പുരാതന കടലിലെ അദൃശ്യ രാക്ഷസന്മാർ: ഒരു ചരിത്ര വിസ്മയം
നമ്മുടെ ഈ ഭൂമിക്ക് കോടിക്കണക്കിന് വർഷത്തെ പഴക്കമുണ്ട്. നമ്മൾ ഇന്ന് കാണുന്ന ലോകമല്ല പണ്ട് ഇവിടെ ഉണ്ടായിരുന്നത്. പ്രത്യേകിച്ച് സമുദ്രങ്ങളുടെ കാര്യം എടുത്താൽ, അവിടെ ഇന്ന് നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത തരത്തിലുള്ള അത്ഭുതങ്ങൾ ഒളിഞ്ഞു കിടപ്പുണ്ട്. ഈ കഥ തുടങ്ങുന്നത് ജപ്പാനിലെ ഹൊക്കൈഡോ ദ്വീപിൽ നിന്നും കാനഡയിലെ വാൻകൂവർ ദ്വീപിൽ നിന്നുമാണ്. അവിടങ്ങളിൽ നിന്ന് ശാസ്ത്രജ്ഞർക്ക് ഒരു പ്രത്യേക തരം ഫോസിലുകൾ കിട്ടി; ഒരു ജീവിയുടെ കൊക്കുകൾ, അഥവാ താടിയെല്ലുകൾ. ഒറ്റ ഒരു കൊക്കല്ല, ആകെ പതിനഞ്ചോളം ഫോസിലുകൾ. അതിന്റെ വലിപ്പം കണ്ടപ്പോൾ എല്ലാവരും ഒന്ന് ഞെട്ടി. കാരണം, ആ കൊക്കുകളുടെ വലിപ്പം വെച്ച് നോക്കുമ്പോൾ ആ ജീവിക്ക് ഒരു ഇരട്ടനില ബസ്സിനേക്കാളും ഏകദേശം പതിനെട്ടര മീറ്ററോളം നീളം ഉണ്ടായിരിക്കണം.
ഈ കൊക്ക് ഉണ്ടാക്കിയിരിക്കുന്നത് കൈറ്റിൻ എന്ന കടുപ്പമേറിയ പദാർത്ഥം കൊണ്ടാണ്. ഇന്നത്തെ ഞണ്ടുകളുടെ തോടിലും ഇതേ പദാർത്ഥം കാണാം. ഈ ജീവിക്ക് എല്ലുകളില്ലായിരുന്നു; ശരീരത്തിൽ ഏറ്റവും കടുപ്പം ഈ കൊക്കിന് മാത്രമായിരുന്നു. അതുകൊണ്ട് ബാക്കി ശരീരഭാഗങ്ങൾ ഒന്നും ഫോസിലായി അവശേഷിച്ചില്ല. ഇതിനെ ശാസ്ത്രലോകം 'നനൈമോടൂത്തിസ് ഹഗ്ഗാർടി' എന്ന് വിളിക്കുന്നു. ഹൊക്കൈഡോ യൂണിവേഴ്സിറ്റിയിലെ ഇകേഗാമി ഷിൻ, ഇബ യാസുഹിരോ എന്നിവർ നേതൃത്വം നൽകിയ ഈ ഗവേഷണഫലം Science എന്ന ശ്രദ്ധേയ ജേണലിൽ 2025-ൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.
ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കണമെങ്കിൽ നമുക്ക് ആ പഴയ കാലത്തെ സമുദ്രങ്ങളിലേക്ക് ഒന്ന് പോകേണ്ടി വരും. അതായത് ക്രിറ്റേഷ്യസ് കാലഘട്ടം ഏകദേശം 72 ദശലക്ഷം മുതൽ 100 ദശലക്ഷം വർഷം മുൻപ്. ഇന്നത്തെ കടൽ പോലെ ശാന്തമായി കിടക്കുന്ന ഒന്നായിരുന്നില്ല അന്ന്. ആ സമുദ്രം ജീവൻ തുടിക്കുന്നതും എന്നാൽ ഭീകരവുമായ ഒരു ലോകമായിരുന്നു. ഇന്നത്തെ ഭൂഖണ്ഡങ്ങളുടെ ഘടന അന്ന് വേറെയായിരുന്നു. വലിയ സമുദ്രങ്ങൾ കരകളിലേക്ക് കയറിക്കിടന്നിരുന്നു. ആഴം കുറഞ്ഞ എന്നാൽ വിശാലമായ ആ കടലുകൾ ഈ ഭീമൻ ജീവികൾക്ക് വിഹരിക്കാൻ പറ്റിയ ഇടങ്ങളായിരുന്നു. പ്ലാങ്ക്ടണുകൾ സമൃദ്ധമായി ഉണ്ടായിരുന്നു, ഇത് ആഹാരശൃംഖലയെ ശക്തിപ്പെടുത്തി. ആ ഭക്ഷ്യശൃംഖലയുടെ ഏറ്റവും മുകളിൽ ഇരിക്കാൻ ഈ ഭീമൻ ജീവികൾ പ്രാപ്തരായിരുന്നു.
സാധാരണ കടൽ ജീവികൾക്ക് സംരക്ഷണത്തിനായി പുറത്ത് കടുപ്പമേറിയ തോടുകൾ ഉണ്ടാകാറുണ്ട്. അമോണൈറ്റുകളെ പോലുള്ള ജീവികൾക്ക് വലിയ തോടുകൾ ഉണ്ടായിരുന്നു. പക്ഷേ പരിണാമത്തിന്റെ ഒരു ഘട്ടത്തിൽ ഈ തോടുകൾ ഇല്ലാത്ത ജീവികൾക്ക് ചില ഗുണങ്ങൾ കിട്ടി. അവയ്ക്ക് വേഗത്തിൽ നീന്താൻ കഴിഞ്ഞു. കൂടുതൽ വഴക്കമുള്ള ശരീരം കിട്ടി. ആഴക്കടലിലെ വലിയ മർദ്ദത്തെ അതിജീവിക്കാൻ അവയ്ക്ക് എളുപ്പമായിരുന്നു. ഇത് ഒരർത്ഥത്തിൽ ഒരു ആയുധപ്പന്തയം പോലെയായിരുന്നു. ഇരയിൽ നിന്ന് രക്ഷപ്പെടാനും വേട്ടയാടാനും വേണ്ടി ശരീരം പരിഷ്കരിക്കപ്പെട്ടു. ഒരു നട്ടെല്ല് പോലും ഇല്ലാത്ത, എന്നാൽ ബുദ്ധിമാന്മാരായ ഈ ജീവികൾ സമുദ്രത്തിന്റെ രാജാക്കന്മാരായി മാറി. ശരീരം മുഴുവൻ മാംസപേശികൾ മാത്രമായതുകൊണ്ട് ഇവ മരിക്കുമ്പോൾ അഴുകിപ്പോകും. ഒരു അടയാളം പോലും അവശേഷിപ്പിക്കില്ല. അതുകൊണ്ടാണ് ഇവരെ "അദൃശ്യരായ രാക്ഷസന്മാർ" എന്ന് വിളിക്കുന്നത്.
ഇല്ലാത്ത ഒരു ശരീരത്തെ ശാസ്ത്രീയമായി പുനർനിർമ്മിക്കുന്നതെങ്ങനെ? ഇത് ഒരു ഡിറ്റക്റ്റീവ് പണി പോലെയാണ്. ആ കൊക്കുകൾ വെച്ച് നമ്മൾ കണക്കുകൾ കൂട്ടുന്നു, ഇതിനെ അലോമെട്രിക് സ്കെയിലിംഗ് എന്ന് പറയുന്നു. ഒരു ജീവിയുടെ ഒരു ഭാഗത്തിന്റെ വലിപ്പം ഇത്രയാണെങ്കിൽ ബാക്കി ശരീരത്തിന് ഇത്ര വലിപ്പം ഉണ്ടാകണം എന്ന് കണക്കാക്കുന്ന രീതി. ഇന്നത്തെ ഫിൻഡ് ഒക്ടോപ്പസുകളുമായും ഇതര സെഫലോപ്പോഡുകളുമായും ഇതിനെ താരതമ്യം ചെയ്തു. ഇതിനായി ഇബ, ഇകേഗാമി എന്നീ ഗവേഷകർ ഒരു അത്യാധുനിക സാങ്കേതികവിദ്യ ഉണ്ടാക്കിയെടുത്തു "ഡിജിറ്റൽ ഫോസിൽ മൈനിംഗ്". പാറക്കഷ്ണങ്ങൾ പാളി പാളിയായി ഉരച്ചുകളഞ്ഞ് ഓരോ തട്ടും ഉയർന്ന റെസലൂഷനിൽ ഫോട്ടോ എടുക്കുന്നു. ആ ആയിരക്കണക്കിന് ചിത്രങ്ങൾ AI ഉപയോഗിച്ച് ത്രീഡി മോഡലുകളായി ഉണ്ടാക്കുന്നു. ഇങ്ങനെ ഒളിഞ്ഞിരുന്ന പന്ത്രണ്ട് ഫോസിൽ കൊക്കുകൾ കൂടി കണ്ടെത്തി; ആകെ ഇരുപത്തിയേഴ് ഫോസിൽ കൊക്കുകൾ. ഇതേ സാങ്കേതികവിദ്യ ഉപയോഗിച്ച് ഈ ഭീമൻ ജീവി വെള്ളത്തിൽ എങ്ങനെ ചലിച്ചിരിക്കാം എന്നുപോലും ശാസ്ത്രജ്ഞർ കണക്കുകൂട്ടി. എങ്കിലും ഈ കണക്കുകൾ ഒരു ആദ്യ അനുമാനം മാത്രമാണ്, പുതിയ തെളിവുകൾ വരുമ്പോൾ ഇവ തിരുത്തപ്പെടാം.
ഇവയുടെ വേട്ടയാടലിനെക്കുറിച്ച് ഏറ്റവും ശക്തമായ ഒരു തെളിവ് ഇതേ ഫോസിൽ കൊക്കുകൾ തന്നെ നൽകുന്നുണ്ട്. ആ കൊക്കുകളിൽ ഉണ്ടായ തേയ്മാനം ശ്രദ്ധേയമാണ്. ചില കൊക്കുകൾ ആകെ നീളത്തിന്റെ പത്തു ശതമാനം വരെ തേഞ്ഞുപോയിട്ടുണ്ട്. ചിപ്പ്, സ്ക്രാച്ച്, മൊട്ടയായ അറ്റങ്ങൾ ഇതെല്ലാം കൂട്ടി നോക്കുമ്പോൾ ഇവർ പതിവായി കടുപ്പമേറിയ തോടും ഒരുപക്ഷേ എല്ലുകളും കടിച്ചു ഭക്ഷിച്ചിരുന്നു എന്ന് ഗവേഷകർ വിലയിരുത്തുന്നു. ഇന്നത്തെ ഏറ്റവും വലിയ ഇൻവർടെബ്രേറ്റ് ജീവിയായ ജയന്റ് സ്ക്വിഡ്ഡിനേക്കാൾ ഒന്നര ഇരട്ടി വലിയ കൊക്ക്. ഇക്കാലത്ത് കടലിൽ ആധിപത്യം നടത്തിയിരുന്ന ശക്തരായ ജീവികൾ മൊസാസോറുകൾ, പ്ലെസിയോസോർ, വലിയ സ്രാവുകൾ ഇവർക്കൊക്കെ ഒരു ശക്തമായ എതിരാളി ഉണ്ടായിരുന്നു എന്ന് ഈ ഫോസിൽ തെളിവുകൾ സൂചിപ്പിക്കുന്നു. "കടൽ ജീവികളുടെ ചരിത്രം നട്ടെല്ലുള്ള ജീവികളുടേതാണ് എന്ന ധാരണ ഇത് ചോദ്യം ചെയ്യുന്നു" ഇതാണ് ഗവേഷകർ പറയുന്നത്.
ഈ ഒരു ഭീമൻ ജീവിയെക്കുറിച്ച് ചിന്തിക്കുമ്പോൾ ഓർക്കേണ്ട മറ്റൊരു കാര്യം ഇതിന്റെ ബന്ധുക്കളെക്കുറിച്ചാണ്. ഒരു കാലത്ത് ഇവ വാംപയർ സ്ക്വിഡ്ഡുകളുടെ ബന്ധുക്കളാണെന്ന് കരുതിയിരുന്നു. പക്ഷേ ഈ ഗവേഷണം തെളിയിക്കുന്നത് ഇവർ ഫിൻഡ് ഒക്ടോപ്പസ് (Cirrata) ഗ്രൂപ്പിൽ പെടുന്നു എന്നാണ്. ഇന്ന് ആഴക്കടലിൽ ജീവിക്കുന്ന 'ഡംബോ ഒക്ടോപ്പസ്' ഡിസ്നി സിനിമയിലെ ഡംബോ ആനയെ പോലെ ചെവി കൈകൾ ഉള്ള ആ ഒക്ടോപ്പസ് ആണ് ഇതിന്റെ ഏറ്റവും അടുത്ത ആധുനിക ബന്ധുക്കൾ. ഇന്ന് ചെറിയ ജീവിയായ ഡംബോ ഒക്ടോപ്പസ്, ഒരു കാലത്ത് കടലിനെ ഭരിച്ചവരുടെ പിൻഗാമിയാണ് എന്ന് ഒരു നിമിഷം ചിന്തിച്ചു നോക്കൂ.
ഇത്ര വലിയ ഒരു ശരീരം വെള്ളത്തിനടിയിൽ എങ്ങനെ നിലനിൽക്കുന്നു? ഇന്നത്തെ ഒക്ടോപ്പസുകളെ പോലെ തന്നെ ഒരു 'ഹൈഡ്രോസ്റ്റാറ്റിക് സ്കെലിറ്റൺ' ഉള്ളതിനാൽ, ആ ദ്രവം തന്നെ ഒരു ചട്ടക്കൂടായി പ്രവർത്തിക്കുന്നു. ഇന്നത്തെ സ്ക്വിഡ്ഡുകളെ പോലെ ജെറ്റ് പ്രൊപ്പൽഷൻ വഴിയും ഇവർ നീന്തിക്കാണും. ഇതിനൊക്കെ ഊർജ്ജം ആവശ്യമാണ്. അതുകൊണ്ട് ഇവർ സ്ഥിരം വേഗത്തിൽ നീന്തുന്നവരല്ല, ഇരയെ കാണുമ്പോൾ ശക്തിയായി കുതിക്കുന്ന സ്വഭാവമായിരിക്കണം ഉണ്ടായിരുന്നത്.
ഇവരുടെ ബുദ്ധിശക്തിയും ഒരു ഗവേഷണ വിഷയമാണ്. ഫോസിൽ കൊക്കുകളിൽ ഒരു ഭാഗം മറ്റേ ഭാഗത്തേക്കാൾ കൂടുതൽ തേഞ്ഞിരിക്കുന്നത് ഗവേഷകർ ശ്രദ്ധിച്ചു. ഇന്നത്തെ ഒക്ടോപ്പസുകൾക്ക് തങ്ങളുടെ ശരീരത്തിന്റെ ഏതെങ്കിലും ഒരു വശമോ കൈയോ മറ്റുള്ളവയേക്കാൾ കൂടുതൽ ഉപയോഗിക്കുന്ന സ്വഭാവമുണ്ട്. മനുഷ്യരിലെ 'ഹാൻഡ്‌നെസ്സിന്' (Handedness) സമാനമായ (Analogue) ഒന്നാണിത്. ഇത് അവയുടെ ബുദ്ധിയുടെ സൂചനയാണെന്ന് ഗവേഷകർ നിഗമിക്കുന്നു.ഒരു കേന്ദ്രീകൃത തലച്ചോറിന് പുറമെ, ഓരോ കൈയ്ക്കും ഓരോ ഗാംഗ്ലിയൻ (Ganglion) വീതമുള്ള ഒക്ടോപ്പസുകൾക്ക് ശരീരമാകെ വ്യാപിച്ച ഒരു വികേന്ദ്രീകൃത ബോധമാണുള്ളത് (Decentralized consciousness). ഒരുപക്ഷേ ഇത്ര ഭീമനായ ഈ ക്രിറ്റേഷ്യസ് ഒക്ടോപ്പസിനും ആ ബുദ്ധിശക്തി ഉണ്ടായിരുന്നിരിക്കണം ഒരുപക്ഷേ അതിലും കൂടുതൽ.
നമ്മൾ ഈ പറയുന്ന കാര്യങ്ങളൊക്കെ ഉറപ്പാണോ എന്ന് ചോദിച്ചാൽ, ഇല്ല. ഇതിൽ വലിയൊരു ശാസ്ത്രീയ ജാഗ്രത ആവശ്യമാണ്. ഇതേ ഗവേഷകർ തന്നെ പറയുന്നു ഫോസിൽ ഉള്ളടക്കം ഇല്ലാത്തതിനാൽ ഇവർ കൃത്യമായി എന്ത് ഭക്ഷിച്ചിരുന്നു, ഇവർ ശരിക്കും ഈ വലിയ ജീവികളുമായി മൽസരിച്ചിരുന്നോ, ഇതൊക്കെ ഇനിയും ഉറപ്പിക്കേണ്ടിയിരിക്കുന്നു. ഒരു ഫോസിൽ ഗ്യാപ്പ് ഉണ്ട് മൃദുശരീരമുള്ള ജീവികൾ ഫോസിലുകൾ ഉണ്ടാക്കാറില്ല. "ഫോസിൽ റെക്കോർഡ് വളരെ അപൂർണ്ണമാണ്" എന്ന് ഗവേഷകർ ഒരേ വാക്കിൽ സമ്മതിക്കുന്നു. ഭൂമിക്ക് നൽകാൻ ഉള്ള ചരിത്രത്തിന്റെ ഒരു ചെറിയ ശതമാനം മാത്രം ഫോസിലുകളായി കിട്ടുന്നു. ഒരുപക്ഷേ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ ഇനിയും ഉണ്ടാകാം.
ഏകദേശം 66 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് നടന്ന ആ വലിയ വംശനാശത്തിന്റെ (K-Pg extinction) കഥയിലേക്ക് വരാം. ഡൈനോസറുകളെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കിയ അതേ ഉൽക്കാപതനം സമുദ്രങ്ങളുടെ ആവാസവ്യവസ്ഥയെയും ഒന്നടങ്കം തകിടം മറിച്ചു. ആ വിനാശകരമായ കാലഘട്ടത്തിന് ശേഷമുള്ള ഫോസിൽ രേഖകളിൽ ഈ ഭീമൻ ഒക്ടോപ്പസുകളുടെ അടയാളം എവിടെയും കാണാനില്ല. ഇന്ന് ആഴക്കടലിന്റെ നിശബ്ദതയിൽ ജീവിക്കുന്ന 'ഡംബോ ഒക്ടോപ്പസ്' (Dumbo Octopus) ആണ് ഈ ഭീമൻ പൂർവ്വികരുടെ ഏറ്റവും അടുത്ത ബന്ധു. ഒരു വലിയ ഭൂതകാലത്തിന്റെ ചെറിയൊരു ഓർമ്മപ്പെടുത്തലായി അവർ ഇന്നും അവശേഷിക്കുന്നു.
നമ്മൾ ഈ ഒരു പഠനത്തിൽ നിന്ന് പഠിക്കുന്ന ഏറ്റവും വലിയ പാഠം "ശാസ്ത്രീയ വിനയം" (Scientific Humility) ആണ്. ഒരുകാലത്ത് ആരും ചിന്തിക്കാതിരുന്ന ഒരു ആശയം ഇന്ന് Science-ൽ ഒരു ഗവേഷണ പ്രബന്ധമായി മാറി . ഇന്ന് നമ്മൾ ഉപയോഗിക്കുന്ന AI ഉം ഡിജിറ്റൽ ഫോസിൽ മൈനിംഗ് ഉം ഈ ജ്ഞാനം നമ്മിലേക്ക് എത്തിക്കുന്നു. വെറുമൊരു ഫോസിൽ കൊക്ക് ഒരു ലോകത്തെ തന്നെ മാറ്റിമറിക്കുമ്പോൾ, ഭൂമിക്കടിയിൽ ഇനിയും കണ്ടെത്താത്ത എത്രയോ രഹസ്യങ്ങൾ ഉണ്ടാകും!
ഹൊക്കൈഡോ ദ്വീപിൽ നിന്ന് കണ്ടെത്തിയ ആ ഫോസിൽ കൊക്ക് വെറുമൊരു കല്ലല്ല, മറിച്ച് 72 മുതൽ 100 ദശലക്ഷം വർഷം മുൻപുള്ള ഒരു ലോകത്തിലേക്കുള്ള ജാലകമാണ്. അത് നമ്മളോട് പറയുന്നത് ഒന്നുമാത്രം ഭൂമിയിലെ ജീവന്റെ ചരിത്രം നമ്മൾ വിചാരിച്ചതിലും എത്രയോ മടങ്ങ് സങ്കീർണ്ണവും അതിശയിപ്പിക്കുന്നതുമാണ്. നമ്മൾ ഈ കഥ ഇവിടെ അവസാനിപ്പിക്കുമ്പോൾ ഒരു കാര്യം ഓർക്കുക: നമ്മൾ ഇന്നും നിൽക്കുന്നത് ഒരു വലിയ സമുദ്രത്തിന്റെ തീരത്താണ്, നമുക്ക് അറിയാവുന്നത് ആ സമുദ്രത്തിലെ ഒരു തുള്ളി വെള്ളത്തെക്കുറിച്ചു മാത്രമാണ്. ബാക്കിയുള്ള ആഴങ്ങളിൽ ഇനിയും എത്രയോ ഭീമന്മാർ നമ്മൾ കണ്ടെത്താനായി കാത്തുനിൽക്കുന്നുണ്ടാകാം.
അവസാനം നമ്മൾ തിരിച്ചറിയുന്ന ആ വലിയ സത്യം ഇതാണ്- ഈ ജീവികളെ നമ്മൾ "കണ്ടെത്തിയ"തല്ല, ലഭ്യമായ ചെറിയ അറിവുകൾ വെച്ച് അവയെ നമ്മുടെ മനസ്സിൽ പുനർനിർമ്മിച്ചതാണ്. പരിണാമം എന്ന മഹാശില്പി എത്ര ക്രിയാത്മകമായാണ് പ്രവർത്തിക്കുന്നത് എന്നതിന്റെ തെളിവാണ് ഈ നട്ടെല്ലില്ലാത്ത രാക്ഷസന്മാർ. മനുഷ്യൻ ഉണ്ടാകുന്നതിന് എത്രയോ മുൻപ്, ഈ ഭൂമി ഭരിച്ചിരുന്ന, വേട്ടയാടിയിരുന്ന ഈ അദൃശ്യ രാജാക്കന്മാർ ഇന്നും നമ്മുടെ ഭാവനകളിൽ ഒരു വലിയ വിസ്മയമായി അവശേഷിക്കുന്നു. ഭൂമിയുടെ ചരിത്രം ഒരു അവസാനിക്കാത്ത പുസ്തകമാണ്, ഇതിലെ ഒരു അധ്യായം മാത്രമാണ് ഈ ഭീമൻ ഒക്ടോപ്പസുകൾ. ഇനിയും എത്രയോ അധ്യായങ്ങൾ നമുക്ക് വായിച്ചു തീർക്കാനുണ്ട്.
More in Paleontology
YouTube Videos
Your support helps us create quality content
Comments (0)
Login to leave a comment
Join the conversation and share your thoughts. Your opinions are valuable to us.