണ്ടെത്തും, പൈലറ്റിന് തെറ്റുപറ്റിയാലും കമ്പ്യൂട്ടർ സിസ്റ്റം അത് തിരുത്തും, അല്ലെങ്കിൽ എയർ ട്രാഫിക് കൺട്രോളർ അത് ചൂണ്ടിക്കാണിക്കും. അങ്ങനെ സുരക്ഷയുടെ പലപല പ്രതിരോധ വലയങ്ങൾ ഒന്നിന് പുറകെ ഒന്നായി ഭേദിച്ചാൽ മാത്രമേ ഒരു അപകടം സംഭവിക്കൂ.

നിങ്ങൾ ഒന്ന് ചിന്തിച്ചു നോക്കൂ, ഒരു വിമാനത്തിന്റെ പ്രധാനപ്പെട്ട എൻജിനുകളിൽ ഒന്ന് ആകാശത്തുവെച്ച് പൂർണ്ണമായി പണിമുടക്കിയാൽ പോലും ആ വിമാനത്തിന് യാതൊരു കുലുക്കവുമില്ലാതെ വളരെ സുരക്ഷിതമായി പറക്കാൻ കഴിയും. ഇതിനെ ഇടിഒപിഎസ് (ETOPS) സർട്ടിഫിക്കേഷൻ എന്നാണ് വിളിക്കുന്നത്. രണ്ട് എൻജിനുകളുള്ള വലിയ യാത്രാവിമാനങ്ങൾക്ക് സമുദ്രങ്ങൾക്ക് മുകളിലൂടെയോ മരുഭൂമികൾക്ക് മുകളിലൂടെയോ പറക്കുമ്പോൾ ഒരൊറ്റ എൻജിൻ മാത്രം വെച്ച് എത്ര മണിക്കൂർ പറക്കാനാകും എന്നതിന്റെ സർട്ടിഫിക്കറ്റാണിത്. പല ആധുനിക വിമാനങ്ങൾക്കും ഒരു എൻജിൻ നിലച്ചുപോയാലും മൂന്നും നാലും മണിക്കൂറിലധികം സുരക്ഷിതമായി ആകാശത്ത് പറന്ന് ലക്ഷ്യസ്ഥാനത്തോ അടുത്തുള്ള എയർപോർട്ടിലോ സുഗമമായി ലാൻഡ് ചെയ്യാൻ സാധിക്കും. അതുപോലെ വിമാനങ്ങൾക്ക് ഇടിമിന്നലേൽക്കില്ലേ എന്ന് പലരും പേടിക്കാറുണ്ട്. സത്യത്തിൽ ഓരോ യാത്രാവിമാനത്തിനും ശരാശരി വർഷത്തിലൊരിക്കലെങ്കിലും ഇടിമിന്നലേൽക്കാറുണ്ട്. എന്നാൽ ഉള്ളിലിരിക്കുന്ന യാത്രക്കാർ ഇതൊന്നും അറിയാറേയില്ല. കാരണം വിമാനത്തിന്റെ പുറംഭാഗം ഒരു ഫാരഡേ കേജ് പോലെയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ലക്ഷക്കണക്കിന് വോൾട്ട് വരുന്ന ആ മിന്നൽ വിമാനത്തിന്റെ ലോഹമേൽപ്പാളിയിലൂടെ സഞ്ചരിച്ച്, ആൾക്കാർക്കോ ഉള്ളിലെ ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്കോ യാതൊരു പോറലുമേൽപ്പിക്കാതെ വിമാനത്തിന്റെ വാലിലെ ചെറിയ കമ്പികളിലൂടെ അന്തരീക്ഷത്തിലേക്ക് നിർവീര്യമായി പുറന്തള്ളപ്പെടുന്നു.

ഇനി എൻജിനിലേക്ക് പക്ഷികൾ ഇടിച്ചുകയറുന്ന ഭയാനകമായ സാഹചര്യമുണ്ട്. 'മിറക്കിൾ ഓൺ ദി ഹഡ്സൺ' എന്ന വിഖ്യാത സംഭവത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും. 2009-ൽ ന്യൂയോർക്കിൽ നിന്ന് പറന്നുയർന്ന യുഎസ് എയർവേസ് വിമാനത്തിന്റെ രണ്ട് എൻജിനുകളിലും ഒരുകൂട്ടം പക്ഷികൾ ഇടിച്ചുകയറുകയും രണ്ട് എൻജിനുകളും ഒരേസമയം ഓഫായിപ്പോവുകയും ചെയ്തു. ക്യാപ്റ്റൻ സള്ളി സള്ളൻബർഗർ എന്ന ധീരനായ പൈലറ്റ് ആ വിമാനത്തെ ശാന്തമായി ഹഡ്സൺ നദിയിലെ വെള്ളത്തിലേക്ക് ഇറക്കി മുഴുവൻ യാത്രക്കാരുടെയും ജീവൻ രക്ഷിച്ചു. ഹോളിവുഡിൽ 'സള്ളി' എന്ന പേരിൽ ഇതിനൊരു സിനിമ തന്നെയുണ്ട്. ഈയൊരു സംഭവം ഒഴിവാക്കാൻ എൻജിൻ നിർമ്മാണവേളയിൽ എന്താണ് ചെയ്യുന്നതെന്ന് അറിയാമോ? ചിക്കൻ ഗൺ എന്ന പ്രത്യേക എയർ ഗൺ ഉപയോഗിച്ച് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ജെറ്റ് എൻജിനുകളിലേക്ക് കോഴികളുടെ ഡമ്മികൾ ശക്തമായി വെടിവെച്ചു കയറ്റുന്ന ക്രൂരമെന്ന് തോന്നാവുന്ന കർശനമായ പരീക്ഷണങ്ങൾ നടത്താറുണ്ട്. അത്തരം ആഘാതങ്ങൾ താങ്ങാൻ എൻജിനുകൾക്ക് സാധിക്കുമോ എന്ന് ഉറപ്പുവരുത്താൻ വേണ്ടിയാണിത്.

ഇതുകൂടാതെ നമ്മൾ നിസ്സാരമെന്ന് കരുതുന്ന പല കൊച്ചുകൊച്ചു കാര്യങ്ങൾക്ക് പിന്നിലും വലിയ ശാസ്ത്രമുണ്ട്. ഉദാഹരണത്തിന്, രാത്രികാലങ്ങളിൽ വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോഴും ലാൻഡ് ചെയ്യുമ്പോഴും ക്യാബിനിലെ വെളിച്ചം കുറയ്ക്കുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും. പലരും കരുതുന്നത് അത് വൈദ്യുതി ലാഭിക്കാനോ വിമാനത്തിന് പറന്നുയരാൻ കൂടുതൽ പവർ കിട്ടാനോ ആണെന്നാണ്. എന്നാൽ കാര്യം അതല്ല. ടേക്ക് ഓഫും ലാൻഡിംഗുമാണ് ഒരു യാത്രയിലെ ഏറ്റവും അപകടസാധ്യതയുള്ള സമയങ്ങൾ. ആ സമയത്ത് എന്തെങ്കിലും അത്യാഹിതമുണ്ടായാൽ യാത്രക്കാരുടെയും ജീവനക്കാരുടെയും കണ്ണുകൾ ഇരുട്ടുമായി പൊരുത്തപ്പെടാൻ വേണ്ടിയാണ് അങ്ങനെ ചെയ്യുന്നത്. നമ്മുടെ കണ്ണിലെ കാഴ്ച ഇരുട്ടുമായി ഇണങ്ങിച്ചേരാൻ അല്പം സമയമെടുക്കും. വെളിച്ചം ഡിം ചെയ്തുവെച്ചാൽ അടിയന്തര ഘട്ടത്തിൽ പെട്ടെന്ന് എഴുന്നേറ്റ് പുക നിറഞ്ഞ ഇരുട്ടിലൂടെ എമർജൻസി വാതിലുകൾ കണ്ടെത്തി പുറത്തേക്ക് ഓടാൻ നമ്മുടെ കണ്ണുകൾക്ക് സാധിക്കും.

ഇതിനെല്ലാം പുറമെയാണ് കടും ഓറഞ്ച് നിറത്തിലുള്ള ബ്ലാക്ക് ബോക്സുകൾ. അവ ഒരിക്കലും ആ വിമാനത്തെ അപകടത്തിൽ നിന്ന് തത്സമയം രക്ഷിക്കില്ലായിരിക്കാം. എന്നാൽ കിലോമീറ്ററുകൾ ഉയരത്തിൽ നിന്ന് വീണാലും ആഴക്കടലിൽ മുങ്ങിയാലും തീപിടിച്ചാലും തകരാത്ത വിധം സംരക്ഷിക്കപ്പെട്ടിരിക്കുന്ന ഈ പെട്ടിയിലെ ഫ്ലൈറ്റ് ഡാറ്റയും പൈലറ്റുമാരുടെ സംഭാഷണങ്ങളും അപകടത്തിന്റെ കാരണം ലോകത്തിന് വെളിപ്പെടുത്തിക്കൊടുക്കും. അങ്ങനെ വെളിപ്പെടുന്ന ഓരോ കാരണങ്ങളും പഠിച്ച്, ഭാവിയിൽ അത്തരമൊരു തെറ്റ് ലോകത്ത് മറ്റൊരിടത്തും ആവർത്തിക്കാത്ത വിധം ഏവിയേഷൻ നിയമങ്ങളും എൻജിനീയറിങ് രീതികളും ലോകം മാറ്റിയെഴുതുന്നു. അതുകൊണ്ടാണ് ഓരോ അപകടത്തിന് ശേഷവും വിമാനയാത്രകൾ പഴയതിനേക്കാൾ കൂടുതൽ കൂടുതൽ സുരക്ഷിതമായി മാറുന്നത്.

അങ്ങനെയാണെങ്കിൽ നമുക്ക് ഇപ്പോഴും എന്തുകൊണ്ടാണ് വിമാനത്തിൽ കയറുമ്പോൾ ഇത്രയും പേടി തോന്നുന്നത്? അതിന് മനഃശാസ്ത്രപരമായ ഒരൊറ്റ ഉത്തരമേയുള്ളൂ: നിയന്ത്രണം നമ്മുടെ കൈകളിലല്ല എന്ന ചിന്തയാണത്. നമ്മളോ നമുക്ക് വേണ്ടപ്പെട്ടവരോ ഒരു കാർ ഓടിക്കുമ്പോൾ റോഡപകടങ്ങൾ വരാനുള്ള സാധ്യത വിമാനത്തേക്കാൾ ആയിരം മടങ്ങ് കൂടുതലാണെങ്കിലും നമുക്ക് പേടി തോന്നാറില്ല. കാരണം സ്റ്റിയറിങ് നമ്മുടെ കൈകളിലാണ്, വണ്ടി എപ്പോൾ നിർത്തണമെന്ന് നമ്മൾ തീരുമാനിക്കുന്നു. നമുക്ക് ഒരു നിയന്ത്രണമുണ്ടെന്ന ഒരു തോന്നൽ അവിടെയുണ്ട്. എന്നാൽ വിമാനത്തിൽ നമ്മൾ കയറിക്കഴിയുമ്പോൾ നമ്മൾ വെറുമൊരു നിസ്സഹായനായ യാത്രക്കാരനാണ്. നമ്മുടെ ജീവൻ നമ്മൾ കാണാത്ത രണ്ട് പൈലറ്റുമാരുടെ കൈകളിലാണ്, വിമാനം പരിശോധിച്ച മെക്കാനിക്കിന്റെ കൈകളിലാണ്, റഡാറിലൂടെ വിമാനത്തിന് വഴികാട്ടുന്ന എയർ ട്രാഫിക് കൺട്രോളറുടെ കൈകളിലാണ്. നമ്മൾ ആകെ അടിയറവ് പറയുകയാണ്. വിമാനയാത്ര എന്ന് പറയുന്നത് ഭയത്തിന്റെയല്ല, മറിച്ച് മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടായ വിശ്വാസത്തിന്റെ കഥയാണ്. ലക്ഷക്കണക്കിന് മനുഷ്യരുടെ കൃത്യതയും എഞ്ചിനീയറിംഗും ശാസ്ത്രവും ചേർത്തുവെച്ച ആ അത്ഭുതക്കൂടിലാണ് നമ്മൾ യാത്ര ചെയ്യുന്നത്. അതുകൊണ്ട് അടുത്ത തവണ നിങ്ങൾ വിമാനത്തിൽ കയറുമ്പോൾ, കാറ്റിലിരുന്ന് അതൊന്ന് കുലുങ്ങിയാൽ വയറ്റിൽ തീപിടിക്കുന്നതിന് പകരം, ഈ പറഞ്ഞ സങ്കീർണ്ണമായ സുരക്ഷാ സംവിധാനങ്ങളെയും ശാസ്ത്രത്തെയും കുറിച്ച് ഓർക്കുക.

More in Science

ആകാശപാതകളിലെ അദൃശ്യ രഹസ്യങ്ങൾ: വിമാനങ്ങൾ ഒരിക്കലും നേർരേഖയിൽ പറക്കാത്തതിന്റെ ശാസ്ത്രവും രാഷ്ട്രീയവും
Industry

ആകാശപാതകളിലെ അദൃശ്യ രഹസ്യങ്ങൾ: വിമാനങ്ങൾ ഒരിക്കലും നേർരേഖയിൽ പറക്കാത്തതിന്റെ ശാസ്ത്രവും രാഷ്ട്രീയവും

Jithinraj · 11 min read
മഞ്ഞുമലകൾ പൊട്ടിത്തെറിക്കുമ്പോൾ: ഹിമാലയം ഒളിപ്പിച്ചുവെച്ച ഭീകര ശാസ്ത്രം
Earth Science

മഞ്ഞുമലകൾ പൊട്ടിത്തെറിക്കുമ്പോൾ: ഹിമാലയം ഒളിപ്പിച്ചുവെച്ച ഭീകര ശാസ്ത്രം

Jithinraj · 6 min read
നമ്മുടെ ഉള്ളിലെ അത്ഭുത യന്ത്രങ്ങൾ: പേശികളുടെ അജ്ഞാത ലോകം
Biology

നമ്മുടെ ഉള്ളിലെ അത്ഭുത യന്ത്രങ്ങൾ: പേശികളുടെ അജ്ഞാത ലോകം

Jithinraj · 6 min read
അന്റാർട്ടിക്ക: തകർന്നുവീഴുന്ന ലോകത്തിന്റെ നിശ്ശബ്ദമായ മുന്നറിയിപ്പ്
Ecology

അന്റാർട്ടിക്ക: തകർന്നുവീഴുന്ന ലോകത്തിന്റെ നിശ്ശബ്ദമായ മുന്നറിയിപ്പ്

Jithinraj · 9 min read
സ്പർശനത്തിന്റെ ക്വാണ്ടം രഹസ്യവും പ്രപഞ്ചത്തിലെ നക്ഷത്രങ്ങളുടെ മരണവും
Astrophysics

സ്പർശനത്തിന്റെ ക്വാണ്ടം രഹസ്യവും പ്രപഞ്ചത്തിലെ നക്ഷത്രങ്ങളുടെ മരണവും

Jithinraj · 15 min read
ചാത്തം റിങ്: കടൽ നമ്മളോട് പറയുന്ന വലിയ രഹസ്യം
Geology

ചാത്തം റിങ്: കടൽ നമ്മളോട് പറയുന്ന വലിയ രഹസ്യം

Bhavya · 7 min read
ഭൂമിക്ക് പുറത്തെ തീ: നമ്മുടെ അറിവുകളെ വെല്ലുവിളിക്കുന്ന രഹസ്യങ്ങൾ
Space science

ഭൂമിക്ക് പുറത്തെ തീ: നമ്മുടെ അറിവുകളെ വെല്ലുവിളിക്കുന്ന രഹസ്യങ്ങൾ

Jithinraj · 10 min read
ഹോക്കിങ്ങിന്റെ അവസാന പ്രവചനം: ബഹുപ്രപഞ്ചത്തിന്റെ നിഗൂഢതകളും ഹോളോഗ്രാഫിക് വിപ്ലവവും
Astrophysics

ഹോക്കിങ്ങിന്റെ അവസാന പ്രവചനം: ബഹുപ്രപഞ്ചത്തിന്റെ നിഗൂഢതകളും ഹോളോഗ്രാഫിക് വിപ്ലവവും

Jithinraj · 4 min read
പുരാതന കടലിലെ അദൃശ്യ രാക്ഷസന്മാർ: ഒരു ചരിത്ര വിസ്മയം
Paleontology

പുരാതന കടലിലെ അദൃശ്യ രാക്ഷസന്മാർ: ഒരു ചരിത്ര വിസ്മയം

Jithinraj · 5 min read
നക്ഷത്രപ്പൊടിയിൽ നിന്ന് നീലഗ്രഹത്തിലേക്ക്: ഭൂമിയുടെ ജനനകഥ
Cosmology

നക്ഷത്രപ്പൊടിയിൽ നിന്ന് നീലഗ്രഹത്തിലേക്ക്: ഭൂമിയുടെ ജനനകഥ

Jithinraj · 3 min read

YouTube Videos

See all Videos

Your support helps us create quality content

Comments (0)

Login to leave a comment

Join the conversation and share your thoughts. Your opinions are valuable to us.

Loading comments...
Watch Video